പരാഗ് വലിയവനാടാ.. അവന്റെ ഫോമില്‍ ഒരു ആശങ്കയുമില്ല, അവന്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കും; റിയാന്‍ പരാഗിനെ പുകഴ്ത്തി കോച്ച് മലിംഗ
IPL
പരാഗ് വലിയവനാടാ.. അവന്റെ ഫോമില്‍ ഒരു ആശങ്കയുമില്ല, അവന്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കും; റിയാന്‍ പരാഗിനെ പുകഴ്ത്തി കോച്ച് മലിംഗ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th April 2022, 5:14 pm

ഓള്‍ റൗണ്ടര്‍ റിയാന്‍ പരാഗിനെ വാനോളം പുകഴ്ത്തി രാജസ്ഥാന്‍ ബൗളിംഗ് കോച്ചും ശ്രീലങ്കന്‍ ഇതിഹാസവുമായ ലസിത് മലിംഗ. രാജസ്ഥാന്‍ റോയല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് ശേഷമാണ് പരാഗിനെ പുകഴ്ത്തിയും പിന്തുണച്ചും മലിംഗ രംഗത്തെത്തിയത്.

താരത്തിന്റെ ഫോമിന് സംബന്ധിച്ച് ഒരാശങ്കയും നിലനില്‍ക്കുന്നില്ലെന്നും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പുള്ള താരമാണ് പരാഗെന്നും മലിംഗ പറയുന്നു.

മത്സരത്തിന് ശേഷം നടന്ന സമ്മേളനത്തിലാണ് മലിംഗ ഇക്കാര്യം പറയുന്നത്.

‘അവന്റെ ഫോം സംബന്ധിച്ച് എന്തെങ്കിലും ആശങ്കയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഒരു മത്സരം ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ കെല്‍പുള്ളവനാണ് റിയാന്‍ പരാഗെന്ന് നമുക്കെല്ലാവര്‍ക്കുമറിയാവുന്നതാണ്.

എല്ലാ മത്സരത്തിലും അഞ്ചോ പത്തോ പന്തുകള്‍ മാത്രം കളിക്കുന്നതിനാല്‍ അവന്റെ കഴിവുകളെ പൂര്‍ണമായും പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. എനിക്കുറപ്പാണ് അവന് മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ സാധിക്കും.

പരാഗിന് മികച്ച അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നതിനര്‍ത്ഥം ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ തകര്‍ക്കുന്നു എന്നുതന്നെയാണ്. എന്നാലും പരാഗിനെ എപ്പോഴാണോ ടീമിന് വേണ്ടത്, അപ്പോഴെല്ലാമവന്‍ അടിച്ചുതകര്‍ക്കുമെന്നെനിക്കുറപ്പാണ്,’ മലിംഗ പറയുന്നു.

എന്നാല്‍ കഴിഞ്ഞ മത്സരത്തിലും താരത്തിന് പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല. 3 പന്തില്‍ നിന്നും 5 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. എന്നത്തേയും പോലെ വമ്പനടിക്ക് ശ്രമിച്ച് തന്നെയായിരുന്നു താരം കഴിഞ്ഞ മത്സരത്തിലും പുറത്തായത്.

രാജസ്ഥാന് വേണ്ടി ആറ് മത്രത്തിലും കളിച്ച താരം 9.60 ശരാശരിയില്‍ 48 റണ്‍സ് മാത്രമാണെടുത്തത്.

പാര്ഗ് തന്റെ മോശം ഫോം സ്ഥിരമായി തുടരുന്ന സാഹചര്യത്തില്‍ പരാഗിനെ പുറത്തിരുത്താന്‍ ആരാധകർ മുറവിളി കൂട്ടുന്ന സാഹചര്യത്തില്‍ കൂടിയാണ് മലിംഗയുടെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

Content Highlight: Rajasthan Royals Bowling coach Lasith Malinga praises Riyan Parag