രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ കളിക്കണമെന്ന് കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്; ക്രിക്കറ്റ് കിറ്റുമായി പ്രാക്ടീസിനെത്തി ടോം; ചിരിയോടെ വരവേറ്റ് സഞ്ജുവു കൂട്ടരും
Sports News
രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ കളിക്കണമെന്ന് കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്; ക്രിക്കറ്റ് കിറ്റുമായി പ്രാക്ടീസിനെത്തി ടോം; ചിരിയോടെ വരവേറ്റ് സഞ്ജുവു കൂട്ടരും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th August 2022, 10:49 pm

ഐ.പി.എല്ലില്‍ ഏറെ ആരാധകരുള്ള ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ ചാമ്പ്യന്‍മാരായ റോയല്‍സിന് അതിന് ശേഷം 2022 സീസണിലാണ് ഐ.പി.എല്ലിന്റെ ഫൈനല്‍ കാണാന്‍ സാധിച്ചത്.

ഫൈനല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെടേണ്ടി വന്നെങ്കിലും ആരാധകരുടെ മനസില്‍ റോയല്‍സ് തന്നെയായിരുന്നു യഥാര്‍ത്ഥ ചാമ്പ്യന്‍മാര്‍.

തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇത്രത്തോളം രസകരമായി ഉപയോഗിക്കുന്ന മറ്റൊരു ടീമും തന്നെ ഐ.പി.എല്ലില്‍ ഉണ്ടാവില്ല. താരങ്ങളുടെ തമാശകളും കളികളുമെല്ലാം തന്നെ രസകരമായി രാജസ്ഥാന്‍ റോയല്‍സ് ആരാധകരിലേക്കെത്തിക്കാരുണ്ട്.

ഇപ്പോഴിതാ, രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ചര്‍ച്ചയാവുന്നത്. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക് ഇന്ത്യയെ മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു രാജസ്ഥാന്‍ വീഡിയോ പങ്കുവെച്ചത്.

എപ്പോഴാണ് തങ്ങള്‍ക്ക് രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ കളിക്കാന്‍ സാധിക്കുക എന്ന കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിന്റെ ചോദ്യത്തിന് നിങ്ങളുടെ റിക്വസ്റ്റ് പരിഗണിച്ചിട്ടുണ്ടെന്നായിരുന്നു റോയല്‍സ് നേരത്തെ മറുപടി നല്‍കിയത്.

ഇതിന് പിന്നാലെയാണ് രാജസ്ഥാന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്രിക്കറ്റ് കിറ്റുമായി ടോം പ്രാക്ടീസിന് ചെല്ലുന്നതും നിറഞ്ഞ ചിരിയോടെ രാജസ്ഥാന്‍ താരങ്ങള്‍ വരവേല്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്.

ടോമിനൊപ്പം ജെറിയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ക്രിക്കറ്റ് ഒരു ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിമാണെന്നായിരുന്നു രാജസ്ഥാന്‍ വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയത്.

ആരാധകര്‍ ഇതിനോടകം തന്നെ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം, രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥരുടെ അധീനതയിലുള്ള ബാര്‍ബഡോസ് റോയല്‍സിന്റെ ജേഴ്‌സി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റേതില്‍ നിന്നും വ്യത്യസ്തമായുള്ള നിറവും ഡിസൈനുമാണ് ജേഴ്‌സിയിലുള്ളത്.

 

പല നിറങ്ങളിലുള്ള തൂവലുകളും, മാറ്റം വരുത്തിയ പഴയ ട്രൈഡന്റ് ലോഗോയും ഉള്‍പ്പെടുത്തിയാണ് ബാര്‍ബഡോസ് റോയല്‍സിന്റെ ജേഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Content Highlight: Rajasthan Royals shared a funny video of Tom and Jerry with them