കട്ടന്‍ചായയും ജോണ്‍സണ്‍ മാഷിന്റെ സംഗീതവും മാത്രമല്ല മലയാള സിനിമയിലെ മഴ; മഴയില്‍ നനഞ്ഞ ചില സിനിമകള്‍
DISCOURSE
കട്ടന്‍ചായയും ജോണ്‍സണ്‍ മാഷിന്റെ സംഗീതവും മാത്രമല്ല മലയാള സിനിമയിലെ മഴ; മഴയില്‍ നനഞ്ഞ ചില സിനിമകള്‍
ശരണ്യ ശശിധരൻ
Sunday, 20th July 2025, 5:07 pm

മഴ… കട്ടന്‍ചായ… ജോണ്‍സണ്‍ മാഷിന്റെ സംഗീതം എന്ന ഡയലോഗ് വളരെ പ്രശസ്തമാണ്. ഒരു കാലത്ത് എഫ്.ബി പോസ്റ്റുകളില്‍ നിറഞ്ഞു നിന്നിരുന്ന യമണ്ടന്‍ പ്രേമകഥയിലെ ദുല്‍ഖര്‍ പറയുന്ന ഡയലോഗ്, എന്നാല്‍ കാലം കുറച്ച് കഴിഞ്ഞപ്പോള്‍ അതേ ഡയലോഗ് തന്നെ ട്രോള്‍ മെറ്റീരിയലായി മാറി. മഴ കാല്‍പ്പനികതയും പ്രണയവും വിരഹവും മാത്രമല്ല മറിച്ച് മഴക്ക് കുറച്ച് കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ കൂടിയുണ്ടെന്ന് ആളുകള്‍ മനസിലാക്കി. അടച്ചുറപ്പുള്ള വീട്ടിലുള്ളവര്‍ക്ക് കട്ടന്‍ചായയൊക്കെ കുടിച്ച് ആസ്വദിക്കാന്‍ സാധിക്കുന്നതാണ് മഴയെങ്കില്‍ കേറിക്കിടക്കാന്‍ ഒരു കൂര പോലും ഇല്ലാത്തവര്‍ക്കും മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും മഴ എന്നുമൊരു പേടിസ്വപ്‌നം മാത്രമായിരിക്കും.

മഴയെ കാല്‍പ്പനിതവത്കരിച്ചുകൊണ്ട് മാത്രമായിരുന്നില്ല മലയാള സിനിമ ഉപയോഗിച്ചത്. മറിച്ച് പ്രണയമായും കണ്ണീരായും വിരഹമായും ഒരേസമയത്ത് ഉപയോഗിച്ചിട്ടുണ്ട്. സിനിമയുടെ വിവിധ ഭാവങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുന്ന പ്രകൃതി ഉത്പന്നമാണ് മഴ. മഴയും സിനിമയും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, മറിച്ച് കാലങ്ങളായി സിനിമയിലുണ്ട്.

തൂവാനത്തുമ്പികളിലെ മഴ പ്രണയത്തിനൊപ്പം വിരഹത്തിനും സാക്ഷിയായി. സിനിമ കണ്ടവര്‍ ജയകൃഷ്ണന്‍, ക്ലാര, രാധ എന്നിവര്‍ക്കൊപ്പം മഴയേയും സ്വീകരിച്ചപ്പോള്‍ വൈശാലി എന്ന ചിത്രത്തില്‍ മഴ പ്രണയത്തിനും വേദനക്കും കാരണമായി. എന്നാല്‍ 2018ല്‍ മഴ ഉഗ്രരൂപിയാണ്. പ്രളയം കാരണം ജീവനും ജീവിതവും നഷ്ടമായ ഒരു നാടിന്റെ കഥയാണ് 2018 പറയുന്നത്. അതുപോലെ നിരവധി സിനിമകളില്‍ മഴയെ വിവിധ രൂപത്തില്‍ ഭാവത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ ചില ചിത്രങ്ങള്‍.

