ഉദ്ധം സിംഗും ഐലീന്‍ പാമറും എം.എന്‍. സത്യാര്‍ത്ഥിയുടെ ജീവിതവും
Discourse
ഉദ്ധം സിംഗും ഐലീന്‍ പാമറും എം.എന്‍. സത്യാര്‍ത്ഥിയുടെ ജീവിതവും
രാജീവ് രാമചന്ദ്രന്‍
Saturday, 23rd October 2021, 8:28 pm

ശഹീദ്- എ – അസം ഉദ്ധം സിംഗിന്റെ ജീവിതം ആദ്യമായി കേള്‍ക്കുന്നത് എം.എന്‍. സത്യാര്‍ത്ഥി മാഷില്‍ നിന്നാണ്. 1997 ഡിസംബറില്‍ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോയില്‍ എത്തിയ ശേഷം ഞാനാദ്യം ചെയ്ത അഭിമുഖങ്ങളിലൊന്ന് മാഷുടേതായിരുന്നു. ഏതാണ്ട് ഒരു ദിവസം മുഴുവന്‍ സത്യാര്‍ത്ഥി മാഷിനൊപ്പം ചെലവിട്ടു നടത്തിയതായിരുന്നു ഒന്നൊന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആ അഭിമുഖം. അത് വച്ച് മാഷുടെ ജീവിതരേഖയാകാവുന്ന ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്ന പദ്ധതി ക്യമറാമാന്‍ കെ.പി. രമേഷും ഞാനും ഏറെക്കാലം മനസ്സില്‍ കൊണ്ടു നടന്നു.

സത്യാര്‍ത്ഥി മാഷുടെ മരുമകന്‍ (അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ പേര് മറന്നു പോയി) ഇടക്കിടെ വിളിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നെങ്കിലും പലകാരണങ്ങളാല്‍ അത് നടക്കാതെ പോയി. പിന്നീട് അധികകാലം മാഷ് ജീവിച്ചിരുന്നുമില്ല. ഭഗത് സിംഗിന്റെ സഖാവ്, HSRA പ്രവര്‍ത്തകന്‍, പഞ്ചാബ് ഗവര്‍ണറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി എന്ന നിലയിലെല്ലാം നമ്മുടെ സങ്കല്‍പ പരിധിക്കുമപ്പുറത്തുള്ള മനുഷ്യനാണ് സംസാരിക്കുന്നതെന്നതിനാല്‍ കാര്യമായ ചോദ്യങ്ങളൊന്നുമില്ലാതെ എല്ലാം കേട്ടിരിക്കുകയായിരുന്നു. ലാഹോറില്‍ തങ്ങള്‍ക്ക് സാധിക്കാതെ പോയതാണ് ലണ്ടനില്‍ ഉദ്ധം സിംഗ് ചെയ്തതെന്ന് അത്യാവേശപൂര്‍വമാണ് സത്യാര്‍ത്ഥി മാഷ് പറഞ്ഞിരുന്നത്.

അലമാരയില്‍ നിന്ന് ഒരു കട്ടിപ്പുസ്തകമെടുത്ത് അതില്‍ പെന്‍സില്‍ കൊണ്ട് വരച്ച് കാക്സ്റ്റന്‍ ഹാളിലേക്ക് ഉദ്ധം സിംഗ് റിവോള്‍വര്‍ ഒളിപ്പിച്ചു കടത്തിയ രീതിയെല്ലാം വിവരിക്കുമ്പോള്‍ ആവേശഭരിതനായിരുന്നു അന്ന് 84-85 വയസ്സുണ്ടായിരുന്ന മാഷ്. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റായ മിസ് പാമര്‍ വേഷം മാറി കൊല്‍ക്കത്തയില്‍ വന്നതും ഈസ്റ്റ് ഇന്ത്യാ കമ്പനി തൊഴിലാളികളുടെ യോഗത്തില്‍ പങ്കെടുത്തതും പിന്നീട് മീററ്റ് കലാപക്കേസിലെ പ്രതിയായ ബെഞ്ചമിന്‍ ബ്രാഡ്‌ലിക്കൊപ്പം തിരിച്ച് ലണ്ടനിലേക്ക് പോയതുമെല്ലാം, മാഷുടെ അല്‍പസ്വല്‍പം പൊടിപ്പും തൊങ്ങലുമെല്ലാം ചേര്‍ത്തുള്ള വിവരണത്തിലുണ്ടായിരുന്നു. (എസ്.വി.എച്ച്.എസ് കാലത്തെ ആ അഭിമുഖം ഏഷ്യാനെറ്റ് ന്യൂസിന്റെ അനലോഗ് കാല ചരിത്രത്തോടൊപ്പം മായ്ഞ്ഞു പോയിക്കാണും)

