ന്യൂദൽഹി: ആം ആദ്മി പാർട്ടിവിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ രാജ്യസഭാ എം.പി രാഘവ് ഛദ്ദയ്ക്ക് 24 മണിക്കൂറുകൊണ്ട് നഷ്ടമായത് 10 ലക്ഷം ഫോളോവെഴ്‌സ്.
14.6 ദശലക്ഷം ഉണ്ടായിരുന്ന ഇൻസ്റ്റാഗ്രാം ഫോളോവെഴ്‌സ് ആണ് ഒറ്റദിവസം കൊണ്ട് 13.5 ദക്ഷലക്ഷമായി കുറഞ്ഞത്. ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ, ട്രാഫിക് കുരുക്കുകൾ, വിലക്കയറ്റം തുടങ്ങിയ ദൈനംദിന വിഷയങ്ങളിലെ രാഘവ് ഛദ്ദയുടെ പാർലമെന്റ് ഇടപെടലുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരം വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ചതിലൂടെ വലിയ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
എന്നാൽ ബി.ജെ.പി പാളയത്തെത്തിയതോടെ യുവ തലമുറയടക്കം രാഘവ് ഛദ്ദയെ കൈവിട്ട മട്ടാണ്. ഇപ്പോൾ അദ്ദേഹം മുൻപ് ബി.ജെ.പി സർക്കാരിനെതിരെ സംസാരിച്ചിരുന്ന വീഡിയോ ദൃശ്യങ്ങളും വൈറലാണ്. ഇത്തരം ദൃശ്യങ്ങൾ ബി.ജെ.പി നേതാക്കളെയും വെട്ടിലാക്കിയിട്ടുണ്ട്.
രാഘവ് ഛദ്ദയടക്കം ഏഴ് രാജ്യസഭാ അംഗങ്ങളാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയിരിക്കുന്നത്. ഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് രാജ്യസഭാ അധ്യക്ഷന് കത്ത് നൽകിയിട്ടുണ്ട്.
രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തൽ, ഹർഭജൻ സിങ്, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൽ എന്നിവരാണ് ഇന്നലെ ബി.ജെ.പിയിലേക്ക് ചുവടുമാറ്റിയ ആം ആദ്മി നേതാക്കൾ
Content Highlight: Raghav Chadha loses 1 million followers in 24 hours after switching to BJP