ഒറ്റ ഫ്രെയ്മില്‍ സാക്ഷാല്‍ മെസിയും സഞ്ജുവും; ചിത്രങ്ങള്‍ പങ്കുവെച്ച് രാജസ്ഥാന്‍ റോയല്‍സ്
Sports News
ഒറ്റ ഫ്രെയ്മില്‍ സാക്ഷാല്‍ മെസിയും സഞ്ജുവും; ചിത്രങ്ങള്‍ പങ്കുവെച്ച് രാജസ്ഥാന്‍ റോയല്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd August 2025, 7:16 pm

ഇതിഹാസ താരം ലയണല്‍ മെസിയുടെ കേരളത്തിലേക്കുള്ള വരവാണ് മലയാളി കായികലോകത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം. ഏറെ വിവാദങ്ങള്‍ക്ക് ശേഷം മെസിയും അര്‍ജന്റീനയും നവംബറില്‍ കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. ഇതോടെ മെസിയുടെ വരവ് സംബന്ധിച്ച സകല അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്.

ഇപ്പോള്‍ മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. കേരളത്തിന്റെ സ്വന്തം കഥകളിക്കൊപ്പം നില്‍ക്കുന്നതും വള്ളത്തില്‍ യാത്ര ചെയ്യുന്നതുമായ മെസിയുടെ എ.ഐ. ചിത്രങ്ങളാണ് രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ ഇതിനെയെല്ലാം കടത്തിവെട്ടുന്ന മറ്റൊരു ചിത്രം കൂടിയുണ്ട്. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജിലെ ഭീമന്‍ സഞ്ജു സാംസണ്‍ ചിത്രത്തിന് മുമ്പില്‍ മെസി അര്‍ജന്റൈന്‍ ജേഴ്‌സിയണിഞ്ഞ് ഷോട്ടുതിര്‍ക്കുന്ന ചിത്രമാണിത്. ആരാധകര്‍ ഇതിനോടകം തന്നെ ചിത്രങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ മലയാളികളുടെയും മെസി, അര്‍ജന്റീന ആരാധകരുടെയും ബഹളമാണ്. മെസിയും സഞ്ജുവും ഒറ്റ ഫ്രെയ്മില്‍, ചേട്ടനും ഗോട്ടും ഒന്നിച്ച്, ഈ ദിവസത്തിനായി കാത്തിരിക്കുന്നു എന്നെല്ലാമാണ് കമന്റുകള്‍.

 

നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാണ്ട, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കുമെന്നാണ് എ.എഫ്.എ അറിയിച്ചിരിക്കുന്നത്.

2011ന് ശേഷമുള്ള മെസിയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.

ഗവണ്‍മെന്റുമായി ആലോചിച്ചതിന് ശേഷമാണ് മത്സര ദിനം ക്രമീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസമായിരിക്കും മെസി കേരളത്തില്‍ ഉണ്ടാകുക.

ഇത് സംബന്ധിച്ച് കേരള കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിപ്പ് പങ്കുവെച്ചാണ് അദ്ദേഹം സ്ഥിരീകരണം അറിയിച്ചത്.

‘നവംബര്‍ 2025 ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയില്‍ സൗഹൃദ മത്സരത്തിനായി ലയണല്‍ മെസ്സി അടങ്ങുന്ന ഖത്തര്‍ ലോകകപ്പ് നേടിയ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഒഫീഷ്യല്‍ മെയില്‍ വഴി ലഭിച്ചു,’ പോസ്റ്റില്‍ പറഞ്ഞു.

 

Content Highlight: Rajasthan Royals share AI Photos of Lionel Messi