വയസിനെ തോൽപ്പിക്കുന്ന സ്റ്റൈലും സ്വാഗും ഇന്നും കൈവിടാതെ, ആരാധകരെ ആവേശത്തിലാഴ്ത്തി തലൈവർ രജനികാന്ത് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. പൊങ്കൽ ദിനത്തിൽ തന്റെ വസതിക്കുമുന്നിൽ എത്തിയ ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെ, ഗേറ്റിൽ കയറി കൈവീശുന്ന രജനികാന്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ഓളമാണുണ്ടാക്കിയത്. ‘ഏജ് ഈസ് ജസ്റ്റ് എ നമ്പർ’ എന്ന വാചകം വീണ്ടും ശരിവെക്കുന്ന തരത്തിലായിരുന്നു തലൈവരുടെ ഈ മാസ് മൊമന്റ്.
ആരാധകരെ അഭിവാദ്യം ചെയ്യാൻ പല വഴികളുണ്ടെങ്കിലും, ഗേറ്റിൽ കയറി നിന്ന് സ്വന്തം സ്റ്റൈലിൽ ആരാധകരെ കൈവീശി അഭിനന്ദിക്കുന്ന രജനികാന്തിന്റെ ഈ കാഴ്ച, തലൈവർക്ക് എന്തും സാധ്യം എന്ന വിശ്വാസം വീണ്ടും ഉറപ്പിക്കുന്നതായിരുന്നു.
‘ലവ് യു തലൈവാ, സ്റ്റൈൽ കിംഗ്, വയസിനും മീതെ മാസ്, വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്ന വിട്ട് പോകലെ’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഗേറ്റിനു മുകളിലായി നിന്നുകൊണ്ട് കൈവീശുകയും നന്ദി അറിയിക്കുകയും ചെയ്ത നിമിഷങ്ങൾ, തലൈവർ ആരാധകർക്ക് കൂടുതൽ ആവേശം പകരുന്നതായിരുന്നു.
രജനികാന്ത്, Photo: IMDb
പൊങ്കൽ ആശംസകൾ അറിയിച്ച രജനികാന്ത്, തന്റെ അടുത്ത സിനിമയെക്കുറിച്ചും ആരാധകരോട് പങ്കുവെച്ചു. ഏപ്രിലിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും, അത് ഒരു പൂർണ്ണ എന്റർടെയ്ൻമെന്റ് സിനിമയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘എല്ലാവരും സന്തോഷത്തോടെ ജീവിക്കണം’ എന്ന സന്ദേശവും തലൈവർ ആരാധകർക്കായി നൽകി.
അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമാ ലോകത്ത് തന്റേതായ സിംഹാസനം ഉറപ്പിച്ച രജനി 1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഒരിക്കലും അദ്ദേഹത്തിന് പിന്നോട്ട് നോക്കേണ്ടിവന്നിട്ടില്ല. ദളപതി, അണ്ണാമലൈ, ബാഷ, പടയപ്പാ, എന്തിരൻ, ജയിലർ തുടങ്ങി അനവധി ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴ് സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തന്നെ മാറ്റിയെഴുതിയ താരമാണ് രജനികാന്ത്. ഇന്നും, പതിറ്റാണ്ടുകൾക്കിപ്പുറം പോലും, അദ്ദേഹത്തിന്റെ സ്റ്റൈലിനും സ്വാഗിനും പകരം വെക്കാൻ മറ്റൊരാൾ ഇല്ലെന്നത് വീണ്ടും തെളിയിക്കുകയാണ് ഈ വൈറൽ വീഡിയോ.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.