സി.ജെ.പിയുടെ ‘സ്കൂൾ ഠീക് കരോ’ ക്യാംപെയ്ന് പിന്നാലെ രാജസ്ഥാനിലെ സ്കൂൾ നവീകരണത്തിന് സർക്കാർ ഉത്തരവ്
India
സി.ജെ.പിയുടെ ‘സ്കൂൾ ഠീക് കരോ’ ക്യാംപെയ്ന് പിന്നാലെ രാജസ്ഥാനിലെ സ്കൂൾ നവീകരണത്തിന് സർക്കാർ ഉത്തരവ്
ശ്രീലക്ഷ്മി പി.പി
Sunday, 23rd August 2026, 4:20 pm

ജയ്പൂർ: കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനും പ്രക്ഷോഭങ്ങൾക്കും പിന്നാലെ, രാജസ്ഥാനിലെ രാംപുര കൻവർപുര ഗ്രാമത്തിലെ സർക്കാർ സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ സർക്കാർ ഉത്തരവിട്ടു. 18 ലക്ഷം രൂപ ചെലവിൽ സെപ്റ്റംബർ ഒന്നിന് നിർമാണം ആരംഭിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

2025 സെപ്റ്റംബറിൽ ജീർണാവസ്ഥയിലായതിനെ തുടർന്ന് ഉപയോഗശൂന്യമായി പ്രഖ്യാപിച്ച ഈ സ്കൂൾ, നാട്ടുകാർ ഒരുക്കിയ രണ്ട് മുറികളിലും ഒരു ടിൻ ഷെഡിലുമായാണ് നിലവിൽ പ്രവർത്തിച്ചുവരുന്നത്.

സർക്കാർ സ്കൂളുകളുടെ ശോച്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ലക്ഷ്യമിട്ട് സി.ജെ.പി നടത്തിയ ‘സ്കൂൾ ഠീക് കരോ’ക്യാംപെയ്ന്റെ ഭാഗമായി രാംപുരയിലെ സ്കൂൾ സന്ദർശിച്ച പാർട്ടി കോ-കൺവീനർ ആശുതോഷ് റാങ്കയ്ക്കും സംഘത്തിനും നേരെ വ്യാപക അക്രമം നടന്നിരുന്നു. സ്കൂളിലേക്ക് പോകുന്ന വഴിയിൽ വാഹനം തടഞ്ഞ് കല്ലെറിയുകയും ഫോണുകൾ തകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തു. പ്രാദേശിക ബി.ജെ.പി എം.എൽ.എയുടെയും നേതാക്കളുടെയും ഒത്താശയോടെ ഗുണ്ടകളെ ഉപയോഗിച്ച് നടത്തിയ ആക്രമണമാണിതെന്ന് സി.ജെ.പി വിമർശിച്ചു.

ആക്രമണം നടന്നതിന് പിന്നാലെയാണ് സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ഇത് തങ്ങളുടെ പ്രക്ഷോഭത്തിന്റെ വിജയമാണെന്ന് സി.ജെ.പി വ്യക്തമാക്കി.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളെ മികച്ചതും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ നിർദേശപ്രകാരം മൂന്ന് വർഷത്തെ (2026-27 മുതൽ 2028-29 വരെ) വികസന റോഡ്മാപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിച്ചു. 41 ജില്ലകളിലെ ആവശ്യങ്ങൾ പരിഹരിക്കാനായി തയ്യാറാക്കിയ ഈ പദ്ധതിക്കായി 12,500 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.

ഇതിൽ 3,587 പുതിയ സ്കൂൾ കെട്ടിടങ്ങൾക്കായി 2,487.75 കോടി രൂപയും, 83,783 പുതിയ ക്ലാസ് മുറികൾക്കായി 8,378.30 കോടി രൂപയും, 22,589 സ്കൂളുകളിലെ അറ്റകുറ്റപ്പണികൾക്കായി 1,129.45 കോടി രൂപയും, 13,616 ശുചിമുറി സമുച്ചയങ്ങൾക്കായി 340.40 കോടി രൂപയും ഉൾപ്പെടുന്നു.

ഈ ദീർഘകാല പദ്ധതിക്ക് പുറമെ നിലവിൽ 3,006.34 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 518 സ്കൂൾ കെട്ടിടങ്ങൾക്കായി 620 കോടി രൂപയുടെ പദ്ധതികൾ ടെൻഡർ ഘട്ടത്തിലാണ് . നബാർഡ്, ധനകാര്യ വകുപ്പ് അനുമതിയോടെ 894 പുതിയ കെട്ടിടങ്ങൾക്കായി 600 കോടിയുടെ മറ്റൊരു നിർദേശവും സമർപ്പിച്ചിട്ടുണ്ട്. കൂടാതെ 2,906 ക്ലാസ് മുറികൾക്കായി 300 കോടി രൂപയുടെ പ്രവൃത്തികൾ ആരംഭിച്ചതിനൊപ്പം, പ്രധാന അറ്റകുറ്റപ്പണികൾക്ക് 550 കോടിയും മറ്റ് സൗകര്യങ്ങൾക്കായി 936.34 കോടിയും അനുവദിച്ചു.

2026 ഡിസംബറോടെ സ്കൂളുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി 1,087 കോടി രൂപയും ചെലവഴിക്കുന്നുണ്ട്. 9,000 സ്മാർട്ട് ക്ലാസ് മുറികൾക്കായി 107 കോടി രൂപയും, 80,000 ടാബ്‌ലെറ്റുകൾക്കായി 100 കോടി രൂപയും, 7,000 ഐസിടി ലാബുകൾക്കായി 880 കോടി രൂപയുമാണ് ഇതിൽ വകയിരുത്തിയിരിക്കുന്നത്.

സർക്കാർ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത ആശുതോഷ് റാങ്ക മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുകയും ‘ഓരോ തുള്ളി രക്തവും ഈ രാജ്യത്ത് വിപ്ലവത്തിന്റെ പ്രളയമുണ്ടാക്കും’ എന്ന് പ്രതികരിക്കുകയും ചെയ്തു. രാജസ്ഥാനിലെ സ്കൂളുകൾ പൂർണമായി നവീകരിക്കുന്നതുവരെ ‘സ്കൂൾ ഠീക് കരോ’ ക്യാംപെയ്ൻ തുടരുമെന്നും പ്രഖ്യാപിച്ച പദ്ധതികളുടെ നടത്തിപ്പ് പാർട്ടി കൃത്യമായി നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight:Rajasthan Govt Orders School Renovation After CJP’s ‘School Thik Karo’ Campaign.

 

 

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.