ഇന്ത്യയുടെ വിദേശനയത്തില്‍ വെള്ളം ചേര്‍ക്കരുത്; ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ കേന്ദ്രം മൗനം വെടിയണം: രാഹുല്‍ ഗാന്ധി
India
ഇന്ത്യയുടെ വിദേശനയത്തില്‍ വെള്ളം ചേര്‍ക്കരുത്; ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ കേന്ദ്രം മൗനം വെടിയണം: രാഹുല്‍ ഗാന്ധി
യെലന കെ.വി
Wednesday, 4th March 2026, 10:22 am

ന്യൂദല്‍ഹി: ഇസ്രഈലും അമേരിക്കയും ഇറാനില്‍ നടത്തുന്ന സംയുക്ത ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൗനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ഇത്തരം നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കാത്തത് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ ധാര്‍മികതയ്ക്ക് ചേരുന്നതല്ലെന്ന് അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു.

അന്താരാഷ്ട്ര നിയമത്തെയും മനുഷ്യാവകാശത്തെയും സംരക്ഷിക്കുന്നതില്‍ ഇന്ത്യക്ക് വ്യക്തമായ ഒരു ധാര്‍മിക നിലപാട് വേണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രത്തലവനെ വധിക്കുന്നത് ലോകക്രമത്തെ നിര്‍ണയിക്കുന്ന രീതിയായി ഇന്ത്യ അംഗീകരിക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയില്‍ ജോലി ചെയ്യുന്ന ഒരുകോടിയോളം വരുന്ന ഇന്ത്യക്കാരുടെ ഭാവി വലിയ അനിശ്ചിതത്വത്തിലാണ്. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അക്രമം കൂടുതല്‍ അക്രമത്തിലേക്കേ നയിക്കൂ എന്നും, ചര്‍ച്ചകളിലൂടെയും സംയമനത്തിലൂടെയും മാത്രമേ സമാധാനം സ്ഥാപിക്കാന്‍ കഴിയൂ എന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയുടെ വിദേശനയം എപ്പോഴും പരമാധികാരത്തെയും സമാധാനപരമായ പ്രശ്‌നപരിഹാരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. അതില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 1-ന് അമേരിക്കയും ഇസ്രഈലും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇറാന്‍ നേതാവ് ഖാംനഇയെ കൊലപ്പെടുത്തിയത്.

ഒരു രാജ്യത്തിന്റെ പരമാധികാരത്തെയും ഭരണാധികാരിയെയും ഇല്ലാതാക്കുന്ന സാമ്രാജ്യത്വ രീതി അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും നേരത്തെ പ്രതികരിച്ചു.

Content Highlight: Rahul gandhi on isreal-america war on iran

 

 

യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.