സഞ്ജു കൂടുമാറുമോ? നവംബര്‍ പകുതിയോടെ അറിയാം
Cricket
സഞ്ജു കൂടുമാറുമോ? നവംബര്‍ പകുതിയോടെ അറിയാം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th October 2025, 8:21 pm

മലയാളി താരം സഞ്ജു സാംസണ്‍ തന്റെ ഐ.പി.എല്‍ ടീം വിടുന്നുവെന്ന അഭ്യൂഹമായിരുന്നു കുറച്ച് കാലം ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയം. ഇത് സംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും പുറത്ത് വന്നെങ്കിലും സഞ്ജുവിന്റെ ഐ.പി.എല്‍ ഭാവിയെ കുറിച്ച് അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. എന്നാല്‍ താരം രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ തുടരുമോയെന്നത് അടുത്ത മാസം പകുതിയോടെ അറിയാന്‍ കഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഐ.പി.എല്‍ 2026 ന് മുന്നോടിയായുള്ള മിനി താരലേലം ഡിസംബര്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ച നടക്കുമെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നവംബര്‍ 15 ഓടെ സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അങ്ങനെയെങ്കില്‍ സഞ്ജു രാജസ്ഥാനില്‍ തുടരുമോയെന്ന് അടുത്ത മാസം തന്നെ തീരുമാനമായേക്കും.

അതേസമയം, ഡിസംബര്‍ 13 മുതല്‍ 15 വരെയുള്ള തിയ്യതികളിലാണ് താരലേലം നടക്കാന്‍ സാധ്യതയെന്നും ഇത് ഇന്ത്യയില്‍ തന്നെ നടന്നേക്കാമെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളില്‍ വിദേശത്തായിരുന്നു താരലേലങ്ങള്‍ നടന്നത്. 2023ല്‍ ദുബായിലും 2024ല്‍ ജിദ്ദയിലുമായിരുന്നു താരലേലം.

കൂടാതെ, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ വലിയ അഴിച്ചുപണി നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനെ കൈവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. താരത്തെ ട്രേഡ് വിന്‍ഡോയിലൂടെ കൈമാറാന്‍ റോയല്‍സ് ശ്രമങ്ങള്‍ നടത്തുണ്ടെങ്കിലും അത് വിജയകരമായില്ലെങ്കില്‍ റിലീസ് ചെയ്തേക്കും.

നേരത്തെ, ശ്രീലങ്കന്‍ താരങ്ങളായ വാനിന്ദു ഹസാരങ്ക, മഹീഷ് തീക്ഷ്ണ എന്നിവരെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, കുമാര്‍ സങ്കക്കാര പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിയാല്‍ ഈ പ്ലാനില്‍ മാറ്റം സംഭിവിച്ചേക്കാമെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു.

ഇതിന് പുറമെ, ചെന്നൈ സൂപ്പര്‍ കിങ്സ് റീലീസ് ചെയ്‌തേക്കാവുന്ന താരങ്ങളുടെ ലിസ്റ്റും ഈ റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യന്‍ താരങ്ങളായ ദീപക്ക് ഹൂഡ, വിജയ് ശങ്കര്‍, രാഹുല്‍ ത്രിപാതി, വിദേശ താരങ്ങളായ സാം കറന്‍, ഡെവോണ്‍ കോണ്‍വേ എന്നിവരെയും ടീം ഒഴിവാക്കിയേക്കും.

ടി. നടരാജന്‍, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരെ ദല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ടേക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ലഖ്നൗ സൂപ്പര്‍ ജയ്ന്റ്റ്‌സ് താരങ്ങളായ ആകാശ് ദീപ്, മായങ്ക് യാദവ്, ഡേവിഡ് മില്ലര്‍ എന്നിവരും ഒഴിവാക്കുന്ന താരങ്ങളുടെ പട്ടികയിലുണ്ട്. വെങ്കിടേഷ് അയ്യരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയേക്കുമെന്നും ക്രിക്ബസ് സൂചന നല്‍കുന്നു. ഇതില്‍ സ്ഥിരീകരണമില്ല.

പരിക്ക് കാരണം കഴിഞ്ഞ സീസണില്‍ ഐ.പി.എല്ലില്‍ നിന്ന് വിട്ടുനിന്ന ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍ ലേലത്തില്‍ പങ്കെടുത്തേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിരവധി ഫ്രാഞ്ചൈസികള്‍ താരത്തെ ടീമിലെത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Content Highlight: Rajasthan Royals may release Sanju Samson; IPL 2026 auction likely in December, Franchises have to submit retention list by November 15: Report