എം.എന്‍. സത്യാര്‍ത്ഥി

ഉദ്ധം സിംഗിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഉത്പല്‍ ദത്തിന്റെ ബംഗാളി നാടകത്തെ കുറിച്ചും സത്യാര്‍ത്ഥിമാഷ് അന്ന് പറയുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിവരണങ്ങളില്‍ നിന്ന് ജീവിതവും നാടകവും വേര്‍തിരിച്ചെടുക്കാന്‍ പാടായിരുന്നു. തിരിച്ച് ഓഫീസിലെത്തിയപ്പോള്‍ അഭിമുഖത്തില്‍ ഫാക്ടിനേക്കാള്‍ ഫിക്ഷനാണോ കൂടുതല്‍ എന്ന സംശയം ഞങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍, ഒരു നാടകവും സത്യാര്‍ത്ഥി മാഷിന്റെ ജീവിതത്തോളം നാടകീയമല്ലെന്ന് അന്നത്തെ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ അബ്ദുക്ക (സി.എം. അബ്ദുറഹിമാന്‍) തിരുത്തി. രാജ് ബബ്ബര്‍ അഭിനയിച്ച ശഹീദ് ഉദ്ധം സിംഗ് ജീവരേഖാ സിനിമ അതിന് ശേഷമാണ് വരുന്നത്.

വഴിയരികില്‍ കാത്ത് നിന്ന് ഉദ്ധം സിംഗിന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിക്കുന്ന ഐറിഷ് സുന്ദരിയായ ഐറിന്‍ റോസ് ആയി മിസ് പാമറെ കണ്ട് തലയില്‍ കൈവച്ചത് സത്യാര്‍ത്ഥി മാഷിന്റെ വിവരണം റഫറന്‍സായി ഉണ്ടായിരുന്നതു കൊണ്ടാണ്. അതുകൊണ്ടു തന്നെയാവണം ശൂജിത് സിക്കറിന്റെ സര്‍ദാര്‍ ഉദ്ധം അതീവ റിയലിസ്റ്റിക് എന്ന പ്രതീതി ജനിപ്പിക്കുന്നതും. രണ്ടു ലോക മഹായുദ്ധങ്ങള്‍ക്കിടയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ തദ്ദേശീയമായി ഉണ്ടായ കാലപശ്രമങ്ങളെയെല്ലാം അടിച്ചമര്‍ത്തുകമാത്രമല്ല, ആ ചിത്രത്തെ തമസ്‌കരിക്കാനും ബ്രിട്ടന്‍ വലിയ ശ്രമം നടത്തിയിരുന്നു. ഉദ്ധം സിംഗിന്റെ വിചാരണയും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുടേയുമെല്ലാം രേഖകള്‍ അര നൂറ്റാണ്ടു കഴിഞ്ഞിട്ടാണ് ബ്രിട്ടന്‍ പുറത്തുവിട്ടത്. അതുകൊണ്ടു തന്നെ മുപ്പതുകളിലെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ സൃഷ്ടിച്ച നിശ്ശബ്ദതരംഗങ്ങള്‍ ചരിത്രത്തില്‍ ഇടം നേടാതെ പോയിട്ടുണ്ടെന്നത് വസ്തുതയാണ്. മിസ് പാമര്‍ എന്ന കമ്മ്യൂണിസ്റ്റുകാരി ഐറീന്‍ റോസ് എന്ന റൊമാന്റിക് നായികയായി ചുരുങ്ങിപ്പോയതിന് ഉത്തരവാദി ബോളിവുഡ് മസാല മേക്കേഴ്‌സ് മാത്രമല്ലെന്നര്‍ത്ഥം.