പെരുമഴക്കാലം

രണ്ട് സ്ത്രീകള്‍ ഒന്ന് റസിയയും മറ്റൊന്ന് ഗംഗയും. ഇരുവരുടെയും ജീവിതത്തില്‍ കടന്നുപോകേണ്ടി വന്ന സാഹചര്യങ്ങളില്‍ അത് പ്രണയമായാലും നഷ്ടമായാലും അതിനോടൊപ്പം തന്നെ മഴയും പ്രധാനകഥാപാത്രമാകുന്നുണ്ട്. അറിയാതെ വന്ന കൈപ്പിഴയില്‍ മറ്റൊരാളുടെ ജീവനെടുക്കേണ്ടി വന്ന ഭര്‍ത്താവിന്റെ വധശിക്ഷ ഒഴിവാക്കുന്നതിന് വേണ്ടി പാലക്കാട് അഗ്രഹാരത്തില്‍ എത്തുന്ന മുസ്‌ലിം യുവതിയാണ് മീരാ ജാസ്മിന്‍ അവതരിപ്പിച്ച റസിയ.

വിധവയാകേണ്ടി വന്ന കാവ്യാ മാധവന്റെ കഥാപാത്രം ഗംഗ. ഇരുവരുടെയും ജീവിതം ഒരു തീച്ചൂളയില്‍ എന്ന പോലെയാണ്. ഓരോ നിമിഷവും അവര്‍ എരിഞ്ഞടങ്ങിക്കൊണ്ടിരിക്കുകയാണ്. ഓരോ പ്രാവശ്യവും ഭര്‍ത്താവിന്റെ ജീവന് വേണ്ടി യാചിക്കുമ്പോള്‍, അവള്‍ കരയുമ്പോള്‍ മഴയും അതിനൊപ്പം തന്നെ കരയുന്നുണ്ട്. ആദ്യാവസാനം മഴ പ്രധാനമായി നിന്ന സിനിമ ഒരുപക്ഷെ പെരുമഴക്കാലം ആയിരിക്കും.

തൂവാനത്തുമ്പികള്‍

ക്ലാരയുടെയും ജയകൃഷ്ണന്റെയും പ്രണയത്തില്‍ ഒരുപ്രധാന പങ്ക് വഹിക്കുന്നത് മഴയാണ്. മലയാള സിനിമയിലെ മഴയുടെ പ്രധാനിയാണ് പത്മരാജന്‍. ഇരുവരും കൊണ്ടുനടക്കുന്ന പ്രണയത്തിനും പിന്നീട് വിരഹത്തിനും സാക്ഷിയാകുന്നത് മഴയാണ്. എന്നാല്‍ പിന്നീട് ഒന്നിക്കാന്‍ കഴിയില്ലെന്ന സത്യം ഇരുവര്‍ക്കും മനസിലാകുമ്പോള്‍ മഴ പെയ്യുന്നുമില്ല. എനിക്കോർമയുണ്ട് ആദ്യം ഞാനവൾക്ക് കത്തെഴുതുമ്പോഴും മഴ പെയ്തിരുന്നു. ആദ്യം ഞങ്ങൾ മീറ്റ് ചെയ്യുമ്പോഴും മഴ പെയ്തിരുന്നു എന്ന് ജയകൃഷ്ണൻ പറയുന്നുണ്ട്. ആ സിനിമ കണ്ടിറങ്ങുമ്പോള്‍ ജയകൃഷ്ണനും ക്ലാരക്കുമൊപ്പം മണ്ണാര്‍ത്തൊടിയിലെ മഴ പ്രേക്ഷകരും നനയുന്നുണ്ട്.

വൈശാലി

ഋഷ്യശൃഖനെ വശീകരിച്ച് അംഗരാജ്യത്തില്‍ എത്തിച്ച് കൊടിയ വരള്‍ച്ച മാറ്റുവാനായി നിയോഗിക്കപ്പെടുന്ന വൈശാലി. എന്നാല്‍ സ്ത്രീസാമീപ്യം പോലും നിഷിദ്ധമായ ഋഷ്യശൃഖന് വൈശാലി പെണ്ണാണെന്ന് പോലും അറിയില്ല. എന്നാലും വൈശാലിയില്‍ ആകൃഷ്ടനായി അംഗരാജ്യത്തെത്തുന്ന ഋഷ്യശൃഖന്‍ യാഗം നടത്തി മഴ പെയ്യിക്കുന്നുണ്ട്. കാത്തിരുന്ന മഴ പിന്നീട് വൈശാലിക്ക് കൊടുക്കുന്നത് വിരഹവും വേദനയും മാത്രമാണ്. ഒടുവിലവള്‍ ആള്‍ക്കൂട്ടങ്ങളുടെ ചവിട്ടില്‍ അവള്‍ ഉറക്കെ കരയുമ്പോഴും അംഗരാജ്യത്തിന് ആനന്ദമായി മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.

