പുതിയ ക്യാപ്റ്റന്‍ മുന്നില്‍ നിന്നു നയിച്ചു; മുംബൈക്കെതിരേ രാജസ്ഥാനു ജയം
IPL 2019
പുതിയ ക്യാപ്റ്റന്‍ മുന്നില്‍ നിന്നു നയിച്ചു; മുംബൈക്കെതിരേ രാജസ്ഥാനു ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th April 2019, 8:04 pm

ജയ്പുര്‍: അജിന്‍ക്യ രഹാനെയെ മാറ്റി സ്റ്റീവന്‍ സ്മിത്തിനെ ക്യാപ്റ്റനാക്കിയതിനു തൊട്ടുപിറകെ രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി. മുംബൈ ഇന്ത്യന്‍സിനെതിരേ അഞ്ച് വിക്കറ്റിന്റെ അനായാസ ജയം നേടിയ രാജസ്ഥാന്റെ സീസണിലെ മൂന്നാംജയം മാത്രമാണിത്.

162 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു. സീസണില്‍ ആദ്യമായി ക്യാപ്റ്റനായിറങ്ങിയ സ്മിത്തിന്റെ (59 നോട്ടൗട്ട്) അര്‍ധസെഞ്ചുറിയുടെ കരുത്തിലായിരുന്നു വിജയം.

19 പന്തില്‍ 35 റണ്‍സെടുത്ത ഓപ്പണറും മലയാളിതാരവുമായ സഞ്ജു സാംസണ്‍, 29 പന്തില്‍ 43 റണ്‍സെടുത്ത റിയാന്‍ പരഗ് എന്നിവര്‍ സ്‌കോറിങ്ങിനു വേഗം പകര്‍ന്നപ്പോള്‍ ഒരറ്റത്ത് ഉറച്ചുനിന്ന സ്മിത്ത് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

മുംബൈയ്ക്കുവേണ്ടി രാഹുല്‍ ചഹാര്‍ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി.

നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് (65), സൂര്യകുമാര്‍ യാദവ് (34), ഹാര്‍ദിക് പാണ്ഡ്യ (23) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 161 റണ്‍സെടുത്തു.

രാജസ്ഥാനു വേണ്ടി ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനദ്കട്ട്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മത്സരത്തില്‍ രാജസ്ഥാന്റെ ആര്‍ച്ചര്‍ മൂന്ന് ക്യാച്ചുകള്‍ നിലത്തിട്ടത് ഇതിനിടെ ഏറെ വിവാദം സൃഷ്ടിച്ചു. കളിയുടെ നിര്‍ണായക സന്ദര്‍ഭങ്ങളിലായിരുന്നു ക്യാച്ചുകള്‍ കൈവിട്ടത്.

തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തിലാണ് ഇന്ന് അജിന്‍ക്യ രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കി രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് സ്റ്റീവന്‍ സ്മിത്തിനെ ക്യാപ്റ്റനാക്കിയത്.

വിജയത്തോടെ രാജസ്ഥാന്‍ ഒമ്പത് കളികളില്‍ നിന്ന് ആറ് പോയന്റ് നേടിയെങ്കിലും ഏഴാം സ്ഥാനത്തു തന്നെയാണ്. 10 കളികളില്‍ നിന്ന് ആറു ജയമുള്ള മുംബൈ രണ്ടാം സ്ഥാനത്താണ്.