| Thursday, 18th September 2025, 11:43 am

ഇന്ത്യയുടെ ജനാധിപത്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ സംരക്ഷിക്കുന്നത് ഗ്യാനേഷ് കുമാര്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വോട്ട് ചോരി ആരോപണം വീണ്ടും ഉയര്‍ത്തി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വോട്ടുകള്‍ വ്യാപകമായി വെട്ടിയെന്നാണ് രാഹുല്‍ തെളിവുകള്‍ നിരത്തി പ്രസ്താവിച്ചത്. ഇത്തരത്തില്‍ കര്‍ണാടകയിലെ ആലന്ദില്‍ നിന്നും 6,018 വോട്ടുകള്‍ ഒഴിവാക്കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇതില്‍ ചില വോട്ടര്‍മാരെ രാഹുല്‍ വേദിയില്‍ ഹാജരാക്കുകയും ചെയ്തു.

വ്യാജ ഐ.ഡികളില്‍ നിന്നും ലോഗിന്‍ ചെയ്തുകൊണ്ടാണ് ഇത്തരത്തില്‍ വോട്ടുകള്‍ നീക്കിയതെന്നും വോട്ട് കൊള്ളയ്ക്ക് തന്റെ പക്കല്‍ 101 ശതമാനം തെളിവുകളുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

സൂര്യകാന്ത് എന്നയാളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് 12 വോട്ടുകള്‍ നീക്കി. ഏറ്റവുമധികം വോട്ടുകള്‍ വെട്ടിയ ബൂത്തുകള്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണെന്നും രാഹുല്‍ വ്യക്തമാക്കി.

36 സെക്കന്‍ഡുകള്‍ക്കുള്ളില്‍ രണ്ട് അപേക്ഷകള്‍ നല്‍കിയെന്നും രണ്ടിനും ഒരേ സീരിയല്‍ നമ്പറാണെന്നും രാഹുല്‍ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും രാഹുല്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഗ്യാനേഷ് വോട്ട് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നു എന്നാണ് രാഹുല്‍ വിമര്‍ശിച്ചത്.

‘അട്ടിമറി നടത്തുന്നത് ആരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായി അറിയാം. കര്‍ണാടക സി.ഐ.ഡിക്ക് തെളിവുകള്‍ നല്‍കാന്‍ ഗ്യാനേഷ് കുമാര്‍ തയ്യാറാകണം. ഇന്ത്യയുടെ ജനാധിപത്യം തകര്‍ക്കുന്നവരെ ഗ്യാനേഷ് കുമാര്‍ സംരക്ഷിക്കരുത്,’ രാഹുല്‍ വിമര്‍ശിച്ചു.

Content Highlight: Rahul Gandhi raises vote chori allegations again

We use cookies to give you the best possible experience. Learn more