മഴ

മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന കഥയെ അടിസ്ഥാനമാക്കിയെടുത്ത സിനിമയാണ് മഴ. ഭദ്രയുടെയും ശാസ്ത്രികളുടെയും പ്രണയത്തിന് മഴ സാക്ഷിയാണ്. വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാലോര്‍മ്മകളില്‍ ശ്യാമവര്‍ണ്ണന്‍ കളിയാടി നില്‍ക്കും കദനം നിറയും യമുനാ നദിയായ് മിഴിനീര്‍ വഴിയും എന്ന പാട്ടിലും ആഷാഢം പാടുമ്പോള്‍ എന്ന പാട്ടിലുമുള്‍പ്പെടെ മഴക്ക് ആ പാട്ടില്‍ സ്ഥാനമുണ്ട്.

2018 എവരിവൺ ഈസ് എ ഹീറോ

2018ല്‍ നടന്ന പ്രളയത്തെ അടിസ്ഥാനമാക്കിയെടുത്ത ചിത്രമാണ് 2018. മഴ പ്രണയവും വിരഹവും മാത്രമല്ല ഉഗ്രതാണ്ഡവമാടുന്ന ശക്തി കൂടിയാണെന്ന് ആ സിനിമ കാണിച്ചുതന്നു. മഴ ഒരു പ്രകൃതിദുരന്തം ആണെന്നും ഭയപ്പെടുത്തുന്നതാണെന്നും ആ സിനിമ കാണിച്ചുതന്നു. കേരളത്തെയാകമാനം മുക്കിക്കളഞ്ഞ പ്രളയം ഇപ്പോഴും ഒരു വേദന തന്നെയാണ്.

എന്ന് നിന്റെ മൊയ്തീന്‍

മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തിനും വിരഹത്തിനും കാഴ്ചക്കാരനാണ് മഴ. കോഴിക്കോട് മുക്കത്ത് നടന്ന യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയെടുത്ത ചിത്രത്തില്‍ വെള്ളത്താലും തന്റെ പ്രിയതമന്‍ നഷ്ടപ്പെടുമ്പോള്‍ മഴയും അതിനൊപ്പം തന്നെ കണ്ണീര്‍ വാര്‍ക്കുന്നുണ്ട്.
ഈ മഴതന്‍ വിരലില്‍ പുഴയില്‍ എഴുതിയ ലിപിയുടെ പൊരുളറിയേ വിധുരമൊരോര്‍മ്മയില്‍ നാമെരിയുന്നൂ വിരഹനിലാവലപോല്‍ ഇവിടെ… എന്ന വരികളില്‍ മഴയെ കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്.

മഞ്ഞുമ്മല്‍ ബോയ്‌സ്

ചിത്രത്തില്‍ ബന്ധങ്ങള്‍ക്കൊപ്പം മഴയും ഒരു പ്രധാനകഥാപാത്രം തന്നെയാണ്. ഗുണാകേവില്‍ അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടയില്‍ പെയ്യുന്ന മഴ അവരുടെ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കുഴിയിലേക്ക് വെള്ളം വീഴാതിരിക്കാന്‍ അവരോരുത്തരും ശ്രമിക്കുന്നുണ്ട്. ആ മഴയില്‍ നനഞ്ഞുകുളിച്ചുകൊണ്ടാണ് അവര്‍ ഓരോാരത്തരും തന്റെ കൂട്ടുകാരന്റെ ജീവന് വേണ്ടി കിണഞ്ഞ് പരിശ്രമിക്കുന്നത്. അതിന് വേണ്ടി ഓടുന്നത്. അവര്‍ക്ക് ആ മഴ വേദനയായിരുന്നെങ്കില്‍ കുഴിയില്‍ വീണ സുഭാഷിന് ജീവന്‍ നിലനിര്‍ത്താന്‍ വായു നല്‍കിയതും ആ മഴ തന്നെയായിരുന്നു.

മലയാള സിനിമയുടെ മഴയില്‍ നനഞ്ഞ സിനിമകളുടെ ലിസ്റ്റ് അവസാനിക്കുന്നില്ല. ഇനിയുമൊരുപാട് സിനിമകള്‍ പല കാലഘട്ടത്തിലായി വന്നിട്ടുണ്ട്. നിങ്ങള്‍ക്കിഷ്ടപ്പെട്ട ശ്രദ്ധേയമായി തോന്നിയ സിനിമ പറയാമോ?

Content Highlight: Rain is also the Character of Malayalam Cinema, Here are some Movies

ശരണ്യ ശശിധരൻ
ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം