| Saturday, 30th August 2025, 9:00 am

സഞ്ജു തുടരും? വമ്പന്‍ സൂചന നല്‍കി രാജസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സമീപകാല സജീവ ചര്‍ച്ചയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ ഐ.പി.എല്‍ ഭാവി. താരം അടുത്ത സീസണില്‍ ഏത് ടീമിനൊപ്പമാകുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞ മാസം സഞ്ജു സാംസണ്‍ ടീം വിടാന്‍ താത്പര്യം അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെ, രാജസ്ഥാനുമായി പല ഫ്രാഞ്ചൈസികളും താരത്തെ ടീമിലെത്തിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

ഇപ്പോളിതാ ക്യാപ്റ്റന്‍ ടീമില്‍ തന്നെ തുടര്‍ന്നേക്കുമെന്ന സൂചനകള്‍ നല്‍കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. അടുത്തിടെ ആര്‍.ആര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇത്തരമൊരു സൂചനയ്ക്ക് കാരണം.

കേരള ക്രിക്കറ്റിലെ ലീഗിലെ (കെ.സി.എല്‍) സഞ്ജുവിന്റെ തുടര്‍ച്ചയായ അര്‍ധ സെഞ്ച്വറികളെ അഭിനന്ദിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ താരം രാജസ്ഥാന്റെ ജേഴ്‌സി ധരിച്ച് പരിശീലനം നടത്തുന്ന രംഗങ്ങളാണുള്ളത്. ഒപ്പം, കെ.സി.എല്ലിലെ താരത്തിന്റെ സ്‌കോറും എഴുതി കാണിക്കുന്നുണ്ട്.

ഇത് വൈറലാവുകയും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയിലേക്കും നയിച്ചു. ഈ ക്ലിപ്പിന് നല്‍കിയ അടിക്കുറിപ്പാണ് ആരാധകരുടെ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. ‘സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍)’ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.

ഇതിനെ താരം അടുത്ത സീസണിലും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി ഉണ്ടാക്കുമെന്ന സൂചനയായാണ് ആരാധകര്‍ കാണുന്നത്. പോസ്റ്റിന് താഴെ സഞ്ജു ടീമില്‍ തന്നെ തുടരും എന്നല്ലേ, എവിടെയും പോകില്ല എന്ന തരത്തില്‍ കമന്റുകളുമായി എത്തിയ ആരാധകരെ കാണാം. ഈ അടിക്കുറിപ്പ് മലയാളി താരം തന്നെ ക്യാപ്റ്റനായി ഉണ്ടാകും എന്നതിന്റെ സൂചനയാണെന്നും ഒരു ആരാധകന്‍ പറയുന്നുണ്ട്.

നേരത്തെ, സഞ്ജു ടീം വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ സജീവമായിരുന്ന സമയത്ത് ടീമും താരവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ സീസണില്‍ ജോസ് ബട്‌ലറെ റിലീസ് ചെയ്തത് മുതല്‍ ഇതിന് തുടക്കമായതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ നീക്കം നടത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ, സഞ്ജുവും ഇരു ടീമുകളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Highlight: Rajasthan Royals’ a video hints Sanju Samson would stay with team in IPL 2026

We use cookies to give you the best possible experience. Learn more