ബ്രഹ്‌മാണ്ഡ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രം വാരാണാസിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണിപ്പോൾ പുറത്തുവരുന്നത്. ആയിരം കോടി രൂപയിലേറെ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ മഹേഷ് ബാബുവും പ്രിയങ്കാ ചോപ്രയും പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ, മലയാളത്തിന്റെ സൂപ്പർ താരം പൃഥ്വിരാജ് ആണ് പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത്.
കുംഭ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്. കുംഭ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ഇത് പൃഥ്വിരാജിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും എന്ന വിലയിരുത്തലിലാണ് പ്രേക്ഷകർ.
ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും പുതിയ അഭിമുഖത്തിലാണ് ‘വാരണാസി’ എന്ന പേര് നൽകാൻ കാരണമെന്താണെന്ന് രാജമൗലി വ്യക്തമാക്കിയത്.
‘വാരണാസി ഒരു പുരാതന നഗരത്തിന്റെ പേരാണ്. ലോകത്തിലെ ആദ്യ നഗരമെന്ന നിലയിൽ തന്നെ കോടിക്കണക്കിന് ആളുകൾ അതിനെ ആരാധനയോടെ കാണുന്നു. ആ പേരിന് വലിയ ഭാരവും മതപരമായ പ്രാധാന്യവുമുണ്ട്. അതിനാൽ തന്നെ ആ പേര് ഉപയോഗിക്കുമ്പോൾ എനിക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് മനസിലായി,’ രാജമൗലി പറഞ്ഞു.
വാരണാസി എന്ന ടൈറ്റിൽ ആദ്യമായി സ്ക്രീനിൽ കണ്ടപ്പോൾ തനിക്ക് രോമാഞ്ചവും കണ്ണുനീരുമുണ്ടായെന്നും, അന്നാണ് സിനിമയ്ക്ക് ആ പേര് നൽകിയത് ശരിയായ തീരുമാനമാണെന്ന് ഉറപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ചിത്രമായിരിക്കും വാരണാസി. സിനിമയിലെ ഏകദേശം 25 മിനിറ്റ് ഭാഗം പുരാണകാലഘട്ടത്തിൽ നടക്കുന്ന കഥയാണെന്നും, കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും രാജമൗലി പറഞ്ഞു. ആദ്യം ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറക്കാൻ ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് ആ തീരുമാനം ഉപേക്ഷിച്ച് ഒറ്റ പാർട്ട് സിനിമ ആക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2027 ഏപ്രിൽ 7ന് തിയേറ്ററുകളിലെത്തുന്ന വാരണാസി ആഗോളതലത്തിൽ വമ്പൻ റിലീസായി എത്തും. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആർ.ആർ.ആർ. ന് ശേഷമുള്ള രാജമൗലി ചിത്രം എന്ന നിലയിൽ തന്നെ, വാരണാസി ആഗോള സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുമെന്നതിൽ സംശയമില്ല.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.