| Monday, 2nd February 2026, 5:31 pm

ജയിലില്‍ കിടക്കാനുള്ള തെറ്റ് ചെയ്തിട്ടില്ല; നടന്നത് ഗൂഢാലോചന; മൗനം പാലിച്ചതിലാണ് തനിക്ക് പിഴച്ചത്: രാഹുല്‍ മാങ്കൂട്ടത്തില്‍

അനിത സി

തിരുവനന്തപുരം: ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയിലടക്കം സ്ഥാനം നഷ്ടപ്പെട്ട വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. തനിക്ക് എതിരെ നടന്നത് ഗൂഢാലോചനയാണെന്ന് രാഹുല്‍ ട്വന്റി ഫോര്‍ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തനിക്കെതിരായ പരാതികളില്‍ കേരളം ഞെട്ടുന്ന തരത്തിലുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നും രാഹുല്‍ പറഞ്ഞു.

അതിജീവിതയുടെ പരാതി വ്യാജമാണെന്നും ചാറ്റ് പുറത്തുവിടുമ്പോള്‍ മുഴുവനായും പുറത്തുവിടണമെന്നും രാഹുല്‍ പറഞ്ഞു. പരാതികള്‍ ഉയര്‍ന്നപ്പോള്‍ മൗനം പാലിക്കുകയാണ് ചെയ്തത്. തന്റെ മൗനമായിരുന്നു തന്റെ സന്ദേശം, എന്നാല്‍ ആ മൗനത്തിലാണ് തനിക്കെല്ലാം പിഴച്ചതെന്നും രാഹുല്‍ പറഞ്ഞു.

ഒരു സ്ത്രീക്ക് പോലും സമ്മതമില്ലാതെ ഷേയ്ക്ക് ഹാന്‍ഡ് പോലും നല്‍കിയിട്ടില്ലാത്ത വ്യക്തിയാണ് താന്‍. അത്ര ധാര്‍മ്മികത പുലര്‍ത്തുന്നയാളാണ് താനെന്നും രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞു. ഹു കെയേഴ്‌സ് എന്ന് പറഞ്ഞത് ഒന്നിനേയും പരിഹസിക്കാനല്ല. ജയിലില്‍ കിടക്കാനുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചു.

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജുമായി തനിക്കുണ്ടായിരുന്നത് നല്ല സൗഹൃദമായിരുന്നെന്നും തന്നോടൊപ്പം പാലക്കാട് വെച്ച് സെല്‍ഫിയെടുത്തിരുന്നെന്നും റിനിയുടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

പരിചയപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ തന്നെ മോശമായി പെരുമാറിയെന്ന റിനിയുടെ ആരോപണം തള്ളിക്കൊണ്ടായിരുന്നു രാഹുലിന്റെ വിശദീകരണം. റിനി ആ സംഭാഷണം പുറത്തുവിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

തെളിവായി മുഴുവന്‍ ചാറ്റ് പുറത്തുവിടാന്‍ തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു. എല്ലാം പുറത്തുപറഞ്ഞാല്‍ ചാറ്റ് പുറത്തിവിടുമെന്ന് പറയുന്നത് ഭീഷണിപ്പെടുത്തലാണോ എന്ന അവതാരകന്റെ ചോദ്യത്തോട് അങ്ങനെയല്ലെങ്കില്‍ എങ്ങനെയാണ് തന്റെ നിരപരാധിത്വം തെളിയിക്കേണ്ടതെന്നായിരുന്നു രാഹുലിന്റെ ചോദ്യം.

കര്‍ഷക സമരത്തിന്റെ സമയത്ത് ദല്‍ഹിയിലേക്ക് ക്ഷണിച്ചെന്നും മോശമായി പെരുമാറിയെന്നുമുള്ള എം.എ ഷഹനാസിന്റെ പ്രതികരണം തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ഷഹനാസ് പാലക്കാട് മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടു. മാനനഷ്ടത്തിന് കേസ് നല്‍കാന്‍ ഷഹനാസ് പറഞ്ഞെന്നും രാഹുല്‍ആരോപിച്ചു.

പരാതിക്കാരിയോട് ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും സത്യാവസ്ഥയുടെ പത്ത് ശതമാനം പുറത്തുവന്നിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. പരാതിക്കാരിയോട് ഫ്‌ളാറ്റ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ അവകാശപ്പെട്ടു.

Content Highlight: Rahul Mamkoottathil rejects Allegations

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more