ഒരു നിമിഷത്തേക്ക് ഞാന്‍ ഡേവിഡ് വാര്‍ണറായി: അശ്വിന്‍
IPL
ഒരു നിമിഷത്തേക്ക് ഞാന്‍ ഡേവിഡ് വാര്‍ണറായി: അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st May 2022, 5:28 pm

കളിക്കളത്തിലെ സെലിബ്രഷനും അഗ്രഷനും പേരുകേട്ട ഓസ്‌ട്രേലിയയുടെ മിന്നും താരമാണ് ഡേവിഡ് വാര്‍ണര്‍. സെഞ്ച്വറി അടിച്ചതിന് ശേഷമുള്ള മുഷ്ടി ചുരുട്ടിയുള്ള ചാട്ടം വാര്‍ണറിന്റെ ട്രേഡ്മാര്‍മാര്‍ക്ക് സെലിബ്രേഷനാണ്. ഒരുപാട് കളിക്കാര്‍ താരത്തിന്റെ ഈ സെലിബ്രേഷന്‍ അനുകരിക്കാറുമുണ്ട്.

ഒടുവിലിതാ ഇന്ത്യന്‍ ഇതിഹാസ താരമായ അശ്വിനാണ് വാര്‍ണറിന്റെ ഈ സ്‌റ്റൈല്‍ അനുകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സുമായുള്ള കളിയിലാണ് അശ്വിന്റെ ആഘോഷം.

എങ്ങോട്ടുവേണമെങ്കിലും മാറാന്‍ സാധ്യതയുള്ള കളിയെ രാജസ്ഥാന് അനുകൂലമാക്കിയത് അശ്വിന്റെ പക്വതയുള്ള പ്രകടനമായിരുന്നു. ഒടുവില്‍ വാര്‍ണറിന്റെ ഐക്കോണിക് സെലിബ്രേഷനിലൂടെയാണ് അശ്വിന്‍ രാജസ്ഥാന്റെ വിജയമാഘോഷിച്ചത്. കളി ജയിക്കാനായ ആവേശത്തില്‍ താന്‍ ഒരു നിമിഷം വാര്‍ണര്‍ ആയി മാറുകയായിരുന്നു എന്നാണ് അശ്വിന്‍ പറയുന്നത്.

‘ഞാന്‍ കളിക്കുന്ന എല്ലാ ടീമിന് വേണ്ടിയും എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കണമെന്ന് എനിക്ക് വാശിയുണ്ട്. അത് ടീമിനോട് കാണിക്കുന്ന ബഹുമാനമാണ്. ഞങ്ങള്‍ പ്ലേ ഓഫില്‍ കേറിയതില്‍ ഒരുപാട് സന്തോഷം. എന്റെയുള്ളിലെ ഡേവിഡ് വാര്‍ണറിനെ പുറത്തുകൊണ്ടുവരുവാന്‍ എനിക്ക് സാധിച്ചു’- മത്സരശേഷം അശ്വിന്‍ പറഞ്ഞു.

അവസാന അഞ്ച് ബോളില്‍ ആറ് റണ്‍സ് വേണ്ടപ്പോള്‍ മതീഷ പതീരാനയുടെ ലോ ഫുള്‍ടോസ് ബൗണ്ടറി നേടിയതിന് ശേഷമായിരുന്നു അശ്വിന്റെ ആദ്യ സെലിബ്രേഷന്‍. പിന്നീട് കളി ജയിച്ചപ്പോള്‍ വീണ്ടും അത് ആവര്‍ത്തിക്കുകയായിരുന്നു.

151 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്റെ മുന്‍നിര തകരുന്ന കാഴ്ചചയായിരുന്നു കണ്ടത്. ടോപ്പ് ബാറ്റര്‍ ബട്ലര്‍ രണ്ടക്കം കാണാതെ പുറത്തായപ്പോള്‍, ക്യാപ്റ്റന്‍ സഞ്ജു 15 റണ്‍ നേടി പുറത്തായി. വെറും മൂന്നു റണ്‍സ് നേടി പടിക്കലും പുറത്തായതോടെ രാജസ്ഥാന്‍ പരുങ്ങലിലായി.

എന്നാല്‍ അഞ്ചാമാനായി ഇറങ്ങിയ അശ്വിന്‍ ജെയ്‌സ്വാളിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. 59 റണ്‍ നേടിയ ജെയ്‌സ്വാളും പിന്നാലെ വന്ന ഹെറ്റ്മെയറും (6) പുറത്തായെങ്കിലും പരാഗിനെ കൂട്ടുപിടിച്ച് അശ്വിന്‍ രാജസ്ഥാനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.

വെറും 23 പന്തില്‍ 40 റണ്ണാണ് അശ്വിന്‍ അടിച്ചുകൂട്ടിയത്. 3 സിക്സറും 2 ഫോറുമടങ്ങിയതായിരുന്നു അശ്വിന്റെ ഇന്നിംഗസ്. നേരത്തേ ബൗളിങ്ങില്‍ 1 വിക്കറ്റും നേടിയ അശ്വിന്‍ തന്നെയായിരുന്നു കളിയിലെ താരവും.

ഇതോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തെത്താനും റോയല്‍സിന് സാധിച്ചു. ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് ക്വാളിഫയര്‍ 1ല്‍ രാജസ്ഥാന്‍ നേരിടുക.

 

Content highlight: Rajasthan Royals spinner R Ashwin Says he became Warner for a moment