റായ്പൂരില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ തകര്‍ത്ത കേസ്; ജാമ്യം ലഭിച്ച ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് വന്‍ സ്വീകരണം
India
റായ്പൂരില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ തകര്‍ത്ത കേസ്; ജാമ്യം ലഭിച്ച ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് വന്‍ സ്വീകരണം
നിഷാന. വി.വി
Sunday, 4th January 2026, 3:19 pm

റായ്പൂര്‍: റായ്പൂര്‍മാളില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ച ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് വന്‍ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍.

കേസില്‍ അറസ്റ്റിലായ ആറ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ജനുവരി ഒന്നിന് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിന് പിന്നാലെയാണ് സ്വീകരണം.

അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷമാണ് പ്രതികളെ ജാമ്യത്തില്‍ വിട്ടത്. തുടര്‍ന്ന് മാലകളണിയിച്ചും മധുരപലഹാരങ്ങള്‍ നല്‍കിയുമാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

കൂടാതെ ‘രഘുപതി രാഘവ രാജാറാം’ പാടികൊണ്ട് തോളിലേറ്റി കൊണ്ട് പോയി ഘോഷയാത്രയും നടത്തി.

സംഭവം വിവാദമായതോടെ ആഘോഷത്തെ ന്യായീകരിച്ചുകൊണ്ട് ബജ്‌റംദള്‍ നേതാവ് രവി വധ്വാനി രംഗത്തെത്തുകയും ചെയ്തു.

ആറ് പേരെയും നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതാണെന്നും നശീകരണ പ്രവര്‍ത്തനത്തില്‍ അവര്‍ക്ക് പങ്കില്ലെന്നും വധ്വാനി അവകാശപ്പെട്ടു.

‘ പുറത്തുവന്ന വീഡിയോയില്‍ അലങ്കാരങ്ങള്‍ നശിപ്പിക്കുമ്പോള്‍ ആള്‍കൂട്ടം മുഖം മറച്ചിരുന്നു. അവര്‍ സാറാസമാജിന്റെ അംഗങ്ങളാണ്, കാരണം ഞങ്ങള്‍ ഒരിക്കലും മുഖം മറയ്ക്കാറില്ല,’ അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്ന പുരുഷന്മാരുടെ മനോവീര്യം വര്‍ധിപ്പിക്കുന്നതിനാണ് സ്വീകരണം നല്‍കിയതെന്നും വധ്വാനി കൂട്ടിചേര്‍ത്തു.

ക്രിസ്മസ് ദിനാഘോഷത്തിന്റെ ഭാഗമായി അലങ്കരിച്ച ഛത്തീസ്ഗഡിലെ ‘മാഗ് നറ്റൊ’ എന്ന ഷോപ്പിങ് മാളിലേക്ക് അതിക്രമിച്ചു കയറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ആയുധങ്ങളുമായി മാളിലേക്ക് അതിക്രമിച്ചു കയറിയ ഹിന്ദുത്വ വാദികള്‍ ക്രിസ്മസ് ട്രീകളും മറ്റ് അലങ്കാരങ്ങളും തല്ലി തകര്‍ക്കുകയായിരുന്നു.  ഇതിനെതിരെ വലിയ വിവാദാമാണ് രാജ്യത്ത് ഉണ്ടായത്.

Content Highlight: Raipur mall demolition case: Bajrang Dal activists granted bail get grand welcome

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.