നൂറോളം പുതുമുഖങ്ങളെ അണിനിരത്തി രാജേഷ് മാധവൻ സംവിധാനം ചെയ്ത സിനിമയാണ് പെണ്ണും പൊറാട്ടും. മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട്, മരണമാസ്, ധീരൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ നടനായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച രാജേഷ്, ആക്ഷേപഹാസ്യവും ഫാന്റസിയും ചേർത്താണ് പെണ്ണും പൊറാട്ടും ഒരുക്കിയിരിക്കുന്നത്.
മൃഗങ്ങളും പക്ഷികളും സംസാരിക്കുന്ന പട്ടടയെന്ന സാങ്കൽപ്പിക ഗ്രാമം. അവിടെ അതിവിചിത്രമായിട്ടുള്ളത് മനുഷ്യൻ മാത്രം, മലയാളി ജീവിതത്തിന്റെ കപടതയെ പൊളിച്ചടുക്കുന്ന ഒരു സിനിമ, അതാണ് രാജേഷ് പെണ്ണും പൊറാട്ടിലുടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്.
ഇപ്പോളിതാ മലയാള മനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സിനിമ കണ്ടുതുടങ്ങി മിനിറ്റുകൾക്കുള്ളിൽ പ്രേക്ഷകരെ പട്ടടകരണക്കുന്നതിനെ കുറിച്ചും മറ്റു താരങ്ങൾ തനിക്ക് നൽകിയ ആത്മവിശ്വാസത്തെ കുറിച്ചും സംസാരിക്കുകയാണ് രാജേഷ്.
‘ കേൾക്കുന്നവർക്ക് വല്ലാത്തൊരു അടുപ്പം തോന്നുന്ന ശബ്ദമാണ് ടോവിനോയുടേത്. അതിനാൽ തന്നെ ടോവിനോ തന്നെ സുട്ടുവിന് ശബ്‌ദം കൊടുക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. ഫസ്റ്റ് കട്ട് ആയപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ പോയി കണ്ട് എന്റെ ആവശ്യം പറഞ്ഞു. സമയം പറഞ്ഞാൽ മതി എത്താമെന്നായിരുന്നു മറുപടി. അന്നുമുതൽ സിനിമയ്ക്ക് കിട്ടിയ വലിയ പിന്തുണകളിലൊന്ന് ടൊവിനോയുടേതായിരുന്നു.
സിനിമ ചലച്ചിത്രമേളകൾക്ക് അയക്കണം എന്ന് ആദ്യം നിർദേശിച്ചതും ടോവിനോയാണ്. എന്നോടുള്ള സ്നേഹം കൊണ്ടാണ് ബേസിൽ, ദർശന രാജേന്ദ്രൻ, ആനന്ദ് മന്മഥൻ, ദിവ്യ പ്രഭ തുടങ്ങിയവർ ഇതിൻററെ ഭാഗമായത്,’ രാജേഷ് പറഞ്ഞു.
നടനായി വന്ന സിനിമകളിലെ തമാശ പ്രതീക്ഷിച്ചവർ പെണ്ണും പൊറാട്ടിൽ പരാതി പറഞ്ഞോ എന്ന ചോദ്യത്തോടും രാജേഷ് പ്രതികരിച്ചു.
‘ എല്ലാ തമാശയ്ക്കും എല്ലാവരും ചിരിക്കുമോ? വാക്കുകൾ കൊണ്ടല്ലാതെ ആക്ഷൻ, നിശബ്ദത എന്നിവയിലൊക്കെ തമാശയുണ്ട് അതൊക്കെ നമ്മൾ ഉപയോഗിച്ചിട്ടുണ്ട്. എല്ലാം എല്ലാവർക്കും കിട്ടണമെന്നില്ല. എന്നാലും ആളുകൾ ചിരിച്ചു തന്നെയാണ് തിരികെ പോകുന്നത്.
ഞങ്ങൾ ഉദ്ദേശിച്ചതിനേക്കാൾ ചിരി തിയേറ്ററിൽ ഉണ്ടായിരുന്നു എന്നതാണ് സത്യം. ഫുൾ ടൈം ചിരിച്ചു കൊണ്ട് കാണേണ്ട സിനിമയായിട്ടല്ല പെണ്ണും പൊറാട്ടും ഒരുക്കിയിട്ടുള്ളത്. ചില ആൾക്കാരുടെ ഉള്ളിലേക്ക് നോക്കാൻ കൂടിയുള്ളതാണ്. അതിനു തമാശയുടെ മേമ്പടി ഉണ്ടാകുക എന്നതായിരുന്നു,’ രാജേഷ് മാധവൻ പറഞ്ഞു.
സബിൻ ഊരാളിക്കണ്ടിയുടെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിങ്ങും ഡോൺ വിൻസെന്റ് ഒരുക്കിയ സംഗീതവും പെണ്ണും പൊറാട്ടും സിനിമയുടെ മാറ്റ് കൂട്ടുന്ന ഒന്നായിരുന്നു. ‘മഹേഷിന്റെ പ്രതികാരം’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ പുതുമകൾ അവതരിപ്പിച്ച നിർമാതാവ് സന്തോഷ് ടി. കുരുവിളയുടെ എസ്.ടി.കെ ഫ്രെയിംസ് ആണ് ചിത്രം നിർമിച്ചത്.
Content Highlight: Rajesh Madhavan Talk about the movie Pennum Porattum
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.