ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചയാളാണ് രാജേഷ് മാധവൻ.
ദിലീഷിന്റെ തന്നെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച താരം തിങ്കളാഴ്ച്ച നിശ്ചയം, ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ, ന്നാ താാൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വ്യത്യസ്‌തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരം ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ ശിവനായി വേഷമിട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. മൂവി വേൾഡ് മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജോലിയെല്ലാം വിട്ടിട്ട് സിനിമ സെറ്റ് ആകും എന്ന് വിചാരിച്ച് കൊച്ചിയിൽ ഇങ്ങനെ നടക്കുകയായിരുന്നു. ഇടയ്ക്ക് ആരോടെങ്കിലും കഥയൊക്കെ പറയും. ആ സമയത്ത് കഥ പറയാൻ പോയതാണ് ദിലീഷ് പോത്തന്റെ എടുത്ത്.
ഞങ്ങൾ അന്ന് ചെയ്യാൻ വിചാരിച്ച ഒരു സിനിമയുണ്ടായിരുന്നു അത് ഇത് വരെ നടന്നില്ല. 10 വർഷമായിട്ടും അതിതുവരെ നടന്നിട്ടില്ല. ആ സിനിമയുടെ കഥപറയാൻ പോയപ്പോൾ ആണ് പുള്ളി എന്നെ അഭിനയിപ്പിക്കാം എന്ന് പറഞ്ഞത്.
എന്തായാലും കഷ്ടപ്പെട്ട് ഇവടെ നിൽക്കുകയല്ലേ എന്തെങ്കിലും ഒരു വരുമാനത്തിനുള്ള മാർഗം ഉണ്ടാക്കി കൊടുക്കാം എന്ന് കരുതിയിട്ടായിരിക്കാം അഭിനയിപ്പിച്ചത്.
പിന്നെ നീ നന്നായി അഭിനയിക്കുന്നുണ്ട് ഇതൊന്നും വിടേണ്ട എന്ന് പറഞ്ഞിട്ടാണ് എന്നെ ലൊക്കേഷനിൽ നിന്നും വിടുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രത്തെ എല്ലാരും കണ്ടിട്ടുണ്ട്. പിന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പനും മിന്നൽ മുരളിയും വന്നപ്പോൾ ആണ് ഇയാളെ ഒരു വേഷത്തിനൊക്കെ വിളിക്കാം എന്ന് ആളുകൾക്ക് തോന്നിയിട്ടുണ്ടാകുക.
ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ ആ ശിവന്റെ വേഷം ഓർക്കുമ്പോൾ ഇപ്പോഴും അതിന്റെ ചൊറിച്ചിൽ മാറിയിട്ടില്ല. ആ നീല കളർ അടിച്ചതും രുദ്രാക്ഷം എന്ന് പറഞ്ഞ് എന്തൊക്കെയോ ആണ് കഴുത്തിലിട്ടത്. പക്ഷെ ഭയങ്കര രസമായിരുന്നു. എനിക്കിഷ്ടമായി അങ്ങനെ വേഷം കെട്ടി നടക്കാൻ. ഒരു തോർത്ത് മുണ്ട് ഉടുത്ത് നിൽക്കും അവർ നാല് ഭാഗത്ത് നിന്നും വന്ന് എന്റെ മേൽ പെയിന്റ് അടിക്കും,’ രാജേഷ് മാധവൻ പറഞ്ഞു.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ സൗബിൻ ഷാഹിർ, സൈജു കുറുപ്പ്, പാർവ്വതി. ടി എന്നിവരും മറ്റ് പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highlight: Rajesh Madhavan talks about the movie Android Kunjappan and his character in the movie.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.