22 സിക്‌സര്‍, 17 ഫോര്‍, 77 പന്തില്‍ 205 നോട്ട് ഔട്ട്; അഴിഞ്ഞാടി വിന്‍ഡീസ് താരം; കളിക്കുന്നത് ടി-20 ആണെങ്കിലും ഒരു മയം വേണ്ടേടേയ്...
Sports News
22 സിക്‌സര്‍, 17 ഫോര്‍, 77 പന്തില്‍ 205 നോട്ട് ഔട്ട്; അഴിഞ്ഞാടി വിന്‍ഡീസ് താരം; കളിക്കുന്നത് ടി-20 ആണെങ്കിലും ഒരു മയം വേണ്ടേടേയ്...
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th October 2022, 12:50 pm

ടി-20 ഫോര്‍മാറ്റില്‍ റണ്ണടിച്ചുകൂട്ടി വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം റകീം കോണ്‍വാള്‍ (Rahkeem Cornwal). ടി-20 ഫോര്‍മാറ്റിലെ പല റെക്കോഡുകളും തകര്‍ത്താണ് താരം ഇരട്ട സെഞ്ച്വറി നേടിയത്.

അറ്റ്‌ലാന്റ ഓപ്പണ്‍ ടി-20 ലീഗില്‍ (Atlanata Open 2022) തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് കോണ്‍വാള്‍ ക്രിക്കറ്റ് ലോകത്തിന്റെ ഒന്നാകെ ശ്രദ്ധ പിടിച്ചുപറ്റിയത്. അറ്റ്‌ലാന്റ ഫയര്‍ – സ്‌ക്വയര്‍ ഡ്രൈവ് (Atlanta Fire vs Square Drive) എന്നിവര്‍ തമ്മിലുള്ള മത്സരമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.

കേവലം 77 പന്തില്‍ നിന്നും പുറത്താകാതെ 205 റണ്‍സെടുത്താണ് അറ്റ്‌ലാന്റ ഫയറിന്റെ താരമായ കോണ്‍വാള്‍ ക്രിക്കറ്റ് ലോകത്ത് ഒറ്റയടിക്ക് തരംഗമായത്.

22 സിക്‌സറും 17 ബൗണ്ടറിയുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അതായത് 200 റണ്‍സും താരം അടിച്ചെടുക്കുകയായിരുന്നു. അഞ്ച് റണ്‍സ് മാത്രമാണ് കോണ്‍വാള്‍ ഓടിയെടുക്കാന്‍ ശ്രമിച്ചത്.

 

വ്യക്തിഗത സ്‌കോര്‍ 199ല്‍ നില്‍ക്കവെ, അറ്റ്‌ലാന്റ ഇന്നിങ്‌സിന്റെ അവസാന പന്തില്‍ സിക്‌സറടിച്ചുകൊണ്ടായിരുന്നു കോണ്‍വാള്‍ ഇരട്ട സെഞ്ച്വറി തികച്ചത്. 266.23 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

കോണ്‍വാളിന്റെ ബാറ്റിങ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത അറ്റ്‌ലാന്റ ഫയര്‍ 20 ഓവറില്‍ ഒറ്റ വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് നേടിയത്.

കോണ്‍വാളിന് പുറമെ 18 പന്തില്‍ നിന്നും അഞ്ച് വീതം സിക്‌സറും ഫോറുമായി 53 റണ്‍സ് നേടിയ സ്റ്റീവന്‍ ടെയ്‌ലറും 29 പന്തില്‍ നിന്നും മൂന്ന് സിക്‌സറും ഏഴ് ഫോറുമായി 53 റണ്‍സ് നേടി സാമി അസ്‌ലമുമാണ് ഫയര്‍ ഇന്നിങ്‌സിലെ മറ്റ് റണ്‍വേട്ടക്കാര്‍.

ഒരു ഓവറില്‍ 16.3 റിക്വയേര്‍ഡ് റണ്‍ റേറ്റുമായി ബാറ്റിങ്ങിനിറങ്ങിയ സ്‌ക്വയര്‍ ഡ്രൈവിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇതോടെ ഫയറിന്റെ പേരില്‍ കുറിക്കപ്പെട്ടത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച വിജയങ്ങളിലൊന്നാണ്. 172 റണ്‍സിനായിരുന്നു ഫയറിന്റെ വിജയം.

സ്‌ക്വയര്‍ ഡ്രൈവ് ഇന്നിങ്‌സില്‍ ഓപ്പണര്‍മാരായ യശ്വന്ത് ബാലാജിയും വരുണ്‍ സായി മന്തയും മാത്രമാണ് ചെറുത്ത് നില്‍പിന് ശ്രമിച്ചത്. ബാലാജി 38ഉം വരുണ്‍ 36ഉം റണ്‍സ് നേടി.

എതിര്‍ ബൗളര്‍മാരെ അടിച്ചൊതുക്കിയ ഇന്നിങ്‌സാണ് പുറത്തെടുത്തതെങ്കിലും ടി-20 ഫോര്‍മാറ്റില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടുന്ന താരം കോണ്‍വാള്‍ അല്ല. ദല്‍ഹി ക്രിക്കറ്ററായ സുബോധ് ഭാട്ടിയുടെ പേരിലാണ് ആ അസുലഭ റെക്കോഡുള്ളത്.

കഴിഞ്ഞ വര്‍ഷം നടന്ന ഒരു ആഭ്യന്തര മത്സരത്തില്‍ 79 പന്തില്‍ നിന്നുമാണ് 205 റണ്‍സ് നേടിയത്. 17 സിക്‌സറും അത്ര തന്നെ ബൗണ്ടറിയുമായിരുന്നു ഭാട്ടിയുടെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

ഒക്ടോബര്‍ ആറിനാണ് അറ്റ്‌ലാന്റ ഫയറിന്റെ അടുത്ത മത്സരം. ആര്‍.ഡി.യു ആര്‍മി ( RDU Army) ആണ് എതിരാളികള്‍.

 

Content Highlight: Rahkeem Cornwal hits double centaury in Atlanta Open 2022