ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത് ആര്‍.സി.ബി നായകന്‍ രജത് പടിദാര്‍. സെന്‍ട്രല്‍ സോണിനെ നയിക്കുന്ന താരം സെഞ്ച്വറി നേടിയാണ് തന്റെ കരുത്ത് തെളിയിച്ചത്. നോര്‍ത്ത് ഈസ്റ്റ് സോണിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരത്തിലാണ് താരം സൂപ്പര്‍ പ്രകടനം നടത്തിയത്.
മത്സരത്തില്‍ നാലാമനായി ക്രീസിലെത്തിയാണ് പടിദാര്‍ 125 റണ്‍സ് എടുത്തത്. 96 പന്ത് നേരിട്ടാണ് സെന്‍ട്രല്‍ സോണ്‍ നായകന്‍ ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്. മൂന്ന് സിക്സും 21 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 130.21 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു പടിദാര്‍ ബാറ്റ് ചെയ്തത്.
സെന്‍ട്രല്‍ സോണിന്റെ ഒന്നാം ഇന്നിങ്‌സില്‍ നാലാമനായി ബാറ്റിങ്ങെത്തിയാണ് പടിദാര്‍ സെഞ്ച്വറി നേട്ടവുമായി തിളങ്ങിയത്. തകര്‍ത്തടിച്ച ഓപ്പണര്‍ ആര്യന്‍ ജുയാല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയപ്പോളായിരുന്നു താരം ക്രീസിലെത്തിയത്. പിന്നീട് ഡാനിഷ് മലേവെറിനൊപ്പം 199 റണ്‍സിന്റെ കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തി. 28 ഓവറുകളിലായിരുന്നു ഇരുവരും ഇത്രയും റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്.
ഡാനിഷ് മലേവെര്‍ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് കരുത്ത് തെളിയിച്ചത്. താരം 222 പന്തുകള്‍ നേരിട്ട് 203 റണ്‍സാണ് നേടിയത്. ഒന്നാം ദിനം 198 റണ്‍സ് നേടിയ താരം രണ്ടാം ദിനമായ ഇന്നാണ് 200 കടന്നത്. ഒരു സിക്സും 36 ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറവിയെടുത്തത്. രണ്ടാം ദിനം താരം റിട്ടയര്‍ ഔട്ടായി മടങ്ങി.
ഇവര്‍ക്ക് പുറമെ, ആര്യന്‍ ജുയാലും മികച്ച പ്രകടനം നടത്തി. താരം അര്‍ധ സെഞ്ച്വറി നേടിയാണ് തിരിച്ച് നടന്നത്. 100 പന്തില്‍ ഏഴ് ഫോറുകള്‍ ഉള്‍പ്പെടെ 60 റണ്‍സാണ് താരം അടിച്ചെടുത്തത്.
അതേസമയം, രണ്ടാം ദിനം കളി പുനരാരംഭിച്ചിട്ടുണ്ട്. നിലവില്‍ സെന്‍ട്രല്‍ സോണ്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സെടുത്തിട്ടുണ്ട്. യഷ് റാത്തോഡും ശുഭം ശര്‍മയുമാണ് ക്രീസിലുള്ളത്.
Content Highlight: Rajat Patidar scored century in Duleep Trophy