ഒരു ഇന്‍ഡസ്ട്രിയില്‍ പല തരത്തിലുള്ള അഭിനേതാക്കള്‍ വേണമെന്ന് പറയുകയാണ് നടന്‍ രാജ് ബി. ഷെട്ടി. അങ്ങനെയെങ്കില്‍ മാത്രമേ എഴുത്തുകാര്‍ക്ക് വ്യത്യസ്തമായ സ്‌ക്രിപ്റ്റുകള്‍ എഴുതാന്‍ സാധിക്കുകയുള്ളൂവെന്നും അല്ലെങ്കില്‍ എല്ലാ സിനിമകളും കെ.ജി.എഫും പുഷ്പയും പോലെയാകുമെന്നും അദ്ദേഹം പറയുന്നു.
ഒ.ടി.ടി വന്നപ്പോള്‍ സിനിമയിലെ നായക സങ്കല്‍പങ്ങള്‍ മാറിയെന്നും ഫൈറ്റും ലുക്കും ഗ്ലാമറുമൊന്നുമല്ല കാര്യമെന്നും തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ദ നെക്സ്റ്റ് 14 മിനിറ്റ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി നല്‍കുകയായിരുന്നു രാജ് ബി. ഷെട്ടി.
‘എന്നെ ആളുകള്‍ ഒ.ടി.ടി വരുന്നതിന് മുമ്പ് ആക്‌സെപ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ പറ്റില്ല. പൊതുവായിട്ട് പറയുകയാണെങ്കില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. എനിക്ക് വേണമെങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ റോളില്‍ വരാം.
എന്നാല്‍ അത് യഷിനോ ദുല്‍ഖറിനോ ചെയ്യാന്‍ പറ്റില്ല. അവരെ കണ്ട നാള്‍ മുതല്‍ അവരെ ഫന്റാസ്റ്റിക്കായ ഹീറോ ആയിട്ടാണ് കണ്ടിട്ടുള്ളത്. അവര്‍ക്ക് വേണമെങ്കില്‍ ഒരു സിനിമയില്‍ സൂപ്പര്‍ഹീറോ ആകാം. അതില്‍ കുഴപ്പമില്ല. നമ്മള്‍ സാധാരണക്കാരനായാണ് കാണപ്പെടുന്നത്.
ഒരു ഇന്‍ഡസ്ട്രിയില്‍ തന്നെ പല തരത്തിലുള്ള ആക്ടേഴ്‌സ് വേണം. അങ്ങനെയെങ്കില്‍ മാത്രമേ എഴുത്തുകാര്‍ക്ക് വ്യത്യസ്തമായ സ്‌ക്രിപ്റ്റുകള്‍ എഴുതാന്‍ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ എല്ലാം കെ.ജി.എഫും പുഷ്പയും പോലെയാകും,’ രാജ് ബി. ഷെട്ടി പറയുന്നു.
പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ ശ്രദ്ധേയനായ രാജ് ബി. ഷെട്ടി നായകനാകുന്ന മലയാള ചിത്രമാണ് രുധിരം. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്.
Content Highlight: Raj B Shetty Says Every Industry Needs Different Types Of Actors