രാഹുല്‍ ഗാന്ധിയുടേത് അരാജകത്വം; രാജ്യം പ്രധാനമന്ത്രിക്കൊപ്പമാണ്: മോദിയുടെ വസതിയിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ ബി.ജെ.പി
India
രാഹുല്‍ ഗാന്ധിയുടേത് അരാജകത്വം; രാജ്യം പ്രധാനമന്ത്രിക്കൊപ്പമാണ്: മോദിയുടെ വസതിയിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ ബി.ജെ.പി
നിഷാന. വി.വി
Wednesday, 22nd July 2026, 7:00 am

ന്യൂദല്‍ഹി: സി.ജെ.പിക്ക് പിന്തുണയറിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും നടത്തിയ കുത്തിയിരിപ്പ് സമരത്തിനെതിരെയും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി.

രാഹുല്‍ ഗാന്ധി കാണിച്ചത് അനഭിലഷണീയവും അപലപനീയവുമാണെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍ പറഞ്ഞു. ഒരു പ്രതിപക്ഷ നേതാവിന്റെ അന്തസ് അദ്ദേഹം ഗൗരവമായി എടുക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം വ്യക്തമാക്കുന്നുവെന്നും നബിന്‍ പറഞ്ഞു. രാഹുല്‍ നിരന്തരം ഒരു അരാജകത്വത്തിന്റെ പ്രതീകമായി ഉയര്‍ന്ന് വരികയാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

‘ പാര്‍ലമെന്ററി ഓഫീസുകള്‍ ഒരു പാര്‍ട്ടിയുടെയും സ്വന്തമല്ല. പ്രധാനമന്ത്രി ഒരു പാര്‍ട്ടിയുടെ മാത്രം നേതാവല്ല, 1.4 ബില്യണ്‍ ജനതയുടെ പ്രതിനിധിയാണ്. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോയ രാഹുല്‍ ഗാന്ധിയും സംഘവും കാണിച്ചത് അരാജകത്വത്തിന്റെ രാഷ്ട്രീയമാണ്,’ ബി.ജെ.പി നേതാവ് പറഞ്ഞു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പോലുള്ള മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നുവെന്നത് തികച്ചും ആശങ്കാ ജനകമാണെന്നും നബിന്‍ പറഞ്ഞു. ‘ഈ സംഭവം നിസംശയമായും നിര്‍ഭാഗ്യകരവും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ദിനവുമാണ്,’ അയാള്‍ പറഞ്ഞു.

തങ്ങളും ഒരുപാട് കാലം പ്രതിപക്ഷത്ത് പ്രവര്‍ത്തിച്ചുണ്ടെന്നും എന്നാല്‍ ഇത് പോലെ അതിരുകള്‍ ലംഘിച്ചിട്ടില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. രാഹുല്‍ ഗാന്ധി നിബന്ധനകള്‍ വെച്ചപ്പോള്‍ സര്‍ക്കാര്‍ അത് അംഗീകരിച്ചുവെന്നും എന്നാല്‍ ചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങുമ്പോള്‍ അതില്‍ നിന്നും പിന്മാറുന്നത് പ്രതിപക്ഷ നേതാവിന് ചേര്‍ന്നതല്ലെന്നും നബിന്‍ പറഞ്ഞു.

രാജ്യം പ്രധാനമന്ത്രിക്കൊപ്പം ഉറച്ച് നില്‍ക്കുകയാണെന്നും എന്നിരുന്നാലും മാന്യത ലംഘിക്കുന്ന രാഹില്‍ ഗാന്ധിയുടെയും അണികളുടെയും അരാജകത്വം നിറഞ്ഞ പെരുമാറ്റം രാജ്യത്തെ ദുഖിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Rahul Gandhi’s actions amount to anarchy; the country stands with the Prime Minister: BJP criticizes Congress march to Modi’s residence.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.