ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സമീപകാല സജീവ ചര്‍ച്ചയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ ഐ.പി.എല്‍ ഭാവി. താരം അടുത്ത സീസണില്‍ ഏത് ടീമിനൊപ്പമാകുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞ മാസം സഞ്ജു സാംസണ്‍ ടീം വിടാന്‍ താത്പര്യം അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെ, രാജസ്ഥാനുമായി പല ഫ്രാഞ്ചൈസികളും താരത്തെ ടീമിലെത്തിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

ഇപ്പോളിതാ ക്യാപ്റ്റന്‍ ടീമില്‍ തന്നെ തുടര്‍ന്നേക്കുമെന്ന സൂചനകള്‍ നല്‍കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. അടുത്തിടെ ആര്‍.ആര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇത്തരമൊരു സൂചനയ്ക്ക് കാരണം.

കേരള ക്രിക്കറ്റിലെ ലീഗിലെ (കെ.സി.എല്‍) സഞ്ജുവിന്റെ തുടര്‍ച്ചയായ അര്‍ധ സെഞ്ച്വറികളെ അഭിനന്ദിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ താരം രാജസ്ഥാന്റെ ജേഴ്‌സി ധരിച്ച് പരിശീലനം നടത്തുന്ന രംഗങ്ങളാണുള്ളത്. ഒപ്പം, കെ.സി.എല്ലിലെ താരത്തിന്റെ സ്‌കോറും എഴുതി കാണിക്കുന്നുണ്ട്.

ഇത് വൈറലാവുകയും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയിലേക്കും നയിച്ചു. ഈ ക്ലിപ്പിന് നല്‍കിയ അടിക്കുറിപ്പാണ് ആരാധകരുടെ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. ‘സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍)’ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.