ചിത്രാര്‍ത്ഥ് സിംഗും ശൂജിത് സിര്‍ക്കറും തമ്മില്‍ താരതമ്യമേ പാടില്ലാത്തതാണ്. ഉദ്ധം സിംഗ് ജന്മശതാബ്ധി പ്രമാണിച്ച് തട്ടിക്കൂട്ടിയ ഒരു ഹിസ്റ്റൊറിക്കല്‍ മെലോഡ്രാമ എന്നതിനപ്പുറമുള്ള യാതൊരു പ്രസക്തിയും ശഹീദ് ഉദ്ധം സിംഗ് എന്ന സിനിമക്കില്ല താനും. ഇതേ പേരില്‍ 1977 ല്‍ ഇറങ്ങിയ പഞ്ചാബി പടം അതിലും എത്രയോ ഭേദപ്പെട്ട സൃഷ്ടിയാണ്. ഇതെല്ലാം മാറ്റി നിര്‍ത്തിയാല്‍ അനിതാ ആനന്ദിന്റെ 2019 ലെ പുസ്തകമാണ് ഒരു പക്ഷെ ഈ രണ്ടു സിനിമകള്‍ക്കുമിടയിലുണ്ടായ പ്രധാന നാഴികക്കല്ലെന്ന് പറയാം. (ബ്രിട്ടീഷ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ അനിത, വില്യം ഡാല്‍റിംപ്‌ളിനൊപ്പം രചിച്ച കോഹിനൂറിന്റെ ചരിത്രം എന്ന പുസ്തകവും പ്രശസ്തമാണ്) ഉദ്ധമിന്റെ യൂറോപ്യന്‍ ജീവിതം പുറത്തു കൊണ്ടുവരുന്നതില്‍ The Patient Assassin: A True Tale of Massacre, Revenge and the Raj എന്ന പുസ്തകത്തിനായി അനിതാ ആനന്ദ് നടത്തിയിട്ടുള്ള ഗവേഷണം നിര്‍ണ്ണായകമായിട്ടുണ്ട്. പ്രത്യേകിച്ചും ഐലീന്‍ പാമറെന്ന കമ്മ്യൂണിസ്റ്റിനെ കണ്ടെത്തുന്നതില്‍.

ഉദ്ധം സിംഗ്‌

രാജ് കപൂര്‍ സിനിമയിലും ഉത്പല്‍ ദത്തിന്റെ നാടകത്തിലുമെല്ലാം ഐറീന്‍ റോസ് എന്ന് പരാമര്‍ശിക്കപ്പെടുന്നത് പില്‍ക്കാലത്ത് യൂറോപ്പിലെ ഉന്നത കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാള്‍ എന്ന് ബ്രിട്ടീഷ് ഇന്റലിജന്‍സ് വിലയിരുത്തിയ ഐലീന്‍ പാമറാകാമെന്ന് അനിതാ ആനന്ദ് സമര്‍ത്ഥിക്കുന്നുണ്ട്. 1935 ല്‍ ഇന്ത്യയിലെത്തിയ ഐലീന്‍ അവരുടെ ഭര്‍ത്താവും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ ഹൊറേഷ് പാമര്‍ക്കെഴുതിയ കത്തുകളാണ് ഈ വിവരങ്ങളുടെ സ്രോതസ്സ്. ഐലീന്‍ പാമര്‍ ഐറീന്‍ റോസായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കാനിടയായ സാഹചര്യത്തെ കുറിച്ചും അനിതാ ആനന്ദ് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.

