ആദ്യം സ്‌ക്രീനില്‍ എന്നെ കാണുമ്പോള്‍ തമാശയായിരുന്നു; അവന്റെ നിര്‍ബന്ധം കാരണമാണ് ഞാന്‍ അഭിനയിച്ചത്: രഘുനാഥ് പലേരി
Malayalam Cinema
ആദ്യം സ്‌ക്രീനില്‍ എന്നെ കാണുമ്പോള്‍ തമാശയായിരുന്നു; അവന്റെ നിര്‍ബന്ധം കാരണമാണ് ഞാന്‍ അഭിനയിച്ചത്: രഘുനാഥ് പലേരി
ഐറിന്‍ മരിയ ആന്റണി
Sunday, 22nd March 2026, 6:31 pm

മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് രഘുനാഥ് പലേരി. തിരക്കഥാകൃത്ത്, സംവിധായകന്‍, നോവലിസ്റ്റ് എന്നീ മേഖലകളില്‍ ശ്രദ്ധേയനായ അദ്ദേഹം നസീമ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നത്.

ഇന്ത്യയിലെ ആദ്യ ത്രീ ഡി സിനിമയായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് തിരക്കഥയെഴുതിയ അദ്ദേഹം, ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലൂടെ സംവിധായക കുപ്പായവും അണിഞ്ഞു. പിന്നീട് പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ കാവടി, ദേവദൂതന്‍, തുടങ്ങി 30ാളം സിനിമയ്ക്ക് തിരക്കഥയെഴുതി. ഇപ്പോള്‍ അഭിനയത്തിലും രഘുനാഥ് പലേരി സജീവമാകുന്നുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, സര്‍വ്വം മായ എന്നീ ഹിറ്റ് സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ, തനിക്ക് നടന ലോകം തുറന്നു തന്നത് സംവിധായകന്‍ ഷാനവാസ് കെ. ബാവക്കുട്ടിയാണെന്ന് രഘുനാഥ് പലേരി പറയുന്നു.

‘അവന്റെ നിര്‍ബന്ധമാണ് തൊട്ടപ്പന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കാരണം. ഞാനെന്റെ മക്കളോട് ചോദിച്ചു. ‘ചെയ്യച്ഛാ…’ന്ന് അവര്‍ പറഞ്ഞു. അന്‍വര്‍ റഷീദിനോട് ചോദിച്ചു. ‘സാറ് ചെയ്തില്ലെങ്കി ഞാന്‍ തള്ളിയിടും’ എന്ന് സ്‌നേഹത്തോടെ പ്രതികരിച്ചു. സത്യന്‍ അന്തിക്കാടിനോട് ചോദിച്ചു. ധൈര്യായിട്ട് ചെയ്യെന്ന് അവനും.

പിന്നെയാരോടും ചോദിച്ചില്ല. ആദ്യമൊക്കെ സ്‌ക്രീനില്‍ എനിക്കെന്നെ കാണുമ്പോള്‍ തമാശയായിരുന്നു. പിന്നെയും അവസരങ്ങള്‍ വന്നു. ഒരു രസത്തിന് അതൊക്കെയും ഏറ്റെടുത്തു. അല്ലാതെ ഒന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ല. പുതിയ ആളുകളുടെ കൂടെ ജോലിചെയ്യാന്‍ നല്ല രസമാണ്.

അസാധാരണ കൗതുകങ്ങള്‍ തുന്നിച്ചേര്‍ത്താണ് പല യങ്‌സ്റ്റേഴ്‌സും സിനിമകളെടുക്കുന്നത്. അവരുടെ ഭാഷയും ആശയവിനിമയ രീതികള്‍ പോലും വ്യത്യസ്തമാണ്,’ രഘുനാഥ് പലേരിയുടെ വാക്കുകള്‍.

ജീവിതത്തില്‍ സന്തോഷത്തോടെ ഇരിക്കാന്‍ എല്ലാത്തില്‍ നിന്നും ആഗ്രഹത്തെ അടര്‍ത്തിമാറ്റി കൗതുകത്തെ നിലനിര്‍ത്തുക എന്നതാണ് ഒരു വഴിയെന്നും ആ കൗതുകം ആസ്വദിക്കാന്‍ ശീലിച്ചാല്‍ ജീവിതം ഉള്ളില്‍ പ്രകാശിക്കുമെന്നും രഘുനാഥ് പലേരി പറഞ്ഞു. എല്ലാത്തിനെയും നര്‍മ്മത്തോടെയാണ് കാണേണ്ടതെന്നും വേദനിക്കാതിരിക്കാന്‍ എറ്റവും നല്ല മാര്‍ഗം നര്‍മ്മമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ ആണ് രഘുനാഥ് പലേരിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയില്‍ നിവിന്‍ പോളി അവതരിപ്പിച്ച പ്രഭേന്ദു എന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് അദ്ദേഹം എത്തിയത്.

Content Highlight: Raghunath Paleri talks about acting in films now

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.