| Tuesday, 10th December 2024, 3:44 pm

പാര്‍ട്ടി രാഷ്ട്രീയം സിനിമയിലൂടെ പറഞ്ഞാല്‍ പഴയ കയ്യടി കിട്ടില്ല; എനിക്കും പഴയ ആവേശമില്ല, പലതിനും അര്‍ത്ഥമില്ലായ്മ തോന്നുന്നു: രണ്‍ജി പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് രണ്‍ജി പണിക്കര്‍. ഒട്ടനവധി മാസ് നായകന്മാരെയും അവരുടെ തീപ്പൊരി ഡയലോഗുകളും മലയാളികള്‍ക്ക് സമ്മാനിച്ചയാള്‍ കൂടിയാണ് രണ്‍ജി പണിക്കര്‍. കിംഗ്, കമ്മീഷണര്‍, പത്രം, ലേലം, പ്രജ തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും പലര്‍ക്കും പ്രിയപ്പെട്ടവയാണ്. രണ്‍ജി പണിക്കര്‍ സിനിമകള്‍ കൂടുതലും രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

പാര്‍ട്ടി പൊളിറ്റിക്‌സ് എല്ലാം ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ കാണാനുള്ള പ്രേക്ഷകരുടെ മനോനില മാറിയിട്ടുണ്ടെന്ന് രണ്‍ജി പണിക്കര്‍ പറയുന്നു. രാഷ്ട്രീയത്തിലുള്ള നിലവാരത്തകര്‍ച്ചയാകാം ഇതിന് കാരണമെന്നും രാഷ്ട്രീയത്തില്‍ നടക്കുന്നതൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നുമാണ് അവര്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഴുത്തുകാരന്‍ എന്ന നിലയില്‍ തനിക്കും മാറ്റം വന്നിട്ടുണ്ടെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. തന്റെ നാല്പത് വയസിനുള്ളില്‍ എഴുതിയതാണ് പല സിനിമയെന്നും ഇന്ന് പഴയ ആവേശം ഇല്ലെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍.

‘പാര്‍ട്ടി പൊളിറ്റിക്സ് ചര്‍ച്ച ചെയ്യുന്നൊരു സിനിമക്ക് ഇപ്പോള്‍ പ്രേക്ഷകരുടെ മനോനില പാടേ മാറിപ്പോയിട്ടുണ്ട്. രാഷ്ട്രീയത്തിലുണ്ടായ നിലവാരത്തകര്‍ച്ചയാവാം അതിന് കാരണം. സീറ്റ് കിട്ടാതെ വരുമ്പോള്‍ നേതാക്കള്‍ പാര്‍ട്ടി മാറുന്നതും എതിര്‍ ചേരിയില്‍ ചേര്‍ന്ന് മത്സരിക്കുന്നതുമൊക്കെ നമ്മള്‍ കാണുന്നില്ലേ.

എന്നാല്‍, നാട്ടിലെ കേഡര്‍ പാര്‍ട്ടികള്‍ പോലും അതിനെയൊക്കെ ചര്‍ച്ച പോലുമില്ലാതെ അംഗീകരിക്കുകയാണ്. അതായത്, ജനങ്ങളെ സംബന്ധിച്ച് ഇതൊന്നും ഗൗനിക്കേണ്ട വിഷയമല്ലാതെയായി. അതുകൊണ്ടുതന്നെ അത്തരം വിഷയങ്ങള്‍ സിനിമയിലൂടെ പറഞ്ഞാല്‍, പഴയ കയ്യടി കിട്ടുമെന്ന് തോന്നുന്നില്ല.

പിന്നെ എഴുത്തുകാരന്റെ മനോനിലയിലും മാറ്റം വന്നിട്ടുണ്ട്. കാല്‍നൂറ്റാണ്ട് മുന്‍പ് ഇറങ്ങിയ സിനിമകളെപ്പറ്റിയാണ് നമ്മള്‍ സംസാരിക്കുന്നത്. എന്റെ 40 വയസിനുള്ളിലാണ് അവയില്‍ കൂടുതലും എഴുതിയത്. ഇന്ന് പഴയ ആവേശമില്ല. മനസിന് കുറച്ചുകൂടി ഇരുത്തം വന്നിരിക്കുന്നു. പലതിനും ഒരു അര്‍ഥമില്ലായ്മയും തോന്നിത്തുടങ്ങിയിട്ടുണ്ട്,’ രണ്‍ജി പണിക്കര്‍ പറയുന്നു.

Content Highlight: Raji Panicker Talks About Political Films In Malayalam

We use cookies to give you the best possible experience. Learn more