പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ അതിജീവിതയെ അധിക്ഷേപിച്ചതിന് മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കന്‍ അറസ്റ്റില്‍. രാഹുലിനെതിരെ മൂന്നാമത് പരാതി നല്‍കിയ യുവതിയെയാണ് രഞ്ജിത സൈബറിടങ്ങളില്‍ അധിക്ഷേപിച്ചത്.
പത്തനംതിട്ട സ്വദേശിയും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ രഞ്ജിത പുളിക്കന്‍ രാഹുലിനെതിരെ ആദ്യ പരാതി നല്‍കിയ യുവതിയെയും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചിരുന്നു.
പിന്നാലെ രഞ്ജിതക്കെതിരെ പൊലീസ് കേസെടുക്കുകയും ഈ കേസില്‍ അവര്‍ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു. രാഹുല്‍ അനുകൂലിയും വലത് ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍, കോൺഗ്രസ് അനുകൂലിയായ അഡ്വ. ദീപ ജോസഫ് തുടങ്ങിയവരും ഈ കേസില്‍ പ്രതികളായിരുന്നു.
നിലവില്‍ കോട്ടയത്ത് നിന്നാണ് രഞ്ജിത അറസ്റ്റിലായിരിക്കുന്നത്. പത്തനംതിട്ട സൈബര്‍ പൊലീസ് കോട്ടയത്തെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നേരത്തെ തിരുവനന്തപുരം സൈബര്‍ പൊലീസാണ് രഞ്ജിതക്കെതിരെ കേസെടുത്തിരുന്നത്. പിന്നാലെ ഉപാധികളോടെ തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ രാഹുലിനെതിരെ തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തിലും രഞ്ജിത പുളിക്കന്‍ സൈബറിടങ്ങളിലെ അധിക്ഷേപം തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഫെന്നി നൈനാനെതിരെയും പൊലീസ് കേസെടുത്തിരുന്നു.
രാഹുലിനെതിരായ മൂന്നാം കേസിലെ പരാതിക്കാരിയെയാണ് ഫെന്നി നൈനാന്‍ അധിക്ഷേപിച്ചത്. യുവതിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഫെന്നി നൈനാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
ഇതിനോടൊപ്പമുള്ള കുറിപ്പില്‍ യുവതിയെ അധിക്ഷേപിക്കും വിധത്തിലുള്ള പരാമര്‍ശവുമുണ്ടായിരുന്നു.
ഇതിനെതിരെ യുവതി നല്‍കിയ പരാതിയിലായിരുന്നു നടപടി. ഫെന്നി നൈനാന്‍ ചാറ്റുകള്‍ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനാണെന്നും കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കാനായിരുന്നു തന്റെ ശ്രമമെന്നും അതിജീവിത പ്രതികരിച്ചു.
ഫെന്നി നൈനാന്‍ പുറത്തുവിട്ടത് ചാറ്റിന്റെ ചെറിയ ഭാഗം മാത്രമാണെന്നും അതീജിവിത മനോരമ ന്യൂസിന് നല്‍കിയ ശബ്ദസന്ദേശത്തില്‍ പറഞ്ഞു.
Content Highlight: Rahul Mamkootathil case; Mahila Congress leader arrested for insulting survivor lady