രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്ററി അംഗത്വം റദ്ദ് ചെയ്യണം; ഭരണപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്
India
രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്ററി അംഗത്വം റദ്ദ് ചെയ്യണം; ഭരണപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്
നിഷാന. വി.വി
Thursday, 12th February 2026, 1:27 pm

ന്യൂദല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്ററി അംഗത്വം സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ നോട്ടീസ് നല്‍കി ഭരണപക്ഷം.

എന്നാല്‍ ഇതൊരു അവിശ്വാസ പ്രമേയമല്ലെന്നും അവകാശ ലംഘന നോട്ടീസാണെന്നും ബി.ജെ.പി എം.പി നിഷികാന്ത് ദുബെ പറഞ്ഞു.

‘ഇതൊരു അവിശ്വാസ പ്രമേയമല്ല. സോറോസ് ഫൗണ്ടേഷന്‍, ഫോര്‍ഡ് ഫൗണ്ടേഷന്‍, യു.എസ്.ഐഡ് എന്നിവയുമായി രാഹുല്‍ ഗാന്ധി എങ്ങനെ ഇടപഴകുന്നുവെന്നും തായ്‌ലാന്‍ഡ്, കംബോഡിയ, വിയറ്റ്‌നാം, യു.എസ് തുടങ്ങിയ സ്ഥലങ്ങളിലേക്കുളള അദ്ദേഹത്തിന്റെ യാത്രകളെക്കുറിച്ചും ഇന്ത്യാ വിരുദ്ധ ശക്തികളുമായി അദ്ദേഹത്തിന് എന്ത് ബന്ധമാണുള്ളതെന്നും പരാമര്‍ശിക്കുന്ന അവകാശ ലംഘന നോട്ടീസാണ് ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നത്,’ ദുബെ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണെമന്നും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാരകരാര്‍ കേന്ദ്രത്തിന്റെ കീഴടങ്ങല്‍ ആണെന്നും കര്‍ഷകരുടെ താത്പര്യങ്ങള്‍ വിട്ടുവീഴ്ച്ച ചെയ്തതായും രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച ലോക്‌സഭയില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുബെയുടെ നടപടി.

രാജ്യത്തെ മോദി യു.എസിന് വിറ്റു. യു.എസുമായുള്ള വ്യാപാരക്കരാറില്‍ പ്രധാനമന്ത്രി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരിക്കുകയാണ്. ഈ വ്യാപാരക്കരാറിലൂടെ രാജ്യത്തിന്റെ കഠിനധ്വാനത്തെ മോദി വില്‍ക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

നാല് മാസമായി മുടങ്ങിക്കിടന്ന വ്യാപാരക്കരാറില്‍ മോദി ഒപ്പ് വെച്ചത് കഴിഞ്ഞദിവസം വൈകുന്നേരമാണ്. പ്രധാനമന്ത്രിക്ക് മേല്‍ വലിയ സമ്മര്‍ദമുണ്ടെന്ന് വ്യക്തമാണ്. ആര്‍ക്ക് വേണ്ടിയാണ് മോദി വിട്ടുവീഴ്ച ചെയ്തതെന്ന് ജനങ്ങള്‍ ചിന്തിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ നുണകളാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.രാഹുലിന്റെ പരാമര്‍ശങ്ങള്‍ സഭാ റെക്കോഡുകളില്‍ നിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി മനപൂര്‍വമാണ് ഇത്തരത്തിലുള്ള നുണകള്‍ പറയുന്നത്. ഈ നുണകളെല്ലാം പറഞ്ഞ ശേഷം മറുപടി പോലും കേള്‍ക്കാന്‍ നില്‍ക്കാതെ അദ്ദേഹം സഭ വിടുകയും ചെയ്യും. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധി പറഞ്ഞ നുണകളെ പുറത്തുവെച്ച് നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. എന്നാല്‍ സഭയില്‍ നോട്ടീസ് നല്‍കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

Content Highlight: Rahul Gandhi’s parliamentary membership should be cancelled; ruling party’s violation of rights notice

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.