| Monday, 19th May 2025, 4:40 pm

ഭരതനാട്യം സിനിമ തിയേറ്ററിൽ വിജയിക്കാത്തതിന് കാരണം മഴ? സൈജു കുറുപ്പ് പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സൈജു കുറുപ്പ്. 2005ല്‍ ടി. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ മയൂഖത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. പിന്നീട് നിരവധി കഥാപാത്രങ്ങളിലായി നിരവധി സിനിമകളില്‍ സൈജു അഭിനയിച്ചിട്ടുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു സൈജുവിന് ഏറ്റവും ശ്രദ്ധ നേടി കൊടുത്തത്.

തമിഴ് സിനിമകളിലും സൈജു കുറുപ്പ് വേഷമിട്ടിട്ടുണ്ട്. 2013ൽ റിലീസായ മൈ ഫാൻ രാമു എന്ന സിനിമയ്ക്ക് സൈജു കുറുപ്പ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഭരതനാട്യം എന്ന സിനിമ നിർമാണം ചെയ്തതിനൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട് സൈജു കുറുപ്പ്. ഇപ്പോൾ ഭരതനാട്യം തിയേറ്ററില്‍ വിജയം ലഭിക്കാത്തതിന് കാരണം മഴയായിരുന്നെന്ന് സൈജു കുറുപ്പ് പറയുന്നു.

സച്ചിന്‍ ക്യാപ്റ്റനായി കഴിഞ്ഞപ്പോള്‍ നന്നായി കളിക്കാന്‍ പറ്റാത്ത അവസ്ഥ പോലെയാണ് ഹീറോക്കെന്ന് തങ്ങള്‍ പറയാറുണ്ടെന്നും എന്നാല്‍ ഹീറോ ആയിക്കഴിയുമ്പോള്‍ നന്നായി അഭിനയിക്കാന്‍ പറ്റാത്ത അവസ്ഥ ഇല്ലെന്നും സൈജു പറഞ്ഞു.

തങ്ങള്‍ നന്നായിത്തന്നെയാണ് അഭിനയിക്കുന്നതെന്നും എന്നാല്‍ ആളുകള്‍ എങ്ങനെ അത് ഏറ്റെടുക്കുമെന്നുള്ളതാണ് ആശങ്കയെന്നും സൈജു പറയുന്നു. ഒരുപാട് സിനിമ പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടെന്നും അതുകൊണ്ട് നല്ലൊരു സിനിമ കൊടുത്താല്‍ എവിടെയെങ്കിലും ശ്രദ്ധിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരതനാട്യം വര്‍ക്ക് ചെയ്യാതിരിക്കാനുള്ള കാരണം മഴയായിരുന്നുവെന്ന് വേണമെങ്കില്‍ പറയാമെന്നും ഭരതനാട്യം റിലീസ് ചെയ്യുന്ന സമയത്ത് നല്ല മഴയായിരുന്നുവെന്നും സൈജു പറഞ്ഞു.

നല്ല പടമായിരുന്നല്ലോ എന്ത് കൊണ്ട് വര്‍ക്ക് ആയില്ലെന്ന് ചോദിക്കുന്നവരോട് എന്ത് പറയാനാണെന്നും സൈജു കുറുപ്പ് കൂട്ടിച്ചേര്‍ത്തു. മലബാര്‍ ജേര്‍ണലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സച്ചിന്‍ ക്യാപ്റ്റനായി കഴിഞ്ഞപ്പോള്‍ നന്നായി കളിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്ന് ഹീറോക്കെന്ന് തമാശക്ക് പറയാറുണ്ട്. അതുപോലെ ഹീറോ ആയിക്കഴിയുമ്പോള്‍ നന്നായി അഭിനയിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകാറില്ല. നമ്മള്‍ നന്നായിട്ട് തന്നെയാണ് അഭിനയിക്കുന്നത്. സപ്പോര്‍ട്ടിങ് റോള്‍ ചെയ്യുന്നത് പോലെ തന്നെയാണ് അതും. പിന്നെ ഇത് ആളുകള്‍ എങ്ങനെ റിസീവ് ചെയ്യുമെന്നുള്ളതാണ്.

ഇപ്പോള്‍ ഒരുപാട് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്. അതുകൊണ്ട് നമ്മള്‍ നല്ലൊരു സിനിമ കൊടുത്താല്‍ എവിടെയെങ്കിലും ശ്രദ്ധിക്കപ്പെടും. ഭരതനാട്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ തിയേറ്ററില്‍ വര്‍ക്കാവാതിരിക്കാന്‍ പല റീസണ്‍സും പറയാം. അതില്‍ മഴ ഒരു കാരണമായി പറയാം. ഭരതനാട്യം റിലീസ് ചെയ്യുന്ന സമയത്ത് നല്ല മഴയായിരുന്നു. ഇനി ആളുകള്‍ തിയേറ്ററിലേക്ക് വരുമോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.

ചില ആളുകള്‍ ചോദിക്കും നല്ല പടമായിരുന്നല്ലോ എന്ത് കൊണ്ട് വര്‍ക്ക് ആയില്ലെന്ന്. അങ്ങനെ ചോദിക്കുമ്പോള്‍ എന്ത് പറയാനാണ്,’ സൈജു കുറുപ്പ് പറയുന്നു.

Content Highlight: Rain is the reason why Bharatanatyam is not successful in theatre? Says Saiju Kurupp

Latest Stories

We use cookies to give you the best possible experience. Learn more