ആ സിനിമയ്ക്ക് പത്മരാജനെ കൊണ്ട് തിരക്കഥയെഴുതിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു; പിന്നീട് അദ്ദേഹം പിന്മാറി: രഘുനാഥ് പലേരി
Malayalam Cinema
ആ സിനിമയ്ക്ക് പത്മരാജനെ കൊണ്ട് തിരക്കഥയെഴുതിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു; പിന്നീട് അദ്ദേഹം പിന്മാറി: രഘുനാഥ് പലേരി
ഐറിന്‍ മരിയ ആന്റണി
Monday, 23rd March 2026, 10:52 am

മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് രഘുനാഥ് പലേരി. തിരക്കഥാകൃത്ത്, സംവിധായകന്‍, നോവലിസ്റ്റ് എന്നീ മേഖലകളില്‍ ശ്രദ്ധേയനായ അദ്ദേഹം നസീമ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നത്.

ഇന്ത്യയിലെ ആദ്യ ത്രീ ഡി സിനിമയായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് തിരക്കഥയെഴുതിയ അദ്ദേഹം, ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലൂടെ സംവിധായക കുപ്പായവും അണിഞ്ഞു. പിന്നീട് പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ കാവടി, ദേവദൂതന്‍, തുടങ്ങി 30ാളം സിനിമയ്ക്ക് തിരക്കഥയെഴുതി.

ജിജോ പുന്നൂസിന്റെ സംവിധാനത്തില്‍ രഘുനാഥ് പലേരി തിരക്കഥയൊരുക്കി 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഇന്നും മലയാളിക്ക് മറക്കാനാകാത്ത സിനിമയാണ്. ഇന്ത്യയിലെ ആദ്യ ത്രീ ഡി സിനിമായായെത്തിയ മൈഡിയര്‍ കുട്ടിച്ചാത്തന്‍ പ്രേക്ഷകര്‍ക്ക് ഗംഭീര ദൃശ്യവിരുന്നായിരുന്നു ഒരുക്കിയത്. ഇപ്പോഴി സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് രഘുനാഥ് പലേരി.

‘മൈ ഡിയര്‍ കുട്ടിച്ചാത്ത’ന്റെ പ്രാരംഭ ചര്‍ച്ചകള്‍ എനിക്കും ജിജോക്കും ഇടയില്‍ നേരത്തെ തുടങ്ങിയിരുന്നു. അന്ന് പത്മരാജനെക്കൊണ്ട് തിരക്കഥ എഴുതിക്കാനും ഇളയരാജ സംഗീതം ചെയ്യാനും അശോക് കുമാര്‍ ഫോട്ടോഗ്രഫി ചെയ്യാനുമുള്ള ആഗ്രഹം ഞാനും പറഞ്ഞു. പത്മരാജന്‍ എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരനാണ്. ചിരിക്കുമ്പോള്‍ കണ്ണുകള്‍ തിളങ്ങുന്ന സ്‌നേഹത്തിന്റെ ഭാഷ അറിയാവുന്ന ഒരാള്‍.

അദ്ദേഹം ആ സിനിമയ്ക്ക് എഴുതിത്തുടങ്ങി. പക്ഷേ, പെട്ടെന്നുതന്നെ പിന്മാറി. പിന്നെ പതിമൂന്നുപേരെക്കൊണ്ട് ജിജോ എഴുതിച്ചു. ഓരോരോ ഘട്ടത്തില്‍ അവരെല്ലാം മാഞ്ഞു. അതിന്റെ കാരണങ്ങള്‍ എനിക്കറിയില്ല. പിന്നെ ജിജോ എന്റെയടുത്ത് വന്നു. ജിജോ എന്ന സംവിധായകന്റെ മനസിലുണ്ടായ ഒരാശയത്തില്‍ നിന്നാണ് കുട്ടിച്ചാത്തന്‍ ഉണ്ടാകുന്നത്. ഞാനതിന്റെ ഭാഗമായി എന്നുമാത്രം,’ രഘുനാഥ് പലേരി പറയുന്നു.

അത് തിരിച്ചറിയുമ്പോള്‍ എനിക്കുണ്ടാവുന്ന ഒരു ശൂന്യതയിലാണ് താന്‍ നില്‍ക്കുന്നതെന്നും ആ ശൂന്യത്യയുടെ ഗുണം എന്താണെന്നുവച്ചാല്‍ അത് വിശാല വ്യാപ്തിയുള്ള ഒരു സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമ തന്നിലൂടെയാണ് ഉണ്ടായതെന്ന് താന്‍ വിചാരിച്ചാല്‍ അവിടെ താന്‍ ചുരുങ്ങുമെന്നും ആ തോന്നല്‍ തനിക്കില്ലെന്നും രഘുനാഥ് പലേരി കൂട്ടിച്ചേര്‍ത്തു.

തിരക്കഥയിലും സംവിധാനത്തിലും തിളങ്ങിയ രഘുനാഥ് പലേരി ഇപ്പോള്‍ അഭിനയത്തിലും സജീവമാകുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, ,സര്‍വ്വം മായ എന്നീ സിനിമകളില്‍ അദ്ദേഹം, ശ്രദ്ധേയമായ വേഷം ചെയ്തു.

 

Content Highlight:  Raghunath Paleri shares memories of the movie My Dear Kuttichathan

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.