ആദ്യസിനിമയിലെ പ്രകടനത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ കരിയര്‍ ആരംഭിച്ച രജിഷ മലയാളത്തിന് പുറമെ അന്യഭാഷയിലും മികച്ച സിനിമകളുടെ ഭാഗമാകുന്നുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മസ്തിഷ്‌ക മരണത്തിലെ ആദ്യഗാനം കഴിഞ്ഞദിവസം പുറത്തിറക്കി.
‘കോമള താമര’ എന്ന് പേരിട്ടിരിക്കുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതുവരെ കാണാത്ത തരത്തിലാണ് രജിഷ ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഐറ്റം ഡാന്‍സായി ഒരുക്കിയ ഗാനത്തില്‍ രജിഷ അഭിനയിച്ചതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കുറച്ചുകാലം മുമ്പ് രജിഷ നല്‍കിയ അഭിമുഖത്തില്‍ ഐറ്റം ഡാന്‍സിനെക്കുറിച്ച് പറഞ്ഞ ഭാഗമാണ് ചര്‍ച്ചയായത്. ഒരിക്കലും താന്‍ ഐറ്റം ഡാന്‍സ് ചെയ്യില്ലെന്നാണ് ആ അഭിമുഖത്തില്‍ രജിഷ പറഞ്ഞത്.
രജിഷ വിജയന്‍ Photo: Screen grab/ Mirchi FM
‘ഐറ്റം ഡാന്‍സ് കളിക്കാന്‍ അന്നും ഇന്നും എനിക്ക് ഇഷ്ടമല്ല. ഐറ്റം ഡാന്‍സില്‍ വരുന്ന പാട്ട്, അതിലെ ലിറിക്‌സ്, കോസ്റ്റിയൂം, അതില്‍ കാണിക്കുന്ന മൂവ്‌സ്, വെച്ചിരിക്കുന്ന ക്യാമറ ആംഗിള്‍, സൂം, ഔട്ട്, വയര്‍ കാണിക്കുന്നത് അതിനോടൊന്നും താത്പര്യമില്ല. ഹ്യൂമന്‍ ബോഡിയെ ഒബ്ജക്ടിഫൈ ചെയ്യുന്ന എന്ത് കാര്യമായാലും അത് ചെയ്യാന്‍ എനിക്ക് താത്പര്യമില്ല. എന്റെ ബോഡി ടൈപ്പിന് ചേരുന്ന, എനിക്ക് ചെയ്യാന്‍ പറ്റുന്ന റോളുകള്‍ മാത്രമേ ചെയ്യുള്ളൂ’ രജിഷ പറഞ്ഞു.
താരത്തിന്റെ ഈ വാക്കുകളും ഗാനത്തിലെ രംഗങ്ങളും ചേര്‍ത്തുള്ള ക്ലിപ്പ് വൈറലായിരിക്കുകയാണ്. എല്‍ദോസ് റെജി എന്ന ഇന്‍സ്റ്റഗ്രാം പേജാണ് ഈ വീഡിയോ പങ്കുവെച്ചത്. 2022ല്‍ മിര്‍ച്ചി എഫ്.എമ്മിനോട് സംസാരിക്കവെയാണ് രജിഷ ഇക്കാര്യം പറഞ്ഞത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ അഭിമുഖം സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് വീഡിയോയുടെ കമന്റ് ബോക്‌സില്‍ താരത്തിനെതിരെ നടക്കുന്നത്.
കാശ് കിട്ടുമ്പോള്‍ പഴയ നിലപാടില്‍ മാറ്റം വരുത്തുന്നതില്‍ തെറ്റില്ലെന്നാണ് പലരുടെയും കമന്റ്. വളരെ മോശം രീതിയിലും രജിഷക്കെതിരെ ആളുകള്‍ കമന്റ് പങ്കുവെക്കുന്നുണ്ട്. ‘പണത്തിന് മുകളില്‍ പരുന്തും പറക്കില്ല’, ‘ഇത് ഐറ്റം ഡാന്‍സ് അല്ല നാടോടി നൃത്തമാണ്’, ‘ഫീല്‍ഡില്‍ പിടിച്ച് നിക്കണ്ടേ’ എന്നിങ്ങനെയാണ് കമന്റുകള്‍.
നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെയും കമന്റ് ബോക്‌സ് വെറുതേ വിടുന്നില്ല. ടോക്‌സിക്കിന്റെ ടീസറില്‍ കാണിച്ച ബോള്‍ഡ് രംഗവും കസബ സമയത്തെ വിവാദവും ഈ കമന്റ് ബോക്‌സിലും പലരും സൂചിപ്പിക്കുന്നുണ്ട്. ഡബ്ല്യൂ.സി.സി മെമ്പറാണെന്ന് തോന്നുന്നെന്നും അതുകൊണ്ടാണ് നിലപാട് നൈസായി മാറ്റിയതെന്നും പരിഹാസമുണ്ട്.
എന്നാല്‍ രജിഷയെ പിന്തുണച്ചും ചില പോസ്റ്റുകളുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ കൃഷന്ദ് ആണെന്നും അയാളുടെ സിനിമയിലെ ശൈലി വ്യത്യസ്തമാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. മസ്തിഷ്‌കമരണത്തിന്റെ പ്ലോട്ട് മുന്‍ സിനിമകളെപ്പോലെ വ്യത്യസ്തമാകുമെന്നും ചിത്രം പുറത്തിറങ്ങാതെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും അഭിപ്രായങ്ങളുണ്ട്.