മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായി മാറി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്, സിദ്ദിഖ്, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്. 4K സാങ്കേതിക വിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്.
ചിത്രത്തിന്റെ റീ റിലീസിന് ശേഷം വീണ്ടും ചര്‍ച്ചയാവുകയൊന്നാണ് സിനിമയില്‍ ഉപയോഗിക്കാത്ത ഒരു പാട്ട്. ‘പൂനിലാമഴയില്‍’ എന്ന് ആരംഭിക്കുന്ന മെലഡിയെക്കുറിച്ച് ഇതിനോടകം ചര്‍ച്ചകള്‍ ആരംഭിച്ചു. ആ ഗാനത്തെക്കുറിച്ച് സംസാരിക്കുകയാണ് സംഗീതസംവിധായകന്‍ രാഹുല്‍ രാജ്.
സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് അന്‍വര്‍ റഷീദ് തന്നോട് ഒരു മെലഡി വേണമെന്ന് ആവശ്യപ്പെട്ടെന്നും താന്‍ അതിന് സമ്മതിച്ചെന്നും രാഹുല്‍ രാജ് പറഞ്ഞു. എന്നാല്‍ സിനിമയില്‍ അത് ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന് ആദ്യമേ മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു രാഹുല്‍ രാജ്.
‘പൂനിലാമഴയില്‍ ഓഡിയോ സോങ് മാത്രമേ ഇപ്പോള്‍ യൂട്യൂബില്‍ കേള്‍ക്കാന്‍ പറ്റുള്ളൂ. അത് സിനിമയില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ആദ്യമേ അറിയാമായിരുന്നു. അതായത്, ആ പാട്ട് സിനിമയില്‍ വെക്കാന്‍ പറ്റിയ സിറ്റുവേഷനില്ല. തലയും ലതയും തമ്മിലുള്ള റൊമാന്‍സിന് ആ പാട്ട് കാണിക്കാമെന്ന് വിചാരിച്ചാല്‍, പടത്തില്‍ അത് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള സമയമില്ല.
അന്‍വര്‍ എന്നോട് ആദ്യമേ തന്നെ ‘എടാ നമ്മള്‍ രണ്ട് പേരും കൂടെയുള്ള ആദ്യത്തെ പടമാണ്. അതിലെന്തായാലും ഒരു നല്ല മെലഡി വേണമെന്ന് ആഗ്രഹമുണ്ട്. അതിന് വേണ്ടി മാത്രം നീ എനിക്ക് ഒരു പാട്ട് ചെയ്ത തരണം. എങ്ങാനും പാട്ട് പടത്തിലില്ലെങ്കില്‍ നീയെന്നെ കൊല്ലരുത്’ എന്ന് ആദ്യമേ പറഞ്ഞിരുന്നു.
എന്നിട്ടും നല്ല രീതിയില്‍ ആ പാട്ട് കമ്പോസ് ചെയ്തു. സംഗീതാണ് ആ പാട്ട് പാടിയത്. അവന്റെ ആദ്യത്തെ പാട്ടാണ് അത്. സിനിമയില്‍ ആ പാട്ട് ഉപയോഗിക്കാന്‍ ചാന്‍സുണ്ടാകില്ലെന്ന് മുന്‍കൂട്ടി കണ്ട് ‘തലാ’ എന്ന പാട്ടില്‍ അവന് ചെറിയൊരു പോര്‍ഷന്‍ കൂടി പാടാന്‍ കൊടുത്തു,’ രാഹുല്‍ രാജ് പറയുന്നു.
Content Highlight: Rahul Raj about the deleted song in Chotta Mumbai movie