തെറ്റി പോയല്ലോ എന്ന് പറഞ്ഞാല്‍ ടെന്‍ഷനാകും; അവരോട് അറുത്ത് മുറിച്ച് സംസാരിക്കാന്‍ കഴിയില്ലായിരുന്നു: രാജേഷ് മാധവന്‍
Malayalam Cinema
തെറ്റി പോയല്ലോ എന്ന് പറഞ്ഞാല്‍ ടെന്‍ഷനാകും; അവരോട് അറുത്ത് മുറിച്ച് സംസാരിക്കാന്‍ കഴിയില്ലായിരുന്നു: രാജേഷ് മാധവന്‍
ഐറിന്‍ മരിയ ആന്റണി
Monday, 16th March 2026, 2:00 pm

തിയേറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടിയിലും കയ്യടികള്‍ നേടുകയാണ് നടന്‍ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും. ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി രജേഷ് സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര രാജ്യാന്തര ചലച്ചിത്ര മേളകളില്‍ തിളങ്ങിയിരുന്നു.

നൂറോളം പുതുമുഖങ്ങള്‍ക്ക് പുറമെ ഇരുനൂറോളം മൃഗങ്ങളും അണിനിരക്കുന്നുണ്ടെന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം. സിനിമ ഇന്ന് ഡിജിറ്റലായി മാറിയതോടെ എത്ര സമയം വേണമെങ്കിലും നമുക്ക് ഷൂട്ട് ചെയ്യാന്‍ സാധിക്കുമെന്ന് രാജേഷ് മാധവന്‍ പറയുന്നു.

‘ഞങ്ങള്‍ കണ്ടെത്തിയ നടീ-നടന്മാര്‍ കൃത്യമായ രൂപരേഖയില്‍ നിര്‍ത്തി അഭിനയിപ്പിക്കാന്‍ സാധിക്കുന്ന വിധമായിരുന്നില്ല. ഒരു പാറ്റേണിന്റെ ഉള്ളില്‍ നില്‍ക്കണം, ഇവിടന്ന് ഇവിടത്തേക്ക് നടന്ന് ഡയലോഗ് പറയണം, ഈ രീതിയില്‍ അഭിനയിപ്പിക്കാന്‍ കഴിയുമായിരുന്നില്ല.

അവരുടെ ഇടയില്‍ അവരില്‍ ഒരാളായി നിന്ന് കഥാപാത്രത്തിന്റെ ഇമോഷനുകളെ കുറിച്ച് സംസാരിച്ച് കടലാസില്‍ എഴുതിവെച്ചതിനെ എങ്ങനെ മികവുറ്റ രീതിയില്‍ അഭിനയിപ്പിച്ചെടുക്കാം എന്ന വിദ്യയാണ് സ്വീകരിച്ചത്. അവര്‍ക്കിടയിലൂടെ നടന്ന് രഹസ്യമായും ഷൂട്ട് ചെയ്തു. ഞങ്ങളുടെ ക്രിയേറ്റിവ് ടീം അത്തരത്തില്‍ നല്ല ധാരണയുള്ള വരായിരുന്നു.

അഭിനേതാക്കള്‍ക്ക് പുറമെയുള്ള ടീമിന്റെ ഇടയില്‍ എല്ലാവരും കമ്യൂണിക്കേറ്റ് ചെയ്ത കുറച്ച് കാര്യങ്ങളുണ്ട്. എങ്ങനെയായിരിക്കും കാമറ ഉപയോഗിക്കുക, നമുക്ക് ഈ സിനിമ എങ്ങനെ കൊണ്ടുപോകാന്‍ പറ്റും, എന്നുള്ളതായിരുന്നു അത്. ഈ കഥാപാത്രങ്ങള്‍ എങ്ങനെ പെരുമാറും എന്നതിനെക്കുറിച്ച ഒരു ധാരണയും ഉണ്ടായിരുന്നില്ല. അവര്‍ ചിലപ്പോള്‍ തോന്നിയതുപോലെ പെരുമാറും,’ രാജേഷ് മാധവന്‍ പറയുന്നു.

തങ്ങള്‍ ആദ്യം അഭിനേതാക്കളെ കണ്ടറിഞ്ഞ് ശ്രദ്ധിക്കുമായിരുന്നുവെന്നും 50-60 തവണയൊക്കെ ചില ടേക്കുകള്‍ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അവിടെ ഉണ്ടായിരുന്ന ഒരോ അഭിനേതാക്കളും രാവിലെ മുതല്‍ വൈകുന്നേരം വരെ ഏതൊരു കാര്യം ചെയ്യാന്‍ പറഞ്ഞാലും ഓക്കെ ആയിരുന്നുവെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും ഷോട്ട് ശരിയായില്ലെങ്കില്‍ ‘തെറ്റിപ്പോയല്ലോ’ എന്ന് പറഞ്ഞുകഴിഞ്ഞാല്‍ അവര്‍ അവിടെ തകര്‍ന്നുപോകുമെന്നും അവരോട് അങ്ങനെ അറുത്തുമുറിച്ചു സംസാരിക്കാന്‍ കഴിയില്ലെന്നും രാജേഷ് പറയുന്നു. കൂടുതല്‍ ശരിയാക്കാം എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ മാത്രമേ കഴിയുകയുള്ളുവെന്നും അല്ലെങ്കില്‍ അവര്‍ക്ക് നല്ല ടെന്‍ഷനാകുമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

സന്തോഷ് ടി. കുരുവിള നിര്‍മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തത് ചമന്‍ ചാക്കോയാണ്. തിയേറ്റര്‍ റിലീസിന് മുമ്പ് ചിത്രത്തിന്റേതായ വന്ന ട്രെയ്ലര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

Content Highlight: Rajesh Madhavan talks about his experiences shooting for the movie Pennum Porattum

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.