മലയാളത്തിലെ മികച്ച ഗാനരചയിതാവും നിര്‍മാതാവും എഴുത്തുക്കാരനുമാണ് രാജീവ് ഗോവിന്ദന്‍. ഓര്‍ഡിനറി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിര്‍മാണ ചിത്രം. പിന്നീട് സച്ചി – പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ഒന്നിച്ച അനാര്‍ക്കലി എന്ന സിനിമയും രാജീവ് നിര്‍മിച്ചു.
2011ല്‍ പുറത്തിറങ്ങിയ റേസ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം ഗാനരചയിതാവ് എന്ന നിലയില്‍ തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് വാദ്ധ്യാര്‍, ഓര്‍ഡിനറി, ട്രിവാന്‍ഡ്രം ലോഡ്ജ്, ചേട്ടായീസ്, 3 ഡോട്ട്‌സ്, വെള്ളിമൂങ്ങ, പെരുച്ചാഴി, പിക്കറ്റ് 43, 100 ഡേയ്സ് ഓഫ് ലവ്, ഹരം, കെയര്‍ഫുള്‍ എന്നീ സിനിമകള്‍ക്ക് വേണ്ടിയും രാജീവ് ഗാനങ്ങള്‍ രചിച്ചു.
‘പിക്കറ്റ് 43 സിനിമയിലെ ‘മഞ്ഞോര്‍മകള്‍’ എന്ന പാട്ടിന് ഒരു പ്രത്യേകതയുണ്ട്. ആ പാട്ട് എങ്ങനെയാണ് എന്റെ അടുത്തേക്ക് വന്നതെന്ന് ചോദിച്ചാല്‍, പൃഥ്വിരാജിന് ഏറ്റവും ഇഷ്ടപ്പെട്ട ട്യൂണ്‍ എന്ന് പറഞ്ഞാണ് രതീഷ് വൈഗ എന്നെ കാണാന്‍ വരുന്നത്. സച്ചിയും ഞാനും കൂടെ അനാര്‍ക്കലിയുടെ എന്തോ ഡിസ്‌ക്കഷന് വേണ്ടി ഇരിക്കുന്ന സമയമായിരുന്നു അത്.
രതീഷാണെങ്കില്‍ ‘രാജുവിന് ഏറ്റവും ഇഷ്ടമായതാണ്. അതുകൊണ്ട് അത് നന്നാവണം. സമയമെടുത്ത് എഴുതണം’ എന്നൊക്കെയാണ് പറഞ്ഞത്. അങ്ങനെ ഞാന്‍ ഒരു ഫ്‌ളാറ്റില്‍ ഇരുന്നിട്ട് എഴുതിയ പാട്ടാണ് മഞ്ഞോര്‍മകള്‍. അതിന് ശേഷം പൃഥ്വിരാജ് എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് അത്,’ രാജീവ് ഗോവിന്ദന്‍ പറയുന്നു.
Content Highlight: Rajeev Govindan Talks About Prithviraj Sukumaran’s Favorite Song