തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. സൗദിവെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ തുടരും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിയോളം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇപ്പോള്‍ ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകരോട് നീതി പുലര്‍ത്തണം എന്ന് പറയുകയാണ് അദ്ദേഹം.
ചെറുപ്രായത്തിലെ സിനിമയോട് വളരെ ക്രെയ്‌സ് ഉള്ള ആളായിരുന്നു താനെന്നും ജോലിയില്‍ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ ഒരു ഭാഗം സിനിമ കാണാന്‍ വേണ്ടി മാറ്റി വെക്കാറുണ്ടായിരുന്നുവെന്നും രഞ്ജിത് പറയുന്നു. സിനിമ മോശമാകുകയാണെങ്കില്‍ ആ പൈസയ്ക്ക് മറ്റെന്തെങ്കിലും ചെയ്താല്‍ മതിയെന്ന് പറയുന്നവരാണ് ഭൂരിഭാഗം പ്രേക്ഷകരെന്നും അവരെ കൂടെ ഉദ്ദേശിച്ച് നമ്മള്‍ സിനിമ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയ്ക്ക് പിന്നിലെ അധ്വാനം ഏറെ വലുതാണെന്നും എന്നിരുന്നാലും ടിക്കറ്റെടുക്കുന്ന പ്രേക്ഷകരോട് തങ്ങള്‍ നീതി പുലര്‍ത്തേണ്ടത് ഉണ്ടെന്നും രഞ്ജിത് പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചെറിയ പ്രായത്തില്‍ ഞാന്‍ ജോലി ചെയ്യുന്ന സമയത്ത് നമുക്ക് കിട്ടുന്ന ശമ്പളത്തിന്റെ ഒരു ഭാഗം സിനിമയ്ക്ക് വേണ്ടി മാറ്റി വെയ്ക്കും. സിനിമ ഭയങ്കര ക്രെയ്‌സ് ആയിരുന്നു. അപ്പോള്‍ സിനിമ കാണാന്‍ പോയിട്ട് അത് മഹാ മോശം സിനിമ അണെങ്കില്‍ അന്നൊക്കെ പ്രാകും. ആ പൈസയ്ക്ക് പോയി എന്തെങ്കിലും കഴിക്കാമായിരുന്നു. അത് പോലും കഴിയാഞ്ഞിട്ടാണല്ലോ ഈ സിനിമയ്ക് പോയതെന്ന് പറയുന്ന പ്രേക്ഷകര്‍ ഇവിടെയുണ്ട്. അവരാണ് ആ ഭൂരിപക്ഷം. അപ്പോള്‍ നമ്മള്‍ അവരെ കൂടെ ഉദ്ദേശിക്കണം.
കാരണം എന്ത് പാടുപെട്ടിട്ടാണ് നമ്മള്‍ ഒരോ സിനിമയും ചെയ്യുന്നത്, പ്രത്യേകിച്ച് ഒരു ഫാമിലിയെ ഉള്‍പ്പെടെ സിനിമ കാണിക്കണമെങ്കില്‍ ഇന്നത്തെ കാശ് എത്രയാണ്. നീതി പുലര്‍ത്താന്‍ ശ്രമിക്കുക എന്നുള്ളത് നമ്മുടെ കടമയാണ്. ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകനോട് നീതി പുലര്‍ത്തുക എന്നത് നമ്മള്‍ മാക്‌സിമം ശ്രമിക്കേണ്ട കാര്യമാണ്. സംവിധായകരോട് ഞാന്‍ പറയും, എന്നോടല്ല ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകരോടാണ് നമ്മള്‍ നീതി പുലര്‍ത്തണ്ടേത്,’ രജപുത്ര രഞ്ജിത് പറയുന്നു.
Content Highlight: Rajaputra Ranjith says that justice should be done to the audience who buys tickets.