| Friday, 19th September 2025, 9:28 pm

രാഹുല്‍ ഗാന്ധി അര്‍ബന്‍ മാവോയിസ്റ്റുകളെ പോലെ സംസാരിക്കുന്നു: ദേവേന്ദ്ര ഫഡ്‌നാവിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് ‘അര്‍ബന്‍ മാവോയിസ്റ്റി’നെ പോലെയെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

രാജ്യത്തെ ‘ജെന്‍ സി’കളെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണ് രാഹുല്‍ നടത്തുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഭരണഘടനയെ പ്രതിരോധിക്കണം, ജനാധിപത്യത്തെ സംരക്ഷിക്കണം, വോട്ട് മോഷണം തടയണമെന്നുമാണ് രാഹുല്‍ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞത്. ഇതിനെതിരെയാണ് ഫഡ്‌നാവിസ് രംഗത്തെത്തിയത്.

‘രാഹുല്‍ ഗാന്ധി വളരെ ഫലപ്രദമായി തന്നെ ജെന്‍ സികളോട് ഉയിര്‍ത്തെഴുന്നേല്‍ക്കാനും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ താഴെയിറക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് വോട്ട് മോഷണമല്ല, അദ്ദേഹത്തിന്റെ തലച്ചോറാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

അദ്ദേഹം സംസാരിക്കുന്ന ഭാഷ ജനാധിപത്യ സംവിധാനങ്ങളിലും ഭരണഘടനയിലും വിശ്വസിക്കാത്ത അര്‍ബന്‍ മാവോയിസ്റ്റുകളുടെതാണ്’, ഫഡ്‌നാവിസ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഉപദേശകരും സമാനമായ അര്‍ബന്‍ മാവോയിസ്റ്റ് ചിന്താഗതി ഉള്ളവരാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇന്ത്യയിലെ ജെന്‍ സികള്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവരാണ്. ജനാധിപത്യത്തെ മാനിക്കുന്നവരാണ്.

അവരാണ് സ്റ്റാര്‍ട്ട്അപ്പുകളും ടെക് രംഗത്ത് വിപ്ലവവും കൊണ്ടുവരുന്നത്. രാഹുല്‍ ഗാന്ധിക്ക് അവരേയും മനസിലാകുന്നില്ല, യുവാക്കളേയോ മുതിര്‍ന്നവരേയോ മനസിലാകുന്നില്ലെന്നും ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, നേപ്പാള്‍ മാതൃകയിലുള്ള പ്രക്ഷോഭങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ വിമര്‍ശിച്ചിരുന്നു. ജെന്‍ സികള്‍ കുടുംബവാഴ്ചയ്ക്ക് എതിരെയാണെന്നും ആദ്യം രാജ്യം വിടേണ്ടിവരിക രാഹുലിനാണെന്നും ദുബെ പറഞ്ഞിരുന്നു.

വോട്ട് ചോരിയുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് നിഷ്‌കാന്ത് ദുബെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

Content Highlight: Rahul Gandhi talks like urban Maoists: Devendra Fadnavis

We use cookies to give you the best possible experience. Learn more