‘സുരറൈ പോട്രി’നു ശേഷം സുധ കൊങ്കര സംവിധാനം ചെയ്ത് ജനുവരി 10ന് പൊങ്കൽ റിലീസായി എത്തിയ ‘പരാശക്തി’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്.
ശിവകാർത്തികേയൻ നായകനായെത്തുന്ന ചിത്രത്തിൽ രവി മോഹൻ പ്രതിനായക വേഷത്തിലെത്തി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
1960കളിൽ മദ്രാസ് സ്റ്റേറ്റിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നടന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ, രാജേന്ദ്രൻ എന്ന വിദ്യാർത്ഥി നേതാവിന്റെ കഥയാണ് ‘പരാശക്തി’ പറയുന്നത്.
ചിത്രത്തിന്റെ റിലീസിന് പിന്നാലെ തമിഴ് സിനിമയിലെ മഹാനടന്മാരായ രജനീകാന്തും കമൽഹാസനും സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ ശിവകാർത്തികേയനാണ് ഈ അനുഭവം പങ്കുവെച്ചത്.
‘റിലീസ് ദിനത്തിൽ തന്നെ പത്മശ്രീ ഉലകനായകൻ കമൽഹാസൻ സാർ സിനിമ കണ്ടു. ‘പരാശക്തി’ ടീമിലെ എല്ലാവരോടും പറയാൻ പറഞ്ഞു ഇത് ഒരു നല്ല സിനിമയാണ്, മികച്ച രീതിയിൽ തന്നെ ചെയ്തിട്ടുണ്ടെന്ന്. കമൽ സാറിൽ നിന്ന് ഇത്തരം വാക്കുകൾ ലഭിക്കുക അത്ര എളുപ്പമല്ല. അദ്ദേഹം ഏകദേശം അഞ്ച് മിനിറ്റോളം സിനിമയെക്കുറിച്ച് എന്നോട് സംസാരിച്ചു. ‘അമരൻ’ സിനിമയ്ക്ക് പോലും ഇത്ര സമയം എടുത്ത് അദ്ദേഹം സംസാരിച്ചിട്ടില്ല, രണ്ടോ മൂന്നോ മിനിറ്റ് മാത്രമാണ് സംസാരിച്ചത്. എന്നാൽ ‘പരാശക്തി’യെ കുറിച്ച് അദ്ദേഹം വളരെ വിശദമായി സംസാരിച്ചു,’ ശിവകാർത്തികേയൻ പറഞ്ഞു.
കൂടാതെ, റിലീസ് ദിനത്തിന്റെ രാവിലെ തന്നെ സൂപ്പർസ്റ്റാർ രജനീകാന്ത് ഫോൺ വിളിച്ചെന്നും അദ്ദേഹം പറഞ്ഞു.
”പരാശക്തി’ വളരെ ബോൾഡായ മൂവിയാണ്. സെക്കൻഡ് ഹാഫ് വളരെ നന്നായിട്ടുണ്ട്. നിങ്ങളുടെ പെർഫോമൻസ് ഏറെ മികച്ചതാണ്,’ എന്നാണ് അദ്ദേഹം പറഞ്ഞത്,’ ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.
ഇതുപോലെ ഇൻഡസ്ട്രിയിലെ പലരിൽ നിന്നും അഭിനന്ദന ഫോൺകോളുകൾ ലഭിക്കുന്നുണ്ടെന്നും, എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ശിവകാർത്തികേയനെ കൂടാതെ, ചിത്രത്തിൽ ശ്രീലീല, അഥർവ്വ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. തെലുങ്ക് ചിത്രങ്ങളിൽ ഐറ്റം ഡാൻസുകളും ഗ്ലാമറസ് വേഷങ്ങളും ചെയ്തിട്ടുള്ള ശ്രീലീലക്ക്, അഭിനയ പ്രാധാന്യമുള്ള വ്യത്യസ്തമായൊരു കഥാപാത്രമാണ് ‘പരാശക്തി’യിൽ ലഭിച്ചത്.
Content Highlight: Rajinikanth and Kamal Haasan talked about the movie Parashakti
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.