മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്. സിനിമയുടെ പിന്നണിയിൽ ഒരു തയ്യൽക്കാരനായി കരിയർ ആരംഭിച്ച അദ്ദേഹം, പിന്നീട് അഭിനയരംഗത്തേക്ക് കടന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.
ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഇന്ദ്രൻസ് പിന്നീട് ഗൗരവമേറിയ വേഷങ്ങളിലൂടെയും തന്റെ അഭിനയ മികവ് തെളിയിച്ചു. സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ അദ്ദേഹം ഇന്ന് മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.
ലളിതമായ ജീവിതശൈലിയും വിനയപൂർവമായ പെരുമാറ്റവുമാണ് ഇന്ദ്രൻസിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ആരാധകരും സഹപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ആ വിനയത്തിന് പിന്നിൽ ശക്തമായ വ്യക്തിത്വവും നിലപാടുകളും ഉള്ള ഒരാളാണ് ഇന്ദ്രൻസ് എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ രാജസേനൻ.
ഇന്ദ്രൻസുമായി വർഷങ്ങളായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ച രാജസേനൻ, അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ചില പ്രത്യേകതകളും പങ്കുവെച്ചു. ‘അയാളുടെ ഏത് കാര്യവും ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ.
അദ്ദേഹത്തിന്റെ വിനയം കാപട്യമാണെന്ന് പറഞ്ഞപ്പോൾ അതിന് മറുപടി കൊടുത്തത് ഞാനാണ്. എത്ര വർഷമായി നേരിട്ട് കണ്ടിട്ടുള്ളവരാണ് ഞങ്ങൾ. “കടിഞ്ഞൂൽ കല്യാണം” സിനിമ മുതൽ എനിക്ക് പുള്ളിയെ പരിചയമുണ്ട്. ആ സമയത്ത് കോസ്റ്റ്യൂം ബോക്സിന്റെ പുറത്ത് ഊണും കഴിഞ്ഞിട്ട് വന്ന് “ട” പോലെ കിടന്നുറങ്ങുന്ന ഇന്ദ്രൻ ഇന്നും അത് തന്നെയാണ്,’ രാജസേനൻ പറഞ്ഞു.
നാഷണൽ അവാർഡും സംസ്ഥാന പുരസ്കാരങ്ങളും നേടിയ ശേഷവും ഇന്ദ്രൻസിന്റെ ജീവിതത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും രാജസേനൻ വ്യക്തമാക്കി. ‘അങ്ങേർക്ക് നാഷണൽ അവാർഡ് കിട്ടി.
സ്റ്റേറ്റ് അവാർഡുകൾ വാരിക്കൂട്ടി. ഇദ്ദേഹത്തിന്റെ വിനയത്തെ കളിയാക്കുന്നവർക്ക് അദ്ദേഹത്തിന്റെ വേറൊരു മുഖം അറിഞ്ഞൂടാ. ദേഷ്യം വന്നാൽ നന്നായിട്ട് ഫയർ ചെയ്യുന്ന ആളാണ്. അയാളെ ഇട്ട് ചൊറിഞ്ഞ് കഴിഞ്ഞാൽ ഭയങ്കരമായിട്ട് ദേഷ്യം വരും,’ അദ്ദേഹം പറഞ്ഞു.
എന്നാൽ അത് അഹങ്കാരമോ അധിക്ഷേപപരമായ പെരുമാറ്റമോ അല്ലെന്നും രാജസേനൻ വിശദീകരിച്ചു. ‘അപ്പോൾ തന്നെ മനസിലായില്ലേ? ആ വിനയം സത്യസന്ധമാണ്. എന്ന് കരുതി ഒരാൾ തോളത്ത് കയറിയിരുന്ന് ചൊറിഞ്ഞ് കഴിഞ്ഞാൽ പിന്നെ പോയി തീർന്നു. പരസ്പര ബഹുമാനം ഇല്ലാതെ സംസാരിക്കാൻ പറ്റില്ല. പ്രതികരിക്കും. അതിപ്പോൾ ആരായാലും,’ അദ്ദേഹം പറഞ്ഞു.
ഇന്ദ്രൻസിന്റെ അഭിനയത്തെക്കുറിച്ചും രാജസേനൻ പറഞ്ഞു. ഒരുകാലത്ത് അദ്ദേഹത്തിന്റെ രൂപം തന്നെയായിരുന്നു പല സിനിമകളിലും അവസരങ്ങൾ ലഭിക്കാൻ കാരണം. എന്നാൽ ഇന്ന് അത് മാറിയെന്നും കഥാപാത്രങ്ങളുടെ വികാരങ്ങൾ സ്വാഭാവികമായി മുഖത്ത് പ്രതിഫലിപ്പിക്കാൻ കഴിയുന്ന അപൂർവ അഭിനേതാവായി ഇന്ദ്രൻസ് വളർന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘കറുപ്പിന്റെ റിവ്യൂ കണ്ട ഉടനെ പുള്ളിയെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ രൂപം മുതലാക്കിക്കൊണ്ടാണ് മുമ്പ് സിനിമ കിട്ടിയിരുന്നത്. ചെറിയ മുഖവും മെലിഞ്ഞ ശരീരവും. അതൊക്കെ ഇപ്പോൾ മാറി. പുള്ളി മനപൂർവം അഭിനയിക്കാതെ തന്നെ ഒരു കഥാപാത്രത്തിന്റെ മുഖം കിട്ടുന്നുണ്ട്. ചില ടിപ്പിക്കൽ റോളിൽ പുള്ളി ചുമ്മാ നിന്നാൽ മതി. നിസഹായാവസ്ഥ ഒരു രക്ഷയും ഇല്ല,’ രാജസേനൻ കൂട്ടിച്ചേർത്തു.
Content Highlight: Rajasenan talk about Actor indrans
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.