ലണ്ടനില്‍ വഴിയോരക്കച്ചവടക്കാരനായി ജീവിക്കവേ, ഉദ്ധം സിംഗിന്റെ സുഹൃത്തായിരുന്ന ഗുര്‍ബച്ചന്‍ സിംഗ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വെള്ളക്കാരിയായ സുഹൃത്തിനെ പറ്റി പറയുന്നുണ്ട്. ഐറീന്‍ എന്നാണ് ഗുര്‍ബച്ചന്‍ സിംഗും അവരെ ഓര്‍ക്കുന്നത്. ഒരിക്കല്‍ ഒരു പഞ്ചാബി റസ്റ്ററന്റില്‍ തന്റെ വനിതാ സുഹൃത്തുമായെത്തിയ ഉദ്ധം അവരെ ഒരു ‘സാധ്വി’ ആയി കണ്ട് ബഹുമാനിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഗുര്‍ബച്ചന്‍സിംഗ് പറയുന്നുണ്ട്. എന്നാല്‍ സിംഗ് വിവരിക്കും പോലുള്ള ഒരു ഐറീന്‍ അക്കാലത്ത് ലണ്ടനില്‍ ജീവിച്ചിരുന്നിട്ടില്ലെന്നും അതേ സമയം ഐലിന്‍ അന്ന് തന്നെ ബ്രിട്ടീഷ് ഇന്റലിജന്‍സിന്റെ നോട്ടപ്പുള്ളിയായി അവിടെ ഉണ്ടായിരുന്നുവെന്നും അനിതാ ആനന്ദ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള യാത്രയും കമ്മ്യൂണിസ്റ്റ് ബന്ധവും എല്ലാം ഇതിന് സാധുത നല്‍കുന്നുണ്ടുതാനും. പക്ഷെ ഉദ്ധം സിംഗുമായി ബന്ധപ്പെട്ട ഒരു രേഖകളിലും അവരുടെ പേര് പരാമര്‍ശിക്കപ്പെടുന്നില്ല. ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘത്തെ സംബന്ധിച്ചിടത്തോളം ഉദ്ധം സിംഗിനേക്കാളും പ്രധാനപ്പെട്ട വ്യക്തി പാമറായിരുന്നുവെന്നും അതുകൊണ്ടാവണം അവരുടെ പേര് രേഖകളില്‍ നിന്നെല്ലാം മറച്ചുവെച്ചതെന്നും അനിതാ ആനന്ദ് കരുതുന്നു. ഇംഗ്ലണ്ടില്‍ അക്കാലത്ത് സജീവമായിരുന്ന സോവിയറ്റ് ചാരശൃംഖലയെക്കുറിച്ചുള്ള ആശങ്കയും ഇതിന് കാരണമായിട്ടുണ്ടാവണം.

ഐലിന്‍ പാമറെ കുറിച്ച് ഇത്രയും മനസ്സിലാക്കുമ്പോള്‍ പക്ഷെ ശൂജിത് സിര്‍ക്കര്‍ ചിത്രത്തിലെ ആഖ്യാനത്തില്‍ ചെറിയ കല്ലുകടി അനുഭവപ്പെടും. ഉദ്ധമിനെ ജയിലില്‍ സന്ദര്‍ശിക്കുന്ന പാമര്‍ അയാളോട് മാപ്പപേക്ഷിച്ചിട്ടായാലും ജീവന്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നത് അവരുടെ സ്വഭാവവുമായി ചേര്‍ന്നു പോകുന്നതല്ലെന്ന് കാണാം. സര്‍ദാര്‍ ഉദ്ധം സിനിമ എന്ന നിലയില്‍ വ്യത്യസ്തമായ അനുഭവമാകുന്നത്, വിട്ടു പോയ വരികള്‍ ഫിക്ഷണലായി പൂരിപ്പിക്കാന്‍ ശ്രമിക്കാത്തതുകൊണ്ടു കൂടിയാണ്. ചിത്രത്തില്‍ ഈ ഒരൊറ്റ രംഗമാണ് അതിനപവാദമാവുന്നത്.

അനിതാ ആനന്ദിന്റെ പുസ്തകവും ശൂജിത് സിര്‍ക്കറിന്റെ സിനിമയും കഴിയുമ്പോള്‍ (രചന: റിതേഷ് ഷാ /ശുഭേന്ദു ബാനര്‍ജി) ഏതാണ്ട് കാല്‍ നൂറ്റാണ്ടു മുമ്പ് കോഴിക്കോട്ടെ വീട്ടു വരാന്തയില്‍ വച്ച് എം.എന്‍. സത്യാര്‍ത്ഥിയെന്ന വിപ്ലവകാരിയായ എഴുത്തുകാരന്‍ പങ്കുവച്ച ഓര്‍മ്മകളൊന്നും കഥകളായിരുന്നില്ലെന്നാണ് എനിക്കു മുന്നില്‍ തെളിയുന്ന ഒരു യാഥാര്‍ത്ഥ്യം. ഹരീഷ് പെരുമണ്ണയുടെ ജാലിയന്‍ കണാരനെ കേട്ട് ഇനി ചിരിക്കാനാവില്ല എന്നതാണ് സങ്കടകരമായ മറ്റൊന്ന്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rajeev Ramachandran writes about MN Sathyarthi and Udham Sing