രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനം രാജിവെച്ച് രാഹുല്‍ ദ്രാവിഡ്. രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണെന്നും 2026 ഐ.പി.എല്ലില്‍ അദ്ദേഹം പരിശീലകനായി ടീമിനൊപ്പമുണ്ടാകില്ലെന്നും രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

കുമാര്‍ സംഗക്കാരയുടെ പകരക്കാരനായാണ് രാഹുല്‍ ദ്രാവിഡ് 2025ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനത്തെത്തിയത്. എന്നാല്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന് പത്ത് മത്സരത്തില്‍ വെറും നാലെണ്ണം മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍.

സ്ഥാനമേറ്റെടുത്തതിന് പിന്നാലെയുള്ള അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങളുണ്ടാക്കിയിരുന്നു. ഐ.പി.എല്‍ പ്ലെയര്‍ റിറ്റെന്‍ഷനില്‍ ജോസ് ബട്‌ലറിനെയടക്കം വിട്ടുകൊടുത്തതും, താരലേലത്തില്‍ മികച്ച താരങ്ങളെ സ്വന്തമാക്കാതിരുന്നതുമാണ് ആരാധകരെ ചൊടിപ്പിച്ചത്. സ്റ്റേബിളായ ഒരു ടീമിനെ ദ്രാവിഡ് തകര്‍ത്തുകളഞ്ഞു എന്നാണ് ആരാധകര്‍ ഒരുപോലെ പറഞ്ഞത്.

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളിലും ആരാധകര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയവരില്‍ ദ്രാവിഡുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് സഞ്ജുവിന്റെ എക്‌സിറ്റിന് കാരണമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിച്ചത്.

 

ഐ.പി.എല്‍ 2026ന് മുമ്പ് പഴയ ടീം വിടുന്ന രണ്ടാമത് പരിശീലകനാണ് ദ്രാവിഡ്. കഴിഞ്ഞ മാസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റ് പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയിരുന്നു. 2023ല്‍ കെ.കെ.ആറിന്റെ പരിശീലകസ്ഥാനത്തെത്തിയ ചന്ദ്രകാന്ത് പണ്ഡിറ്റ് 2024ല്‍ കൊല്‍ക്കത്തയെ കിരീടത്തിലേക്കും നയിച്ചിരുന്നു.

 

Content Highlight: Rahul Dravid steps down as Rajasthan Royals coach