അന്താരാഷ്ട്ര-രാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ട ‘പെണ്ണും പൊറാട്ടും’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയേറ്റര്‍ റിലീസിന് മുമ്പേ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്‌റ്ഫ്‌ളിക്‌സ് ഏറ്റെടുത്തത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
നൂറോളം പുതുമുഖങ്ങളെ വെച്ച് രാജേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇരുനൂറോളം മൃഗങ്ങളും അണിനിരക്കുന്നുണ്ട്. സറ്റയര്‍ ഴോണറിലൊരുങ്ങിയ ചിത്രം സന്തോഷ് ടി. കുരുവിളയാണ് നിര്‍മിച്ചത്. ഇപ്പോള്‍ മാതൃഭൂമി ദിനപത്രവുമായുള്ള അഭിമുഖത്തില്‍ സിനിമയുടെ വിജയത്തില്‍ പ്രതികരിക്കുകയാണ് രാജേഷ്.
‘മേളകളില്‍ പങ്കെടുത്ത സിനിമാപ്രേമികള്‍ക്ക് പെണ്ണും പൊറാട്ടും ഇഷ്ടപ്പെട്ടുവെന്ന് അറിയാമായിരുന്നെങ്കിലും തിയേറ്ററില്‍ സിനിമ പ്രദര്‍ശനത്തിനെത്തുമ്പോള്‍ സാധാരണ പ്രേക്ഷകരുടെ പ്രതികരണമറിയാനുള്ള ആകാംക്ഷയിലായിരുന്നു ഞാന്‍.
പുതുമുഖങ്ങളെ വെച്ച് ഒരുക്കിയ ചിത്രം, എന്റെ ആദ്യ സംവിധാന സംരംഭം അങ്ങനെ നോക്കുമ്പോള്‍ പ്രേക്ഷകര്‍ പെണ്ണും പൊറാട്ടും സ്വീകരിക്കുമോ എന്നതായിരുന്നു ആശങ്ക. ഈ സിനിമ പ്രേക്ഷകരിലേക്കെത്തിക്കുന്നതിന് പ്രത്യേക ചേരുവകളൊന്നും ചേര്‍ത്തിട്ടില്ല. അങ്ങനെയുള്ള സിനിമ ഒ.ടി.ടി.യില്‍ പ്രീ ബിസിനസ് നേടുകയെന്നത് മലയാള സിനിമയില്‍ അപൂര്‍വമാണ്,’ രാജേഷ് മാധവന്‍ പറഞ്ഞു.
സമൂഹത്തിന്റെ തെറ്റായ ചിന്താഗതികളും മൃഗങ്ങളോടുള്ള ക്രൂരതയുമൊക്കെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചുകാട്ടുന്ന സിനിമയാണ് പെണ്ണും പൊറാട്ടും എന്നും ചാരുലതയും കാമുകനായ ബാബുരാജും അവന്റെ പട്ടിയായ സുട്ടുവിന്റെയുമൊക്കെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ കൊമേഴ്ഷ്യല്‍ വിജയത്തെപ്പറ്റി ആകുലതയില്ലെന്നും എന്നാല്‍ സിനിമയുടെ നിര്‍മാതാവിന് നഷ്ടമുണ്ടാകരുതെന്ന കരുതലുണ്ടായിരുന്നുവെന്നും രാജേഷ് പറയുന്നു. നല്ലൊരു സിനിമ ചെയ്യുകയെന്നതില്‍ മാത്രമായിരുന്നു തങ്ങളുടെ ശ്രദ്ധയെന്നും കൊമേഴ്ഷ്യലായിട്ടുള്ള മീറ്ററുകളൊന്നും ഈ ചിത്രത്തില്‍ പാലിച്ചിട്ടില്ലെന്നും രാജേഷ് മാധവന്‍ കൂട്ടിച്ചേര്‍ത്തു.