| Friday, 2nd January 2026, 7:10 am

വിക്കറ്റ് കീപ്പിങ്ങും ബാറ്റിങ്ങും മാത്രമല്ല, ബൗളിങ്ങും വശമുണ്ടേ; വീണ്ടും ഞെട്ടിച്ച് 'രാജസ്ഥാന്റെ വിക്കറ്റ് കീപ്പര്‍'

ഫസീഹ പി.സി.

എസ്.എ 20യില്‍ വീണ്ടും ഞെട്ടിച്ച് ജോബര്‍ഗ് സൂപ്പര്‍ കിങ്സ് താരം ഡൊണോവന്‍ ഫെരേര. ടൂര്‍ണമെന്റില്‍ ഒരിക്കല്‍ കൂടി ബാറ്റ് കൊണ്ടും ബൗള്‍ കൊണ്ടും തിളങ്ങിയാണ് താരം ശ്രദ്ധ നേടിയത്. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിന് എതിരെ നടന്ന മത്സരത്തില്‍ തന്നെയാണ് രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പറുടെ മിന്നും പ്രകടനം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ഫെരേര ആരാധകരെ വെടിക്കെട്ട് ബാറ്റിങ് നടത്തി ഞെട്ടിച്ചു. താരം 33 റണ്‍സാണ് ജയന്റ്‌സിന് എതിരെ സ്‌കോര്‍ ചെയ്തത്. അതാകട്ടെ വെറും 10 പന്തുകള്‍ നേരിട്ടാണ് നേടിയതെന്നാണ് ശ്രദ്ധേയം. നാല് സിക്സും ഒരു ഫോറും അടങ്ങിയ താരത്തിന്റെ ഇന്നിങ്‌സിന്റെ സ്‌ട്രൈക്ക് റേറ്റ് 330.00 ആയിരുന്നു.

ഫെരേരയുടെ വെടിക്കെട്ടും ശുഭം രഞ്ജനെ, ഫാഫ് ഡുപ്ലെസിസ്, മാത്യു ഡിവില്ലിയേഴ്‌സ് എന്നിവരുടെ ബാറ്റിങ്ങും സൂപ്പര്‍ കിങ്‌സിനെ 200 കടത്തി. നാല് വിക്കറ്റിന് 205 റണ്‍സായിരുന്നു ടീമിന്റെ സ്‌കോര്‍.

മത്സരത്തിനിടയിൽ ഡൊണോവൻ ഫെരേര. Photo: 🄺Ⓐ🅃🄷🄸🅁 1⃣5⃣/x.com

പിന്നാലെ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സ് ബാറ്റിങ്ങിന് എത്തിയപ്പോള്‍ ബൗള്‍ കൊണ്ടും ഫീല്‍ഡിങ്ങിലും തിളങ്ങി ഫെരേര വീണ്ടും ആരാധകരെ അമ്പരപ്പിച്ചു. നാല് ഓവര്‍ എറിഞ്ഞ താരം ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ഇത്തവണയും ഹെന്റിക്ക് ക്ലാസന്‍ തന്നെയാണ് താരത്തിന്റെ ഇരയായത്. വെറും 24 റണ്‍സാണ് വിട്ടുകൊടുത്തത്.

ഒരു വിക്കറ്റ് വീഴ്ത്തിയതിന് പുറമെ, രണ്ട് താരങ്ങളെ റണ്‍ഔട്ടിലൂടെ പുറത്താക്കുകയും ചെയ്തു. സൂപ്പര്‍ ജയന്റ്‌സിന്റെ ടോപ് സ്‌കോററായ ഇവാന്‍സ് ജോഹാന്‍സാണ് ഫെരേരയുടെ ത്രോയില്‍ ആദ്യം തിരികെ നടന്നത്. 18ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ഈ വിക്കറ്റ്.

പിന്നാലെ ഇന്നിങ്‌സിലെ അവസാന പന്തിലും ഫെരേര സൂപ്പര്‍ ജയന്റ്‌സിന്റെ ഈതന്‍ ബോഷിനെയും റണ്‍ഔട്ടാക്കി. അതോടെ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിന് 205 റണ്‍സില്‍ തന്നെ തങ്ങളുടെ ഇന്നിങ്സ് അവസാനിപ്പിച്ചു. പിന്നാലെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.

രണ്ടാം മത്സരത്തിൽ ബാറ്റ് ചെയ്യുന്ന ഡൊണോവൻ ഫെരേര. Photo: Johns/x.com

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്‌സ് അഞ്ച് റണ്‍സാണ് എടുത്തത്. ഇത് പിന്തുടര്‍ന്ന സൂപ്പര്‍ കിങ്സ് മൂന്നാം പന്തില്‍ തന്നെ വിജയലക്ഷ്യം കടന്നു. അതോടെ മൂന്നാം മത്സരത്തിലും വിജയിക്കാന്‍ സൂപ്പര്‍ കിങ്‌സിന് സാധിച്ചു. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ഫെരേര സ്വന്തം അക്കൗണ്ടിലെത്തിച്ചു.

അതേസമയം, ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തിലും ഓള്‍റൗണ്ട് പ്രകടനം കൊണ്ട് ഞെട്ടിച്ചിരുന്നു. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സ് തന്നെയായിരുന്നു ആ മത്സരത്തിലെയും എതിരാളികള്‍. അന്ന് വെറും നാല് പന്തില്‍ 12 റണ്‍സ് നേടി താരം ടീമിനായി മത്സരം ഫിനിഷ് ചെയ്തിരുന്നു. ഒപ്പം രണ്ട് ഓവറില്‍ രണ്ട് വിക്കറ്റും വീഴ്ത്തി ടീമിന് കരുത്തായിരുന്നു.

Content Highlight: Rajasthan Royals wicket keeper Donovan Ferreira shines in SA20 with all-round performance

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more