ഐ.പി.എല്ലിലെ രാജസ്ഥാന്‍ ചെന്നൈ മത്സരം; അജിങ്ക്യ രഹാനയ്ക്ക് 12 ലക്ഷം പിഴ
IPL 2019
ഐ.പി.എല്ലിലെ രാജസ്ഥാന്‍ ചെന്നൈ മത്സരം; അജിങ്ക്യ രഹാനയ്ക്ക് 12 ലക്ഷം പിഴ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd April 2019, 8:20 am

ന്യൂദല്‍ഹി: ഐ.പി.എല്ലില്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനയ്ക്കും പിഴ ഈടാക്കി. കുറഞ്ഞ ഓവര്‍ നിരക്ക് ചൂണ്ടിക്കാട്ടിയാണ് രഹാനയ്‌ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പര്‍കിങ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ കുറഞ്ഞ ഓവര്‍ നിരക്കാണ് രഹാനയ്ക്ക് തിരിച്ചടിയായത്. 12 ലക്ഷമാണ് അടയ്‌ക്കേണ്ട പിഴ.

നേരത്തെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയ്ക്കും കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് പിഴ വിധിച്ചിരുന്നു. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് രോഹിത് ശര്‍മ്മക്ക് വിനയായയത്.

മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റിരുന്നു. എട്ട് റണ്‍സിനായിരുന്നു ചെന്നൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 175. എം.എസ് ധോണി(75)യായിരുന്നു ചെന്നൈയുടെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങില്‍ രാജസ്ഥാന് 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 46 റണ്‍സെടുത്ത ബെന്‍സ്റ്റോക്കായിരുന്നു രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

രാജസ്ഥാന്‍20 ഓവറില്‍ 8ന് 167. ഡ്വെയ്ന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ രാജസ്ഥാന് 12 റണ്‍സ് മതിയായിരുന്നെങ്കിലും ആദ്യ പന്തില്‍ തന്നെ ബെന്‍ സ്റ്റോക്‌സ് (46) ഔട്ടായതോടെ രാജസ്ഥാന്‍ വീണു. അജിന്‍ക്യ രഹാനെ(0), ജോസ് ബട്ലര്‍ (6), സഞ്ജു സാംസണ്‍ (8) എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ രാഹുല്‍ ത്രിപാഠി (39), സ്റ്റീവ് സ്മിത്ത് (28), സ്റ്റോക്‌സ് (46), ജോഫ്ര ആര്‍ച്ചര്‍ (24) എന്നിവരാണ് രാജസ്ഥാന്റെ പോരാട്ടം മുന്നോട്ടു നയിച്ചത്.

അതേസമയം ധോണിയുടെ പക്വതയാര്‍ന്ന ഇന്നിങ്‌സാണ് (46 പന്തില്‍ 75) ചെന്നൈയ്ക്കു കരുത്തായത്. സുരേഷ് റെയ്‌ന (36), ഡ്വെയ്ന്‍ ബ്രാവോ (27) എന്നിവരും തിളങ്ങി.

5 ഓവറില്‍ മൂന്നിന് 27 എന്ന നിലയില്‍ നിന്നാണ് ധോണി ചെന്നൈയെ കരകയറ്റിയത്. നേരിട്ട ആദ്യത്തെ 30 പന്തുകളില്‍ ധോണി നേടിയത് 33 റണ്‍സ് മാത്രം. പിന്നീടുള്ള 16 പന്തുകളില്‍ 42 റണ്‍സ്!