ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് രാജേഷ് മാധവന്‍. പിന്നീട് ദിലീഷ് പോത്തന്റെ തന്നെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് തുടങ്ങി നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ തിളങ്ങി.
നടന്‍ ആദ്യമായി സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും ഇപ്പോഴിതാ തിയേറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടിയിലും കയ്യടികള്‍ നേടുകയാണ്. ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി രാജേഷ് സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര രാജ്യാന്തര ചലച്ചിത്ര മേളകളില്‍ തിളങ്ങിയിരുന്നു. നൂറോളം പുതുമുഖങ്ങള്‍ക്ക് പുറമെ ഇരുനൂറോളം മൃഗങ്ങളും അണിനിരക്കുന്നുണ്ടെന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇപ്പോഴിതാ മാധ്യമം വാരാന്ത്യ പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോഴത്തെ മലയാള സിനിമയെ എങ്ങനെയാണ് നോക്കി കാണുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് രാജേഷ് മാധവന്‍.
‘മലയാള സിനിമ ഏത് വീട്ടിലേക്കാണ് തിരിച്ചുപോകുന്നത് എന്നത് പ്രധാനമാണ്. അത് പുരോഗമനപരമായിട്ടല്ല. വീട്ടിലേക്ക് തിരിച്ചുപോകുന്ന പഴയ തലമുറകളുടെ ഭാരം നമുക്ക് ഇപ്പോഴും ഉണ്ട്. നമ്മള്‍ അതില്‍ നിന്ന് രക്ഷപ്പെട്ടിട്ടൊന്നുമില്ല. പുതിയ തലമുറയിലെ സിനിമാക്കാര്‍ അതിനെ പൊളിച്ചുകൊണ്ടിരിക്കുന്നുണ്ട്, അതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.
അതേസമയം, വീട്ടില്‍ നിന്ന് പുരോഗമനത്തിലേക്ക് പുറത്തിറങ്ങിയ മലയാള സിനിമയെ വീണ്ടും വീട്ടിലേക്ക് തിരിച്ചു പിടിക്കാനുള്ള ശ്രമവും നടക്കുന്നു. ഈ പഴയ കംഫര്‍ട്ട് സോണ്‍ ഒട്ടും നല്ലതല്ല. അതിലേക്കുള്ള പോക്കും നല്ലതല്ല. മലയാള സിനിമ പുതിയ കണ്‍സ്ട്രക്ഷനുകള്‍ നിര്‍മിക്കുമ്പോള്‍ അതിനോട് എതിര്‍പ്പുണ്ടായിരുന്ന കുറെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു.
ന്യൂ ജനറേഷന്‍ എന്താണ്? അതില്‍ പഞ്ചായത്ത് പ്രസിഡന്റും വെളിച്ചപ്പാടും ഇല്ല എന്നൊക്കെ പറഞ്ഞാണ് അവരുടെ ചര്‍ച്ചകള്‍. പാലക്കാട്ടെ തറവാട്ടിലേക്ക് കൊണ്ടുപോവുക എന്നത് പഴയ യജമാനന്മാരുടെ ഒരു സ്വപ്നമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്,’ രാജേഷ് മാധവന്റെ വാക്കുകള്‍.
ഇന്ന് സിനിമകളില്‍ ലോക്കല്‍ ഏരിയകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുകയും പുതിയ ഭാഷകള്‍ കടന്ന് വരികയും ചെയ്യുന്നുണ്ടെന്നും ചില സിനിമകളില്‍ ഇത്തരം ഭാഷകള്‍ ഉപയോഗിക്കാന്‍ പറ്റുന്നത് ആ സിനിമയുടെ ഗ്രാമറിനോട് ചേര്‍ന്ന് നില്‍ക്കാന്‍ സാഹായിക്കുന്നുണ്ടെന്നും രാജേഷ് പറഞ്ഞു. ഇന്ന് കാസര്‍ഗോഡുള്ള പല ഭാഷകളും നഷ്ടപ്പെടുകയും നശിച്ച് പോകുകയും ചെയ്യുന്നുണ്ടെന്നും നമ്മുടെ നാട്ടിലെ ലോക്കല്‍ ഭാഷകള്‍ സിനിമയില്‍ ഉപയോഗിക്കുന്നതിലൂടെ അതിനെ നിലനിര്‍ത്താന്‍ പറ്റുമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
രാജേഷ് മാധവന്‍ സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും നിര്‍മിച്ചത് സന്തോഷ് ടി.കുരുവിളയാണ്. ചമന്‍ ചാക്കോയാണ് സിനിമയുടെ എഡിറ്റിങ്ങ് കൈകാര്യം ചെയ്തത്.
Content Highlight: Rajesh Madhavan talks about today’s Malalayalam movies