റഫാ അതിര്‍ത്തി അടുത്തയാഴ്ച്ച തുറക്കും; പ്രഖ്യാപനവുമായി ഫലസ്തീന്‍ നേതാവ്, പ്രതികരിക്കാതെ ഇസ്രഈല്‍
World
റഫാ അതിര്‍ത്തി അടുത്തയാഴ്ച്ച തുറക്കും; പ്രഖ്യാപനവുമായി ഫലസ്തീന്‍ നേതാവ്, പ്രതികരിക്കാതെ ഇസ്രഈല്‍
നിഷാന. വി.വി
Friday, 23rd January 2026, 1:09 pm

ടെല്‍അവീവ്: ഇസ്രഈല്‍ വംശഹത്യയെ തുടര്‍ന്ന് പൂര്‍ണമായി അടച്ചിട്ടിരുന്ന ഗസയുടെ ഈജിപ്ത് അതിര്‍ത്തിയായ റഫ അടുത്തയാഴ്ച്ച തുറക്കുമെന്ന പ്രഖ്യാപനവുമായി നിയുക്ത ഗസ നേതാവ് അലി ശഅഥ്.

ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായിള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു വീഡിയോ ലിങ്ക് വഴിയുള്ള ശഅഥിന്റെ പ്രഖ്യാപനം.

‘റഫ അതിര്‍ത്തി ഇരു ദിശകളിലേക്കും അടുത്തയാഴ്ച്ച തുറക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഗസയിലെ ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം റഫ ഒരു കവാടം മാത്രമല്ല മറിച്ച് ഒരു ജീവനാഡിയും അവസരങ്ങളുടെ പ്രതീകവുമാണ്,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ ഇസ്രഈല്‍ പ്രതികരിച്ചിട്ടില്ല.

2024 മുതല്‍ ഭക്ഷണവും മരുന്നും പോലും പ്രവേശിപ്പിക്കാതെ ഇസ്രഈല്‍ റഫ അതിര്‍ത്തി അടച്ചിട്ടിരിക്കുകയായിരുന്നു.

ഗസയില്‍ നിന്ന് ഈജിപ്തിലേക്ക് പോകുന്നവര്‍ക്ക് മാത്രം റഫ തുറക്കുമെന്നുളള ഇസ്രഈലിന്റെ നയം നിലനില്‍ക്കെയാണ് പുതിയ പ്രഖ്യാപനം.

ഗസയിലെ അധികാര കൈമാറ്റത്തിന് നേതൃത്വം വഹിക്കുന്നതിനായി ഓള്‍ ഫലസ്തീന്‍ ടെക്‌നോക്രാറ്റ് കമ്മിറ്റിയിലെ 15 അംഗങ്ങളെ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു.

ഫലസ്തീന്‍ അതോറിറ്റി മുന്‍ ഉപമന്ത്രി അലി ശഅഥ് ആണ് മുഖ്യ ചുമതലയില്‍ എത്തുക. പ്രഖ്യാപനം ഹമാസ് സ്വാഗതം ചെയ്തിരുന്നു.

അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ പരിഹരിക്കാനെന്ന പേരിലുള്ള ബോര്‍ഡ് ഓഫ് പീസിന്
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദവോസില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചാര്‍ട്ടറില്‍ ട്രംപ് ഒപ്പുവച്ചിരുന്നു.

ഇസ്രഈല്‍, സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ജോര്‍ദാന്‍, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ മിഡില്‍ ഈസ്റ്റ് സഖ്യകക്ഷികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നാറ്റോ അംഗങ്ങളായ തുര്‍ക്കിയെയും ഹംഗറിയും പങ്കുചേരുമെന്നറിയിച്ചിരുന്നു

അര്‍ജന്റീന, അര്‍മേനിയ, അസര്‍ബൈജാന്‍, ബെലാറസ് മൊറോക്കോ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, കൊസോവോ, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, പരാഗ്വേ, വിയറ്റ്‌നാം എന്നിവയും അംഗത്വം അംഗീകരിച്ചു.

Content Highlight: Rafah border to open next week; Palestinian leader announces, Israel does not respond

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.