മലയാള സിനിമയുടെ തൊണ്ണൂറുകളില്‍ നിറഞ്ഞുനിന്ന സംവിധായകനായിരുന്നു രാജസേനന്‍. ജയറാമിനെ നായകനാക്കി അണിയിച്ചൊരുക്കിയ ചിത്രങ്ങള്‍ ഹിറ്റാക്കി മാറ്റിക്കൊണ്ടിയാരുന്നു മലയാള സിനിമാ നിഘണ്ടുവില്‍ രാജസേനന്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചുകൊണ്ട് ഒരുക്കിയ ചിത്രങ്ങളില്‍ പലതും തിയേറ്ററില്‍ വലിയ വിജയമായി മാറുകയും തമിഴിലേക്കും തെലുങ്കിലേക്കും ഈ ചിത്രങ്ങളുടെ റൈറ്റ്‌സ് വിറ്റഴിക്കപ്പെടുകയും ചെയ്തിരുന്നു.
കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, മേലേപറമ്പില്‍ ആണ്‍വീട്, സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്മണി തുടങ്ങി ആരാധകരുടെ ഫേവറിറ്റ് ലിസ്റ്റിലുള്ള ഒട്ടനവധി ചിത്രങ്ങളാണ് രാജസേനന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. അടുത്തിടെ മൂവി വേള്‍ഡ് ഒറിജനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ വിജയ-പരാജയങ്ങളെ കുറിച്ചും സംവിധായകന്‍ ബാലചന്ദ്ര മേനോനെ കുറിച്ചും രാജസേനന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
‘ഡിജിറ്റല്‍ മാറ്റങ്ങള്‍ വന്നതിന് ശേഷം ഒന്നും പഠിക്കാതെയും ഒന്നും ആലോചിക്കാതെയും സിനിമ എടുക്കുന്ന ഒരുപാട് പേരുണ്ട്. ഒന്നരക്കോടി രണ്ട് കോടി രൂപ കിട്ടിയാല്‍ ചുരുട്ടി കൂട്ടി ഒരു സിനിമയെടുക്കാന്‍ സാധിക്കുന്നവരും ഉണ്ട്. നമുക്കൊന്നും അത് അറിയില്ല. ഒരു മാന്യമായ ബജറ്റില്‍ സിനിമയെടുക്കാന്‍ മാത്രമേ നമുക്ക് അറിയുള്ളൂ. അല്ലാതെ എടുക്കുന്ന ഒരുപാട് ചത്രങ്ങള്‍ പരാജയപ്പെടാറുണ്ട്.
ഒരു പ്രവാസി സിനിമയെടുക്കാന്‍ വരുമ്പോള്‍ അവര്‍ക്ക് കിട്ടിയ അറിവ് വെച്ച് കഴിഞ്ഞ അഞ്ച് വര്‍ഷം ആകെ അഞ്ച് സിനിമയേ ഓടിയുള്ളൂ ബാക്കിയെല്ലാം നഷ്ടമാണ് ആയിരം കോടി നഷ്ടത്തിലാണ് മലയാള സിനിമ നില്‍ക്കുന്നത് എന്നെല്ലാം കേള്‍ക്കുമ്പോള്‍ അവര്‍ തിരിച്ചുപോകും. അത് സിനിമാ മേഖലയെ മോശമായി ബാധിച്ചേക്കാം. ഒന്നും പഠിക്കാതെ എടുക്കുന്ന ചില സിനിമ വിജയിക്കുന്നുമുണ്ട്.
ഉദാഹരണത്തിന് ബാലചന്ദ്ര മേനോന്‍ പണ്ട് സിനിമ പഠിച്ചിട്ടല്ല സിനിമയെടുത്തത്. അദ്ദേഹം ഒരു വീക്ക്‌ലിയില്‍ ജേണലിസ്റ്റായിരുന്നു. അവിടെയിരുന്ന് ഒരു സ്‌ക്രിപ്‌റ്റെഴുതി അദ്ദേഹത്തിന്റെതായ രീതിയില്‍ ഒരു സിനിമയെടുക്കുകയായിരുന്നു. ഒരു മൂന്ന് നാല് സിനിമ കഴിഞ്ഞപ്പോള്‍ അദ്ദേഹം വേറെ ലെവലായി. സിനിമ പഠിക്കാതെയും ചെയ്യാം എന്ന് തെളിയിച്ച അപൂര്‍വം ചില സംവിധായകരില്‍ ഒരാളാണ് ബാലചന്ദ്ര മേനോന്‍ സര്‍. എന്നാല്‍ എല്ലാവര്‍ക്കും ഇത് സാധിക്കില്ല. അങ്ങനെ പരാജയപ്പെടുന്ന ചിത്രങ്ങളുടെ എണ്ണം കൂടുമ്പോള്‍ അത് ഇന്‍ഡസ്ട്രിയെ ബാധിക്കും,’ രാജസേനന്‍ പറഞ്ഞു.
Content Highlight: Rajasenan talks about Director Balachandra menon
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.