| Tuesday, 10th February 2026, 9:27 pm

ഫിലിം ഫെസ്റ്റിഫലില്‍ നല്ല പ്രതികരണം കിട്ടി, പോത്തനെയും മറ്റ് ഗുരുക്കന്മാരെയും കാണിച്ചിട്ടില്ല; പെണ്ണും പൊറാട്ടിനെയും കുറിച്ച് രാജേഷ് മാധവന്‍

അശ്വിന്‍ രാജേന്ദ്രന്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് രാജേഷ് മാധവന്‍. ദിലീഷിന്റ തന്നെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച താരം തിങ്കളാഴ്ച്ച നിശ്ചയം, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍,ന്നാ താാന്‍ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പെണ്ണും പൊറാട്ടും പോസ്റ്റര്‍. Photo: Letterboxd

രാജേഷ് മാധവന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തുന്ന പെണ്ണും പൊറാട്ടും എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നൂറോളം പുതുമുഖങ്ങളും നാനൂറിലധികം മൃഗങ്ങളും ചിത്രത്തില്‍ പങ്കാളികളാകുന്നുവെന്ന പ്രത്യേകതയും രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനുണ്ട്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിലും മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം റിലീസിന് മുമ്പ് തന്നെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തത് വാര്‍ത്തയായിരുന്നു.

ഫെബ്രുവരി 13 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഗുരുക്കന്മാരായ ദിലീഷ് പോത്തനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

‘ഗോവയില്‍ പ്രദര്‍ശനത്തിന് പോയപ്പോള്‍ മലയാളം ചിത്രമായതിനാല്‍ പലര്‍ക്കും കണക്ടാവില്ലെന്നാണ് കരുതിയത്. പക്ഷേ ഒരുപാട് പേരുണ്ടായിരുന്നു കാണാന്‍, ടിക്കറ്റ് കിട്ടാത്ത അവസ്ഥയെല്ലാം വന്നു. ചിത്രം കണ്ടവരില്‍ ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, മറ്റ് വിദേശ ഭാഷക്കാര്‍ തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. അവരെല്ലാവരും ചിത്രത്തെക്കുറിച്ച് വാ തോരാതെ സംസാരിച്ചത് കേട്ടപ്പോള്‍ ചിത്രം ഭാഷാവ്യത്യാസമില്ലാതെ കണക്ടാവുന്നുണ്ടെന്ന് മനസ്സിലായി.

പല ലെയറുകളിലായിട്ടാണ് ഓരോരുത്തരും ചിത്രം കണ്ടത്. ചിലര്‍ മൃഗസ്‌നേഹത്തിന്റെ കാര്യമാണ് പറഞ്ഞത്. നമ്മളുദ്ദേശിച്ച പോലെ ആളുകള്‍ ചിത്രം റീഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ സന്തോഷമായി. ഐ.എഫ്.എഫ്.കെയില്‍ ആ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. നമ്മുടെ ഹോംഗ്രൗണ്ട് ആണ്. ഒന്നാമത്തെ ഷോ കഴിയുമ്പോള്‍ തന്നെ അറിയാം അവര്‍ തെറി വിളിക്കുമോ ഇല്ലേ എന്നെല്ലാം. പക്ഷേ അവിടെ നിന്നും നല്ല സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്,’ രാജേഷ് പറയുന്നു.

തന്റെ ഗുരുക്കന്മാരായ ദിലീഷ് പോത്തന്‍, ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരെയൊന്നും ചിത്രം കാണിച്ചിട്ടില്ലെന്നും അവരെല്ലാം തിയേറ്ററില്‍ ചെന്ന് കാണണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഇവരോടെല്ലാം ബഹുമാനമുള്ളതുകൊണ്ടാണ് പെട്ടെന്ന് ഓടിപോയി കാണിക്കാന്‍ സാധിക്കാത്തതെന്നും എപ്പോള്‍ വിളിച്ചാലും കാണാന്‍ വരാമെന്ന് പോത്തന്‍ പറഞ്ഞിട്ടുണ്ടെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

Photo: IMDB

കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തില്‍ സുട്ടു എന്ന നായക്ക് ടൊവിനോ ശബ്ദം നല്‍കിയത് ശ്രദ്ധേയമായിരുന്നു. മോഹന്‍ ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ തുടങ്ങി സിനിമാ മേഖലയിലെ ഒട്ടനവധി അഭിനേതാക്കളാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.

Content Highlight: Rajesh Madhavan Talks about his new movie pennum porattum

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more