രാജസ്ഥാന്‍ റോയല്‍സിലിന്റെ ഭാഗമായിരിക്കവെ എസ്. ശ്രീശാന്തിന് നേരിട്ട പരിക്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ക്ലെയിം ആവശ്യപ്പെട്ട കേസ് സുപ്രീം കോടതിയില്‍. 2012ല്‍ ശ്രീശാന്ത് പരിക്കേറ്റ് പുറത്തായ സീസണില്‍ താരത്തിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക ആവശ്യപ്പെട്ട സംഭവമാണ് ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നത്.
82 ലക്ഷം രൂപയാണ് രാജസ്ഥാന്‍ റോയല്‍സ് ക്ലെയിം ഇനത്തില്‍ ആവശ്യപ്പെട്ടത്. 2012 സീസണില്‍ കാല്‍മുട്ടിനേറ്റ പരിക്കിന് പിന്നാലെ സീസണ്‍ താരത്തിന് നഷ്ടപ്പെട്ടു എന്നാണ് രാജസ്ഥാന്‍ വാദിക്കുന്നത്. എന്നാല്‍ ഈ പരിക്ക് നേരത്തെയുള്ളതാണെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചുകൊണ്ട് നിലപാടെടുത്തത്.
2012ല്‍ ഒരു പ്രാക്ടീസ് മാച്ചിനിടെയാണ് ശ്രീശാന്തിന് പരിക്കേറ്റത്. സൂപ്പര്‍ പേസര്‍ പുറത്തായതോടെയാണ് ടീം ഇന്‍ഷുറന്‍സ് തുക ആവശ്യപ്പെട്ടത്. എന്നാല്‍ 2021ല്‍ തന്നെ താരത്തിന് പരിക്കുണ്ടായിരുന്നുവെന്നും അത് മറച്ചുവെക്കുകയായിരുന്നു എന്നും ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചു.
2011ലെ പരിക്ക് കാരണമാണ് ശ്രീശാന്ത് കളിക്കാതിരുന്നതെന്നും പോളിസി എടുക്കുമ്പോള്‍ അത് മറച്ചുവെച്ചു എന്നും ഇന്‍ഷുറന്‍സ് കമ്പനി നിലപാടെടുത്തു.
എന്നാല്‍ 2011ല്‍ സംഭവിച്ച പരിക്ക് ശ്രീശാന്തിന് കളിക്കുമ്പോള്‍ പ്രശ്‌നമായിരുന്നില്ലെന്നും കാല്‍മുട്ടിലെ പരിക്ക് കാരണമാണ് സീസണ്‍ നഷ്ടപ്പെട്ടതെന്നും രാജസ്ഥാന്‍ റോയല്‍സ് മറുപടി നല്‍കി. കാല്‍മുട്ടിലെ പരിക്ക് ഇന്‍ഷുറന്‍സ് കാലാവധിയ്ക്കിടെയാണെന്നും രാജസ്ഥാന്‍ വ്യക്തമാക്കി.
ഈ കേസില്‍ കേസില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ (എന്‍.സി.ഡി.ആര്‍.സി) രാജസ്ഥാന്‍ റോയല്‍സിന് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. ഇന്‍ഷുറന്‍സ് കമ്പനി ടീമിന് പണം നല്‍കണമെന്നും കമ്മീഷന്‍ വിധിച്ചു. ഈ വിധിയ്‌ക്കെതിരെയാണ് ഇന്‍ഷുറന്‍സ് കമ്പനി കോടതി കയറിയിരിക്കുന്നത്.
കേസില്‍ സുപ്രീം കോടതി, ശ്രീശാന്തിന്റെ പഴയ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അടക്കം ആവശ്യപ്പെട്ടിരിക്കുകയാണ്. രാജസ്ഥാന്റെ റോയല്‍സിന്റെയും ഇന്‍ഷുറന്‍സ് കമ്പനിയുടെയും വാദങ്ങള്‍ക്ക് ശേഷം താരത്തിന്റെ കാല്‍വിരലിലെ പരിക്കിനെ കുറിച്ച് ടീം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചിരുന്നോ എന്ന് ചോദിച്ചു. ഈ പരിക്കിന്റെ വിവരങ്ങള്‍ മറച്ചുവെച്ചിരുന്നോ എന്നതില്‍ വ്യക്തത വരുത്താനാണ് കോടതിയുടെ നീക്കം.
കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമായിരിക്കും സുപ്രീം കോടതി വിധി പ്രഖ്യാപിക്കുക.
Content Highlight: Rajasthan Royals’ claim for insurance money for Sreesanth’s injury in Supreme Court