| Saturday, 30th August 2025, 2:40 pm

സഞ്ജു ടീം വിടുമെന്ന വാര്‍ത്തകള്‍ക്കിടെ വമ്പന്‍ ട്വിസ്റ്റ്; റോയല്‍സില്‍ നിന്നും പടിയിറങ്ങി ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനം രാജിവെച്ച് രാഹുല്‍ ദ്രാവിഡ്. രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണെന്നും 2026 ഐ.പി.എല്ലില്‍ അദ്ദേഹം പരിശീലകനായി ടീമിനൊപ്പമുണ്ടാകില്ലെന്നും രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

‘ഏറെ വര്‍ഷങ്ങളായി റോയല്‍സിന്റെ യാത്രയില്‍ രാഹുല്‍ പ്രധാനമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വം ഒരു തലമുറയിലെ താരങ്ങളെ സ്വാധീനിക്കുകയും സ്‌ക്വാഡിനുള്ളില്‍ ശക്തമായ മൂല്യങ്ങള്‍ നിര്‍മിക്കുകയും ഫ്രാഞ്ചൈസിയുടെ സംസ്‌കാരത്തില്‍ മായാത്ത ഒരു അടയാളം അവശേഷിപ്പിക്കുകയും ചെയ്തു.

ഫ്രാഞ്ചൈസി റിവ്യൂവിന്റെ ഭാഗമായി, രാഹുലിന് മറ്റൊരു വലിയ പദവി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് സ്വീകരിക്കേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സും ടീമിലെ താരങ്ങളും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരും രാഹുലിന്റെ സേവനങ്ങള്‍ക്ക് നന്ദിയുള്ളവരാണ്,’ രാജസ്ഥാന്‍ റോയല്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

കുമാര്‍ സംഗക്കാരയുടെ പകരക്കാരനായാണ് രാഹുല്‍ ദ്രാവിഡ് 2025ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനത്തെത്തിയത്. എന്നാല്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന് പത്ത് മത്സരത്തില്‍ വെറും നാലെണ്ണം മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍.

സ്ഥാനമേറ്റെടുത്തതിന് പിന്നാലെയുള്ള അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങളുണ്ടാക്കിയിരുന്നു. ഐ.പി.എല്‍ പ്ലെയര്‍ റിറ്റെന്‍ഷനില്‍ ജോസ് ബട്‌ലറിനെയടക്കം വിട്ടുകൊടുത്തതും, താരലേലത്തില്‍ മികച്ച താരങ്ങളെ സ്വന്തമാക്കാതിരുന്നതുമാണ് ആരാധകരെ ചൊടിപ്പിച്ചത്. സ്റ്റേബിളായ ഒരു ടീമിനെ ദ്രാവിഡ് തകര്‍ത്തുകളഞ്ഞു എന്നാണ് ആരാധകര്‍ ഒരുപോലെ പറഞ്ഞത്.

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളിലും ആരാധകര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയവരില്‍ ദ്രാവിഡുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് സഞ്ജുവിന്റെ എക്‌സിറ്റിന് കാരണമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിച്ചത്.

ഐ.പി.എല്‍ 2026ന് മുമ്പ് പഴയ ടീം വിടുന്ന രണ്ടാമത് പരിശീലകനാണ് ദ്രാവിഡ്. കഴിഞ്ഞ മാസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റ് പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയിരുന്നു. 2023ല്‍ കെ.കെ.ആറിന്റെ പരിശീലകസ്ഥാനത്തെത്തിയ ചന്ദ്രകാന്ത് പണ്ഡിറ്റ് 2024ല്‍ കൊല്‍ക്കത്തയെ കിരീടത്തിലേക്കും നയിച്ചിരുന്നു.

Content Highlight: Rahul Dravid steps down as Rajasthan Royals coach

We use cookies to give you the best possible experience. Learn more