കുംബ്ലെയും ധോണിയുമല്ല; ഇഷ്ട ക്യാപ്റ്റനെക്കുറിച്ച് തുറന്ന പറഞ്ഞ് ദ്രാവിഡ്
Sports News
കുംബ്ലെയും ധോണിയുമല്ല; ഇഷ്ട ക്യാപ്റ്റനെക്കുറിച്ച് തുറന്ന പറഞ്ഞ് ദ്രാവിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd August 2025, 1:01 pm

ഇന്ത്യയുടെ മുന്‍ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് തന്റെ ഇഷ്ട ക്യാപ്റ്റനെ കുറിച്ച് അടുത്തിടെ ആര്‍. അശ്വിനുമായി നടന്ന അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. വി.ബി ചന്ദ്രശേഖരന്റെ കീഴില്‍ കളിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്നായിരുന്നു ദ്രാവിഡ് പറഞ്ഞത്.

തമിഴ്‌നാട്ടില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ താന്‍ കളിച്ചിട്ടുണ്ടെന്നും വിജയിക്കാന്‍ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ തനിക്ക് പ്രചോദനമായെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെയും സൗരവ് ഗാംഗുലിയേയും അനില്‍ കുംബ്ലയെയും ദ്രാവിഡ് പ്രശംസിച്ചു.

‘വി.ബി. ചന്ദ്രശേഖറിന്റെ കീഴില്‍ കളിക്കുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു, കാരണം തമിഴ്‌നാട്ടില്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ലീഗ് ക്രിക്കറ്റ് കളിച്ച് ഞാന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചു. അദ്ദേഹം എങ്ങനെയാണ് കാര്യങ്ങള്‍ ചെയ്തതെന്നും വിജയം നേടിയെടുക്കാന്‍ ഏതറ്റം വരെ പോയെന്നും കാണുന്നത് വലിയ പ്രചോതനമാണ്. ഞാന്‍ ഒരുമിച്ച് കളിക്കുന്നത് ആസ്വദിച്ച ആദ്യകാലത്തെ ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

ധോണി നല്ലവനായിരുന്നു. വലിയ കളിക്കാരെ നയിക്കുക എളുപ്പമായിരുന്നില്ല, അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സൗരവ് ഗാംഗുലി ജയിക്കാന്‍ ആഗ്രഹിച്ചു. കളിക്കാരുമായുള്ള ആശയവിനിമയത്തില്‍ അനില്‍ കുംബ്ലെ മികച്ച വ്യക്തതയുള്ളവനുമായിരുന്നു,’ ദ്രാവിഡ് ആര്‍. അശ്വിനോട് പറഞ്ഞു.

കൂടാതെ തന്റെ ക്രിക്കറ്റ് കരിയറില്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ച ബൗളര്‍ ആരാണെന്നും ദ്രാവിഡ് വെളിപ്പെടുത്തി. ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് അതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച ഗ്ലെന്‍ മഗ്രാത്ത്, വസീം അക്രം, വഖാര്‍ യൂനിസ് എന്നിവരെക്കുറിച്ചും ദ്രാവിഡ് സംസാരിച്ചിരുന്നു.

‘ഗ്ലെന്‍ മഗ്രാത്ത് പന്ത് കൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ചു. വസീം അക്രവും വഖാര്‍ യൂനിസും മികച്ചവരായിരുന്നു, അവരുടെ കരിയറിന്റെ അവസാനത്തില്‍ ഞാന്‍ അവരെ കളിച്ചു. എന്നാല്‍ ഞാന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ച സ്പിന്നര്‍ ആയിരുന്നു മുരളീധരന്‍. രണ്ട് ദിശകളിലേക്കും പന്തെറിയാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ഒരിക്കലും ക്ഷീണിതനായിരുന്നില്ല, ദീര്‍ഘനേരം പന്തെറിഞ്ഞു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Rahul Dravid Talking About His Favorite Captain And Bowler