| Monday, 19th May 2025, 9:33 am

ആ കാരണം കൊണ്ട് എന്റെ സിനിമക്ക് ഞാന്‍ പൂജ ചെയ്യാറില്ല: രജപുത്ര രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാരംഗത്ത് 35 വര്‍ഷത്തോളമായി നിലനില്‍ക്കുന്ന നിര്‍മാണക്കമ്പനിയാണ് രജപുത്ര. ഒട്ടേറെ സിനിമകള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട് രജപുത്ര. എം. രഞ്ജിത്താണ് രജപുത്രയുടെ ഉടമസ്ഥന്‍. മോഹന്‍ലാലിനെ വെച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം. തന്റെ കരിയറിയില്‍ നിരവധി വിജയ പരാജയങ്ങളിലൂടെ കടന്നുപോയ നിര്‍മാതാവാണ് അദ്ദേഹം.

ഇപ്പോള്‍ സിനിമയില്‍ നമ്മള്‍ പരാജയപ്പെട്ട് കഴിഞ്ഞാല്‍ എല്ലാവരും നമ്മളെ ഉപേക്ഷിച്ച് പോകുമെന്ന് പറയുകയാണ് രഞ്ജിത്ത്.

സിനിമയില്‍ പരാജയപ്പെട്ടാല്‍ ചുരുങ്ങിയ ആളുകള്‍ ഒഴികെ മറ്റുള്ളവരെല്ലാം നമ്മളെ ഉപേക്ഷിച്ച് പോകുമെന്നും അത് താന്‍ ജീവിതത്തില്‍ പഠിച്ച ഒരു വലിയ കാര്യമാണെന്നും രഞ്ജിത്ത് പറയുന്നു. സിനിമയില്‍ ഒരു പരാജയം നേരിട്ട വ്യക്തിയാണെങ്കില്‍ മറ്റുള്ളവര്‍ സിനിമയുടെ പൂജക്ക് പോലും വിളിക്കില്ലെന്നും അങ്ങനെയുള്ളവരെ പൂജക്ക് വിളിക്കുന്നത് ആര്‍ക്കും ഇഷ്ടമല്ലെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് താന്‍ തന്റെ സിനിമക്ക് പൂജ വെക്കാറില്ലെന്നും താന്‍ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചിട്ടാണ് ലൊക്കേഷനില്‍ വരികയെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ജിവിതത്തില്‍ പഠിച്ച ഒരു കാര്യം പറയട്ടേ, ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും, നമ്മള്‍ സിനിമയില്‍ പരാജയപ്പെട്ട് കഴിഞ്ഞാല്‍ അഞ്ചോ പത്തോ സുഹൃത്തുക്കള്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം ഉപേക്ഷിച്ചിട്ട് പോകും. പിന്നെ ഒരു സിനിമയുടെ പൂജക്ക് പോലും നമ്മളെ വിളിക്കില്ല. കാരണം പരാജയപ്പെട്ടയാള്‍ പുജക്ക് വരുന്നത് ഇഷ്ടമല്ല. അതുകൊണ്ട് ഞാന്‍ എന്റെ സിനിമയ്ക്ക് പൂജ വെക്കാറില്ല. ഞാന്‍ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചിട്ട് ലൊക്കേഷനില്‍ നമ്മള്‍ തന്നെ തിരി കൊളുത്തും. കാരണം ജീവിതത്തില്‍ ഞാന്‍ പഠിച്ചൊരു കാര്യമാണ് സക്‌സസ് ഇല്ലാത്തവനെ പൂജക്ക് പോലും വിളിക്കില്ലെന്ന്,’ രഞ്ജിത്ത് പറയുന്നു.

Content Highlight: Rajaputhra Ranjith  says that if we fail in cinema, everyone will leave us.

We use cookies to give you the best possible experience. Learn more